ബെംഗളൂരുവിൽ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം അതിന്റെ ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. ഇന്ത്യ ആദ്യ ഇന്നിങ്സിൽ വെറും 46 റൺസിന് കൂടാരം കയറിയപ്പോൾ ന്യൂസിലാൻഡ് 402 റൺസിന്റെ വമ്പൻ മറുപടിയാണ് തിരിച്ചു തന്നത്. എന്നാൽ ന്യൂസിലാൻഡിന്റെ 356 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് പ്രതിരോധിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി മുൻ നിര ബാറ്റർമാരിൽ കെ എൽ രാഹുൽ ഒഴികെയുള്ളവരെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു.
150 റൺസെടുത്ത സർഫറാസ് ഖാന്റെയും സെഞ്ച്വറിക്ക് ഒരു റൺസകലെ പുറത്തായ റിഷഭ് പന്തിന്റെയും കരുത്തിൽ രണ്ടാം ഇന്നിങ്സിൽ 462 റൺസ് നേടാൻ ഇന്ത്യയ്ക്കായി. വിരാട് കോഹ്ലി (70), രോഹിത് ശര്‍മ(52), യശസ്വി ജയ്‌സ്വാള്‍ (35) എന്നിവരും ഇന്ത്യന്‍ സ്‌കോറിലേക്ക് മികച്ച സംഭാവനകൾ നല്‍കിയിരുന്നു. ഇതോടെ രണ്ടാം ഇന്നിങ്സിൽ ന്യൂസിലാൻഡ് വിജയലക്ഷ്യം 107 റൺസായി. നാലാം ദിവസത്തിന്റെ അവസാന മണിക്കൂറിൽ ന്യൂസിലാൻഡ് ഓപ്പണർമാർ രണ്ടാം ഇന്നിങ്‌സിനായി മൈതാനത്തിറങ്ങിയെങ്കിലും മഴ കാരണം നിർത്തിവെച്ചു. നാളെ അഞ്ചാം ദിവസത്തിനായി ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുമ്പോൾ ന്യൂസിലാൻഡിന്റെ കൈകളിൽ പത്ത് വിക്കറ്റും ബാക്കിയുണ്ട്.
ഈ സമയത്ത് സ്വാഭാവികമായി ഉയരുന്ന ചോദ്യമാണ് ഇന്ത്യയ്ക്ക് 107 റൺസ് കൊണ്ട് കിവികളെ പ്രതിരോധിക്കാനാകുമോ എന്ന്? ചരിത്രത്തിലെയും സാധ്യതകളിലെയും കണക്കുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
താരതമ്യേന അനായാസം ന്യൂസിലാൻഡ് ബാറ്റിങ് നിരയ്ക്ക് ഭേദിക്കാവുന്ന സ്കോർ തന്നെയാണ് ഇത്. ആദ്യ ഇന്നിങ്സിൽ രച്ചിൻ രവീന്ദ്ര അടക്കമുള്ളവർ മികച്ച രീതിയിൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാറ്റ് വീശുകയും ചെയ്തിരുന്നു. എന്നിരുന്നാൽ പോലും ഇന്ത്യയുടെ മുന്നിൽ സാധ്യത പൂർണ്ണമായി അടഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ പറയുന്നത്.
സ്പിന്നർമാർക്ക് കൂടുതൽ പിന്തുണ നൽകുന്ന പിച്ചിൽ രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവരടങ്ങിയ സ്പിൻ ത്രയത്തിന്റെ എക്സ്ട്രാ കരുത്ത് ആതിഥേയർക്കുണ്ട്. ഏത് പ്രതികൂല സാഹചര്യങ്ങളിലും വിക്കറ്റ് വീഴ്ത്താൻ കഴിവുള്ള ബുംറ പോലെയുള്ള താരങ്ങളും ടീമിലുണ്ട്. സാഹചര്യത്തിനൊത്തുയർന്ന് പന്തെറിയാൻ കെൽപ്പുള്ള താരം തന്നെയാണ് സിറാജും. ഇരുവരും ഡസൻ കണക്കിന് സന്ദർഭങ്ങളിൽ അത് തെളിയിച്ചിട്ടുള്ളതുമാണ്. ഒന്നാം ഇന്നിങ്സിലുണ്ടായ ബൗളിങ് അപാകതകള്‍ മറികടക്കാനായാല്‍ ഇന്ത്യയുടെ വിജയം വിദൂരമാകില്ല. ഈ അനുകൂല ഘടകങ്ങൾക്ക് പുറമെ ചരിത്രത്തിലെ ഉദാഹരണങ്ങളും ഇന്ത്യയുടെ പ്രതീക്ഷയായി കൂട്ടിനുണ്ട്.
2004ൽ വാങ്കഡെയിൽ ഓസ്‌ട്രേലിയയുമായി നടന്ന ടെസ്റ്റ് മത്സരമാണ് അതിനൊരു ഉദാഹരണം. ആദ്യ ഇന്നിങ്സിൽ 104 ന് പുറത്തായിരുന്നു അന്ന് ഇന്ത്യ. 31 റൺസ് നേടിയ രാഹുൽ ദ്രാവിഡ് മാത്രമാണ് ഇന്ത്യൻ നിരയിൽ അന്ന് പിടിച്ചുനിന്നത്. മറുപടി ഇന്നിങ്സിൽ ഓസ്‌ട്രേലിയയുടെ പക്ഷേ സ്കോർ 203 ൽ ഒതുങ്ങി. അനിൽ കുംബ്ലെയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഒന്നാം ഇന്നിങ്സിൽ നിർണ്ണയാകമായത്. നാല് വിക്കറ്റുമായി മുരളി കാർത്തിക്കിന്റെ പ്രകടനവും ഇന്ത്യയ്ക്ക് കരുത്തായി മാറി.
രണ്ടാം ഇന്നിങ്സിൽ ലക്ഷ്മണന്റെയും സച്ചിൻ ടെണ്ടുൽക്കറിന്റെയും അർധ ശതകത്തിന്റെ കരുത്തിൽ ഇന്ത്യ 205 റൺസ് നേടി. ഇതോടെ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സ് വിജയ ലക്ഷ്യം 107 റൺസായി. എന്നാൽ ഹർഭജന്റെ അഞ്ചുവിക്കറ്റ് നേട്ടത്തിലും മുരളി കാർത്തിക്കിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിലും വെറും 30 ഓവറിൽ 93 റൺസിന് ഇന്ത്യ ഓസ്‌ട്രേലിയയെ ഓൾ ഔട്ടാക്കി. ഫലമോ ഇന്നിങ്‌സ് തോൽവിയെന്ന് ആരാധകർ കരുതിയിടത്ത് നിന്നും ഇന്ത്യയ്ക്ക് 13 റൺസിന്റെ വിജയം. അതുകൊണ്ട് തന്നെ കളിയിൽ എന്ത് അത്ഭുതവും സംഭവിക്കാം എന്ന പ്രതീക്ഷയിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഒരു ദിവസം കൂടെ കാത്തിരിക്കാം.
Content Highlights: can india defend 107 runs against new zeland, history says