പന്ത് തട്ടി നൈജീരിയൻ ആഭ്യന്തരയുദ്ധം നിർത്തിവെപ്പിച്ച മാന്ത്രികൻ; കളിയ്ക്കൊപ്പം കാണികളെ കൂടി ജയിച്ച പെലെ

നൈജീരിയയിൽ പരസ്പരം പോരാടിച്ചു നിൽക്കുന്ന ഇരുപക്ഷവും അന്ന് യുദ്ധം നിർത്തി വെച്ചു, മെക്സിക്കോയിൽ പെലെയുടെ കളി കാണാൻ വേണ്ടി ഫാക്ടറി തൊഴിലാളികൾ പണി മുടക്കി സമരം ചെയ്തു.

dot image

ജീവിച്ചിരുന്നുവെങ്കിൽ ഇന്നേക്ക് 84 വയസ്സ് തികയുമായിരുന്നു പെലെയ്ക്ക്. 2022 ഡിസംബർ 30 ൽ 82-ാം വയസ്സിലാണ് ജീവിതത്തിന്റെ ജഴ്‌സി ഊരി പെലെ ഈ കുഞ്ഞു ഗോളത്തിൽ നിന്നും യാത്രയാകുന്നത്. അതിനും നാലര പതിറ്റാണ്ടിന് മുമ്പാണ് പെലെ തന്റെ ജീവിതത്തിൽ നിന്നും ഫുട്ബോൾ ജഴ്‌സി ഊരി മാറ്റുന്നത്. അതിനിടയിൽ പുഷ്കാസും ക്രൈഫും മറഡോണയും സിദാനും മെസ്സിയും റൊണാൾഡോയും മാറി മാറി പന്ത് കൊണ്ട് കാലങ്ങളെയും ആ കാലങ്ങളിലെ മനുഷ്യരെയും ഭരിച്ചു. എന്നിട്ടും എല്ലാ കാലത്തും വാഴ്ത്തപ്പെട്ടവനായി അയാൾ മാത്രം അതിജീവിച്ചു. അയാളെ അമാനുഷികനെന്ന് വിളിക്കപ്പെട്ടു. ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയവനെന്ന് അയാൾക്ക് പേര് വെക്കപ്പെട്ടു.

ജീവിച്ചിരുന്നുവെങ്കിൽ ഇന്നേക്ക് 84 വയസ്സ് തികയുമായിരുന്നു പെലെയ്ക്ക്.

പക്ഷെ അയാൾ അമാനുഷികനായിരുന്നോ? അല്ല, ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തി അയാളെ ദൈവ തുല്യനാക്കാൻ വയ്യ. അയാൾ മനുഷ്യൻ മാത്രമായിരുന്നു. പട്ടിണി കിടന്ന് മടുത്ത് ഭക്ഷണം മോഷ്ടിച്ചോടിയാണ് അയാളുടെ കാലിന് പതം വന്നത്. ആ കാല് കൊണ്ടാണ് 1958 ൽ തന്റെ 17 -ാം വയസ്സിൽ സ്വീഡനിലും 1966 ൽ ചിലിയിലും 1970 ൽ മെക്സിക്കോയിലും അയാൾ ലോകകപ്പ് കിരീടം ഉയർത്തിയത്. മനുഷ്യരാശിയുടെ തന്നെ ചരിത്രത്തിൽ അദ്ധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും അടയാളപ്പെടുത്തലിനെ ദൈവമെന്ന് ചുരുക്കുന്നതെന്തിന്?, ദി ബ്യൂട്ടിഫുൾ ഗെയിമെന്ന് ഫുട്‍ബോളിനെ പാടി പറയിപ്പിച്ച, കളി ജയിക്കുന്നതോടൊപ്പം കാണികളെ കൂടി ജയിക്കുന്ന സൗന്ദര്യ പരിപാടിയുടെ ആദ്യ ഔദ്യോഗിക ഉസ്താദായിരുന്നു പെലെ.

കളി ജയിക്കുന്നതോടൊപ്പം കാണികളെ കൂടി ജയിക്കുന്ന സൗന്ദര്യ പരിപാടിയുടെ ആദ്യ ഔദ്യോഗിക ഉസ്താദായിരുന്നു പെലെ.

