മിസ് യു ദ്രാവിഡ്; അ​ഗ്രസീവ് അപ്രോച്ച് കൊണ്ട് മാത്രം മത്സരങ്ങൾ ജയിക്കില്ലെന്ന് തെളിയുന്ന പുതുകാഴ്ചകൾ

പ്രതിരോധ ക്രിക്കറ്റ് താരം എന്ന വിമർശനങ്ങൾ നേരിട്ട ദ്രാവിഡ് ട്വന്റി 20യുടെ വെടിക്കെട്ട് മാത്രം അറിയാവുന്ന താരങ്ങളെ മികച്ച ബാറ്റർമാരാക്കി മാറ്റിയിരുന്നു.

dot image

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യൻ ബാറ്റിങ് നിര താളം കണ്ടെത്താനാകാതെ വിഷമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സിൽ വെറും 46 റൺസിലാണ് ഇന്ത്യ ഓൾ ഔട്ടായത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിം​ഗ്സിൽ ന്യൂസിലാൻഡിന്റെ 259 റൺസിന് മറുപടി പറയവേ ഇന്ത്യൻ സംഘം വെറും 156 റൺസിൽ ഓൾ ഔട്ടായി. സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യൻ പിച്ചിൽ കിവീസ് ബാറ്റർമാർ മോശമല്ലാത്ത പ്രകടനം കാഴ്ചവെയ്ക്കുന്നു. ഈ സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ ഒരു ചോദ്യം ഉയർന്നിരിക്കാൻ സാധ്യത ഏറെയാണ്. രാഹുൽ ദ്രാവിഡ് ഉണ്ടായിരുന്നെങ്കിൽ!

ട്വന്റി 20 ലോകകപ്പിന് പിന്നാലെയാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. പിന്നാലെ ​രാഹുൽ ദ്രാവിഡിന്റെ സഹതാരം കൂടിയായിരുന്ന ​ഗൗതം ​ഗംഭീർ പരിശീലക സ്ഥാനമേറ്റെടുത്തു. പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വന്റി 20 ക്രിക്കറ്റിന്റെ അ​ഗ്രസീവ് അപ്രോച്ച് ആണ് കഴിഞ്ഞ മത്സരങ്ങളിൽ കാഴ്ചവെച്ചത്. 100 റൺസിൽ ഓൾ ഔട്ടായാലും കുഴപ്പമില്ല. പരമാവധി വേ​ഗത്തിൽ റൺസ് കണ്ടെത്താൻ സാധിക്കണം. ​എന്നാൽ ​ഗംഭീറിന്റെയും ടീമിന്റെയും ഈ നിലപാട് ഇന്ത്യയെ പിന്നോട്ട് വലിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

ഗംഭീറിന്റെ നിലപാട് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്ക് കടക്കാനിരിക്കെ ഇന്ത്യയ്ക്ക് തിരിച്ചടിയാകുകയാണ്. ബൗളർമാർക്ക് അനുകൂലമാകുന്ന വിക്കറ്റുകളിൽ ഇന്ത്യൻ ബാറ്റർമാർ അതിവേ​ഗം വിക്കറ്റുകൾ നഷ്ടപ്പെടുത്തുകയാണ്. ഒരുപക്ഷേ 12 വർഷത്തിന് ശേഷം സ്വന്തം നാട്ടിൽ ഇന്ത്യ ടെസ്റ്റ് പരമ്പര കൈവിടുന്നതിന്റെ അരികിലാണ്.

ടെസ്റ്റ് ക്രിക്കറ്റ് അതിന്റെ പൂർണതയിൽ കളിച്ച് തീർത്ത താരമാണ് രാഹുൽ ദ്രാവിഡ്. പലപ്പോഴും പ്രതിരോധ ക്രിക്കറ്റർ എന്ന പേരുദോഷം കേട്ടു. ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകനായത് പലരുടെയും വിമർശനത്തിന് ഇടയാക്കി. എന്നാൽ രാഹുൽ ദ്രാവിഡിന്റെ കീഴിൽ ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഇന്ത്യൻ ജൂനിയർ ടീമിന്റെ പരിശീലകനായാണ് കോച്ചിങ് രം​ഗത്തേക്കുള്ള ദ്രാവിഡിന്റെ ആദ്യ വരവ്. പൃഥി ഷാ, ശുഭ്മൻ ഗിൽ, സഞ്ജു സാംസൺ, റിഷഭ് പന്ത്, ഹനുമ വിഹാരി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവരെല്ലാം ഭാവിയുടെ താരങ്ങൾ എന്നറിയപ്പെട്ട ഒരു സമയമുണ്ടായിരുന്നു. കരിയറിലെ നിർണായക പ്രകടനങ്ങൾക്ക് ഇവരെല്ലാം നന്ദി പറഞ്ഞത് ഇന്ത്യൻ ക്രിക്കറ്റിന്റെ വന്മതിലിനോടാണ്. പ്രതിരോധ ക്രിക്കറ്റ് താരം എന്ന വിമർശനങ്ങൾ നേരിട്ട ദ്രാവിഡ് ട്വന്റി 20യുടെ വെടിക്കെട്ട് മാത്രം അറിയാവുന്ന താരങ്ങളെ മികച്ച ബാറ്റർമാരാക്കി മാറ്റി.

ദ്രാവിഡിൻ്റെ ശിക്ഷണത്തിന് കീഴിൽ നിന്ന് മാറിയപ്പോൾ പഠിച്ച പാഠങ്ങൾ ഒക്കെയും മറക്കുന്ന ഒരു ഇന്ത്യൻ ടീമിനെയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഏറെ പ്രധാനം വിരാട് കോഹ്‍ലിയുടെ മോശം ഫോമാണ്. മൂന്ന് വർഷത്തെ സെഞ്ച്വറി ദാരിദ്ര്യം അവസാനിച്ച് റൺമെഷീൻ വീണ്ടും സ്കോറിംഗ് തുടങ്ങിയത് ദ്രാവിഡിന് കീഴിലായിരുന്നു.

​കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ട് ഐപിഎൽ കിരീടങ്ങൾ സമ്മാനിച്ച നായകനാണ് ​ഗംഭീർ. ഒട്ടും മോശമല്ല അ​ദ്ദേഹത്തിന്റെ ട്രാക്ക് റെക്കോർഡുകൾ. ​ഗംഭീർ മെന്ററായപ്പോൾ കൊൽക്കത്ത 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാം കിരീടം നേടി. ലഖ്നൗ സൂപ്പർ ജയന്റ്സിനെ തുടർച്ചയായി രണ്ട് ഐപിഎല്ലുകളിൽ പ്ലേ ഓഫിലെത്തിച്ചു. തന്ത്രങ്ങൾ അറിയാവുന്ന താരമാണ് ​ഗംഭീറെന്നതിൽ സംശയമില്ല. എന്നാൽ ഇപ്പോൾ ഇന്ത്യൻ ബാറ്റിങ് നിര ഇങ്ങനെ തകർന്നടിയുമ്പോൾ എവിടെയോ തെറ്റ് പറ്റിയതായി തോന്നുന്നവരാണ് ആരാധകരിലേറെയും. അവർ അടക്കം പറയുകയും ചെയ്യുന്നുണ്ട്. മിസ് യു ദ്രാവിഡ്.

Content Highlights: Indian Cricket is expertising Rahul Dravid better strategist than Gautam Gambhir

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us