2024 ഫെബ്രുവരി 29.
അന്നാണ് ഓസ്ട്രേലിയും ന്യൂസിലാൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് തുടക്കമായത്. അന്ന്
ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ ഒരു അപൂർവ്വ റെക്കോർഡ് പിറന്നു. 15 വർഷത്തിന് ശേഷം ഒരു ന്യൂസിലാൻഡ് സ്പിന്നർ സ്വന്തം മണ്ണിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. അയാൾ ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറല്ല, മറിച്ച് ഒരു വിക്കറ്റ് കീപ്പറാണ് എന്നതായിരുന്നു ആ നേട്ടത്തിലെ പ്രധാന ആകർഷണം. ഇന്ന് സ്പിന്നിനെ തുണയ്ക്കുന്ന ഏഷ്യൻ പിച്ചുകളിൽ ന്യൂസിലാൻഡിനായി നിർണായക വിക്കറ്റുകൾ എടുക്കുന്നതും അയാൾ തന്നെ. അതിനു ശേഷം, ന്യൂസിലാൻഡിന്റെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ അയാൾ നേടിയത് അഞ്ച് വിക്കറ്റുകൾ. ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ നന്നായി കളിച്ചുകൊണ്ടിരുന്ന വിരാട് കോഹ്‍ലിയെ വീഴ്ത്തിയ താരം. ഏത് റോളിലും ഇണങ്ങുന്ന ഗ്ലെൻ ഫിലിപ്സ്..
ബാറ്റുകൊണ്ട് പവർ ഹിറ്ററാണ് ഫിലിപ്സ്. മധ്യനിരയിൽ ബാറ്റിങ്ങിനെത്തും. കഴിയാവുന്ന സ്കോർ അതിവേഗത്തിൽ അടിച്ചെടുക്കും. 2022ലെ ടി20 ലോകകപ്പിലാണ് ഫിലിപ്സിന്റെ വിസ്ഫോടന ബാറ്റിങ് ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചത്. ശ്രീലങ്കയ്ക്കെതിരായ ഒരു മത്സരം. ഗ്ലെൻ ഫിലിപ്സ് ഒറ്റയ്ക്ക് അടിച്ചെടുത്തത് 64 പന്തിൽ 104 റൺസ്. മറ്റ് 19 ബാറ്റർമാർ രണ്ട് ഇന്നിംഗ്സിലുമായി നേടിയത് 149 റൺസ്. ഈ ഒരൊറ്റ ഇന്നിംഗ്സ് ഫിലിപ്സിന്റെ കഴിവ് വ്യക്തമാക്കുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സിന്റെ താരമായിരുന്നു ഗ്ലെൻ ഫിലിപ്സ്. കഴിഞ്ഞ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞില്ല. ഒരു ടീമിന്റെ പ്ലെയിങ് ഇലവനിൽ പരമാവധി നാല് വിദേശ താരങ്ങൾ എന്നതാണ് ഐപിഎല്ലിന്റെ നിയമം. സൺറൈസേഴ്സ് നിരയിൽ ഒഴിവാക്കാൻ കഴിയാതിരുന്നതും വിദേശ താരങ്ങളെ ആയിരുന്നു. ക്യാപ്റ്റൻ പാറ്റ് കമ്മിന്സിനും വിക്കറ്റ് കീപ്പർ ഹെൻറിച്ച് ക്ലാസനും ഓപ്പണർ ട്രാവിസ് ഹെഡിനും സ്ഥാനം ഉറപ്പായിരുന്നു. ഫിലിപ്സിന് അടിയായി മാറിയതും ഇതേ നിയമമായിരുന്നു.
ഒരുപക്ഷേ, അടുത്ത സീസണിൽ അവർ നിലനിർത്തിയില്ലെങ്കിൽ മറ്റു ടീമുകൾ റാഞ്ചാൻ കാത്തിരിക്കുന്ന താരങ്ങളിലൊരാൾ കൂടിയാണ് ഫിലിപ്സ്. ഈ ടെസ്റ്റിൽ ഇതിനകം അയാൾ രണ്ട് വിക്കറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. ന്യൂസിലാൻഡിനെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂട്ടാൻ കഴിയാത്ത താരമായി അയാൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.
ഫിലിപ്സ് തിളങ്ങുകയാണ്.
Conent Highlights: Glenn Philips Scintillating as off spinner turned wicket keeper