പെലെ വന്നതിന് ശേഷമാണ് ഫുട്‍ബോൾ ശരിക്കും ഫുട്‍ബോളായത്. അത് വരെ യൂറോപ്യൻസ് ലോകമെങ്ങും തങ്ങൾ നടത്തുന്ന അധികാര കൈയ്യടക്കലിന്റെ ആക്രമണ സ്വാഭാവമായിരുന്നു അതിനുണ്ടായിരുന്നത്. ഗോൾ പോസ്റ്റിന് തൊട്ടടുത്തിയാലും വലത്തേക്കോ ഇടത്തേക്കോ ബാക്കിലേക്കോ ഇനിയുമൊരു പാസ് സാധ്യമാണെന്ന് കണ്ടെത്തിയത് പെലെയാണ്. അത് വരെ ഫുട്‍ബോളെന്നാൽ എതിർ ടീമിന്റെ വല കുലുക്കലായിരുന്നു. എന്നാൽ പെലെ വല കുലുക്കുന്നതോടപ്പം കാണികളുടെ ഹൃദയവും കുലുക്കി. അങ്ങനെയാണ് ഫുട്‍ബോൾ എന്ന കളി വികാരമുള്ള ജീവിയാകുന്നത്. ഫുട്‍ബോളിൽ സംഭവിച്ച ഏറ്റവും വലിയ പരിണാമം അതായിരുന്നു, ആ പരിണാമത്തിന്റെ ഉപജ്ഞാതാവായിരുന്നു പെലെ. അവിടെ മുതൽ കളി കൊണ്ട് കാണികളെ ജയിച്ചവർ അതിജീവിച്ചു, അല്ലാത്തവർ വംശനാശത്തിൽ പെട്ടു മരിച്ചു.

പെലെ വല കുലുക്കുന്നതോടപ്പം കാണികളുടെ ഹൃദയവും കുലുക്കി

പന്ത് കൊണ്ട് പെലെ ഒരു യുദ്ധം വരെ നിർത്തിച്ച ചരിത്രമുണ്ട്. 1963 ലായിരുന്നു സംഭവം. നൈജീരിയ - ബിയാഫ്ര ആഭ്യന്തരയുദ്ധം നടക്കുകയാണ്. പരസ്പരം പോരാടിച്ചു നിൽക്കുന്ന ഇരുപക്ഷവും അന്ന് 48 മണിക്കൂർ യുദ്ധം നിർത്തി വെച്ചു. കാരണം അന്ന് നൈജീരിയയിലെ പട്ടണമായ ലാഗോസിൽ പെലെയുടെ കാൽ പന്താട്ടമുണ്ടായിരുന്നു. അന്ന് പെലെയുടെ മാജിക്ക് മിസ്റ്റിക്കിന് മുന്നിൽ സമാധാന പറവകളായി ഇരുകൂട്ടരും അച്ചടക്കത്തോടെ കളി കണ്ടു. മെക്സിക്കോയിൽ ഫാക്ടറി തൊഴിലാളികൾ പണി മുടക്കി സമരം ചെയ്തത് മറ്റൊരു ചരിത്രം. 1970 ൽ പെലെ ഫുട്‍ബോൾ കളിക്കാൻ മെക്സിക്കൻ തലസ്ഥാനത്തിയപ്പോഴായിരുന്നു, അത്. അന്ന് മെക്സിക്കോയുടെ തെരുവിൽ മുഴുവൻ പെലെ നിറഞ്ഞു. അന്നേ ദിവസം പണിയെടുക്കില്ലെന്ന് ഫാക്ടറി ഉടമകളോട് കട്ടായം പറഞ്ഞു. ഒഴിവ് ദിനമില്ലാതെ പതിനാറ് മണിക്കൂർ വരെ ജോലി ചെയ്തിരുന്ന അന്നത്തെ തൊഴിലാളികൾ വർഗ ബോധത്തോടെ ഒരുമിച്ച് നിന്ന അപൂർവ്വ സന്ദർഭം കൂടിയായിരുന്നുവത്.

പന്ത് കൊണ്ട് പെലെ ഒരു യുദ്ധം വരെ നിർത്തിച്ച ചരിത്രമുണ്ട്.

കറുത്ത വർഗക്കാർ തങ്ങളുടെ വിമോചനത്തിന്റെ പ്രവാചകനായി അയാളെ കാണുമ്പോൾ തന്നെ അയാൾ വർണ്ണത്തിനും വർഗത്തിനും ഭാഷയ്ക്കും നിറത്തിനുമപ്പുറം പ്രവർത്തിച്ചത് ഇപ്രകാരമായിരുന്നു. പെലെ ഒരു വർഗത്തിന്റെയും ഒരുവർണത്തിന്റെയും കളിക്കാരനായിരുന്നില്ല. അയാൾ ബ്രസീലിലും യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ ഒരു പോലെ ഇതിഹാസമായിരുന്നു. അയാൾ സാവോ പോളോയിലും ലാഗോസിലും ഈഡനിലും ഒരുപോലെ വിസ്മയിപ്പിച്ചു. ഫുട്‍ബോളിനെ ജോഗോബോണിറ്റോയാക്കിയ അതിനെ എല്ലാ അസ്വാതന്ത്രങ്ങളിൽ നിന്നും മോചിപ്പിച്ച കാൽപ്പന്തുകളിയിലെ മാന്ത്രികന് പിറന്നാൾ ദിനത്തിൽ സ്മരണകൾ.

Content Highlights: A tribute to Football legend Pele

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us