പത്ത് മത്സരങ്ങളിലെ തോൽവിയുമായി ലോകകപ്പിനെത്തി; മടക്കം ആദ്യ ലോകകിരീടം സ്വന്തമാക്കി

15 വിക്കറ്റുകളുമായി അമേലിയ കേർ വനിത ട്വന്റി 20 ലോകകപ്പിന്റെ ഒരു പതിപ്പിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരിയായി

dot image

വനിത ട്വന്റി 20 ലോകകപ്പിന് ന്യൂസിലാൻഡ് എത്തുന്നത് ആദ്യ റൗണ്ടിൽ തന്നെ തോറ്റുമടങ്ങിയേക്കാവുന്ന ടീമായാണ്. കിരീടം നേടാൻ സാധ്യതയുള്ളവരുടെ പട്ടികയിലേക്ക് ക്രിക്കറ്റ് ലോകത്താരും കിവീസിനെ പരി​ഗണിച്ചിരുന്നില്ല. 10 മത്സരങ്ങളിൽ തുടർച്ചായി പരാജയം നേരിട്ട ടീം. ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ ന്യൂസിലാൻഡിന് ആ നാണക്കേടിൽ നിന്ന് രക്ഷപെടണമായിരുന്നു. ഹർമൻപ്രീത് കൗറിന്റെ ഇന്ത്യൻ ടീമായിരുന്നു ആദ്യ മത്സരത്തിലെ എതിരാളികൾ. ക്യാപ്റ്റൻ സോഫിയ ഡിവൈൻ മുന്നിൽ നിന്ന് നയിച്ചു. 36 പന്തിൽ 57 റൺസുമായി പുറത്താകാതെ നിന്ന ഡിവൈൻ ന്യൂസിലാൻഡിനെ നാലിന് 160 എന്ന സ്കോറിലെത്തിച്ചു. പിന്നാലെ ഇന്ത്യയെ 102 റൺസിൽ ഓൾ ഔട്ടാക്കി റോസ്മേരി മെയ്റിന്റെ നാല് വിക്കറ്റ് പ്രകടനം.

രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയോട് 60 റൺസിന്റെ തോൽവി. അമേലിയ കേറിന്റെ ഓൾ റൗണ്ട് പ്രകടനം മാത്രമാണ് കിവീസ് നിരയ്ക്ക് എടുത്ത് പറയാനുള്ളത്. നാല് വിക്കറ്റും 29 റൺസും അമേലിയ സംഭാവന ചെയ്തു. ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലാൻഡിന്റെ തിരിച്ചുവരവ്. അർധ സെഞ്ച്വറിയുമായി ജോർജിയ പിൽമെർ തിളങ്ങി. നിർണായകമായ അവസാന ​ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താൻ വനിതകൾ നിരുപാധികം കിവീസ് നിരയ്ക്ക് മുന്നിൽ കീഴടങ്ങി. 111 റൺസിന്റെ വിജയലക്ഷ്യത്തിന് മുന്നിൽ 56 റൺസ് മാത്രമെ പാകിസ്താൻ വനിതകൾ സ്കോർ ചെയ്തുള്ളു.

സെമിയിലെ ആവേശപ്പോരിൽ വെസ്റ്റ് ഇൻഡീസിനെ എട്ട് റൺസിന് തോൽപ്പിച്ചാണ് സോഫിയ ഡിവൈന്റെ പെൺപട കലാശപ്പോരിന് യോ​ഗ്യത നേടിയത്. ​ഗ്രൂപ്പ് ഘട്ടത്തിൽ ഇം​ഗ്ലണ്ടിനോട് മാത്രം പരാജയപ്പെട്ട് കലാശപ്പോരിനെത്തിയ ദക്ഷിണാഫ്രിക്കയാണ് ഫൈനലിൽ ന്യൂസിലാൻഡിന് എതിരാളികളായത്. ഐസിസി ചാംപ്യൻഷിപ്പുകളുടെ ഫൈനലിൽ വീഴുകയെന്ന ചരിത്രം ദക്ഷിണാഫ്രിക്ക വീണ്ടും ആവർത്തിച്ചപ്പോൾ വനിത ലോകകപ്പിൽ മൂന്നാമതൊരു ചാംപ്യനുണ്ടായി. ആറ് തവണ ഓസ്ട്രേലിയയും ഓരോ തവണ വീതം ഇം​ഗ്ലണ്ടും വെസ്റ്റ് ഇൻഡീസും ട്വന്റി 20 ലോകകിരീടം സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ ഒമ്പതാം പതിപ്പിൽ കറുത്ത പക്ഷികൾ ലോകിരീടം ഉയർത്തി. 15 വിക്കറ്റുകളുമായി അമേലിയ കേർ വനിത ട്വന്റി 20 ലോകകപ്പിന്റെ ഒരു പതിപ്പിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരിയായി.

Content Highlights: New Zealand women lifting t20 world cup after 10 consecutive defeats before arrival

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us