ഹരിയാനയിലെ ഷഹബാദ് മർക്കണ്ഡ ഗ്രാമത്തിൽ കൈവണ്ടി വലിക്കാരന്റെ മകളായായിട്ടായിരുന്നു റാണി രാംപാലിന്റെ ജനനം. കടുത്ത ദാരിദ്ര്യത്തിലായിരുന്നു റാണി വളർന്നത്. എന്നാൽ ആറാം വയസ്സിൽ കുഞ്ഞു വടി കഷ്ണവുമായി ഹോക്കി കളിക്കാനിറങ്ങിയ ആ കുട്ടി പിന്നീട് നടന്നുകയറിയത് ചരിത്രത്തിലേക്കായിരുന്നു. ഹരിയാനയിലെ യാഥാസ്തിഥിക ഗ്രാമത്തിൽ നിന്ന് ഹോക്കി സ്റ്റിക്കുമായി കളിക്കാനിറങ്ങുമ്പോൾ കടുത്ത എതിർപ്പിനെ അവഗണിച്ച് അവൾ നൽകിയ ഉറപ്പായിരുന്നു വീട്ടിലെ പട്ടിണി മാറ്റുമെന്നത്. ആ ഉറപ്പിലാണ് ഒടുവിൽ വീട്ടുകാർ കളിക്കാൻ സമ്മതം മൂളുന്നതും അങ്ങനെ ഇന്ത്യൻ ഹോക്കിയിൽ ഒരു ഇതിഹാസം പിറക്കുന്നതും.
ഒടുവിൽ 16 വർഷത്തെ പ്രൗഢഗംഭീര കരിയർ അവസാനിപ്പിച്ച് 29കാരി മടങ്ങുമ്പോൾ ബഹുമാന സൂചകമായി റാണി ധരിച്ചിരുന്ന 28 നമ്പർ ജഴ്‌സിയും ഹോക്കി ഇന്ത്യ പിൻവലിച്ചു. റാണി ഇന്ത്യൻ ഹോക്കിക്ക് നൽകിയ സംഭാവനകൾ അവിസ്മരീണയമാണെന്നും താരതമ്യങ്ങളില്ലാത്തതാണെന്നും പറഞ്ഞായിരുന്നു ഹോക്കി ഇന്ത്യ 28 നമ്പർ ജഴ്സിക്ക് ആജീവനാന്ത റിട്ടയർമെന്റ് നൽകിയത്. 2008ൽ തന്റെ പതിനാലാം വയസ്സിലാണ് റാണി ഇന്ത്യക്കായി അരങ്ങേറുന്നത്. ഫോർവേഡായി കളിച്ച റാണി ഇന്ത്യക്കായി 254 മത്സരങ്ങളിൽ 205 ഗോളുകളും അടിച്ചുകൂട്ടി. ടോക്യോ ഒളിംപിസ്‌കിൽ ഇന്ത്യൻ വനിതകൾ ഹോക്കിയിൽ ചരിത്ര തിരിച്ചുവരവ് നടത്തിയപ്പോൾ ടീമിനെ നയിച്ചത് റാണിയായിരുന്നു. 2009 ചാമ്പ്യന്‍സ് ചാലഞ്ച് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ റഷ്യയ്‌ക്കെതിരേ നാല് ഗോള്‍ നേടിയാണ് താരം ശ്രദ്ധ പിടിച്ചു പറ്റുന്നത്. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും മികച്ച യുവതാരവുമായി താരം അന്ന് തിരഞ്ഞെടുക്കപ്പെട്ടു.
2010ല്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യയുടെ റാങ്കിങ് പത്തിലെത്തിച്ചു. ടീമിന് ജൂനിയര്‍ ലോകകപ്പ് മെഡലും ഏഷ്യന്‍ കപ്പും നേടിക്കൊടുത്തു. 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് റിയോ ഒളിംപിക്സിന് യോഗ്യത നേടിക്കൊടുത്തു. ടോക്യോയില്‍ ടീമിനെ നയിച്ച് നാലാം സ്ഥാനത്തെത്തിച്ച് ചരിത്രം കുറിക്കുകയും ചെയ്തു. സെമിയിലെ തോല്‍വിയായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖമെന്നും ടോക്യോയില്‍ മെഡല്‍ നേടുകയായിരുന്നു തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നും പിന്നീട് റാണി പറഞ്ഞിരുന്നു. 2020ൽ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്ന നൽകി രാജ്യം ആദരിച്ചു. ഈയിടെ ദേശീയ വനിത സബ് ജൂനിയർ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത റാണി പരിശീലക കുപ്പായത്തിൽ പുതിയ ദൂരങ്ങൾ താണ്ടാനുള്ള ഒരുക്കത്തിലാണ്. കടുത്ത ദാരിദ്ര്യത്തിലും യാഥാസ്തിഥിക സാഹചര്യങ്ങളിലും ജനിച്ച് ഒടുവിൽ ഇന്ത്യൻ ഹോക്കി റാണിയായി മാറിയ റാണി രാംപാലിന് ആശംസകൾ.
Content Highlights: Indian womens hockey skipper Rani rampal announces retirement