ലോകഫുട്ബോളിന്റെ താരമായി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രി. ഇതാദ്യമായാണ് ഒരു മാഞ്ചസ്റ്റർ സിറ്റി താരം ബലോൻ ദ് ഓർ അവാർഡ് ജേതാവാകുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് 16 വർഷത്തിന് ശേഷം ലോകഫുട്ബോൾ ജേതാവായ താരം. ആറ് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ലോക ഫുട്ബോളിലെ മികച്ച താരമായി സ്പെയിൻ ഫുട്ബോളിൽ നിന്നൊരാൾ തിരഞ്ഞെടുക്കപ്പെട്ടു. 1957 മുതൽ 1972 വരെ സ്പെയിൻ ഫുട്ബോളിനെ പ്രതിനിധീകരിച്ച ലൂയിസ് സുവാരസ് ആണ് ഒടുവിൽ ബലോൻ ദ് ഓർ പുരസ്കാരം സ്വന്തമാക്കിയ സ്പാനിഷ് താരം. പിന്നീടുള്ള കാലത്തും മികച്ച താരങ്ങൾ സ്പെയിൻ ഫുട്ബോളിൽ നിന്ന് ഉയർന്നുവന്നിരുന്നു. പലരും ബലോൻ ദ് ഓർ പുരസ്കാരത്തിന് അരികിൽ വീണുപോയി.
ചരിത്രം 2024 ഒക്ടോബർ 28ന് തിരുത്തപ്പെട്ടു. 2023-24 സീസണിൽ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ നാലാം സീസണിലെ പ്രീമിയർ ലീഗ് നേട്ടം, 2024ലെ സ്പെയ്നിന്റെ യൂറോ കപ്പ് നേട്ടം തുടങ്ങിയവ റോഡ്രിയുടെ ബലോൻ ദ് ഓർ വിജയത്തിൽ നിർണായകമായി. യൂറോ കപ്പിൽ ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഈ ഡിഫൻസീവ് മിഡ്ഫീൽഡർ ആണ്.
സ്പാനിഷ് ക്ലബ് വിയ്യാറയലിലും അത്‍ലറ്റികോ ഡി മാഡ്രിഡിലുമാണ് റോഡ്രി തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത്. 2019ൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിലേക്കെത്തി. കഴിഞ്ഞ രണ്ട സീസണിലായി ഒരു ഫുട്ബോൾ താരത്തിന് നേടാൻ കഴിയാവുന്ന എല്ലാ വിജയങ്ങളും റോഡ്രി സ്വന്തമാക്കി. 2022-23 സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചാംപ്യൻസ് ലീഗ് നേടിയപ്പോൾ ഫൈനലിൽ വിജയഗോൾ നേടിയത് റോഡ്രിയായിരുന്നു. അതേ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗും എഫ് എ കപ്പും നേടി ട്രെബിൾ നേട്ടം സ്വന്തമാക്കി. 2023 ഫെബ്രുവരി അഞ്ച് മുതൽ 2024 മെയ് 25 വരെയുള്ള കാലഘട്ടത്തിൽ 74 മത്സരങ്ങളിൽ റോഡ്രി ഉൾപ്പെട്ട മാഞ്ചസ്റ്റർ സിറ്റി തോൽവി അറിഞ്ഞില്ല. കഴിഞ്ഞ സീസണിൽ സിറ്റി പരാജയപ്പെട്ട മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ റോഡ്രി കളിച്ചിരുന്നില്ലെന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. 2019ൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിന് ശേഷം 174 മത്സരങ്ങളാണ് റോഡ്രി കളിച്ചത്. 129ൽ വിജയവും 26 സമനിലയും നേടിയപ്പോൾ 19 മത്സരങ്ങളിൽ മാത്രമാണ് പരാജയം അറിഞ്ഞത്.
ഫുട്ബോൾ ലോകത്ത് മികവ് തുടരുമ്പോഴും ലളിത ജീവിതമാണ് റോഡ്രി ആഗ്രഹിച്ചിരുന്നത്. അതാണ് റോഡ്രി ഇഷ്ടപ്പെട്ടിരുന്നതും. ശരീരത്തിൽ ടാറ്റു ചെയ്യാത്ത താരം, കായിക താരമെന്ന് അടയാളപ്പെടുത്തിയുള്ള ഹെയർസ്റ്റൈലുകളില്ല, ആഡംബര കാറുകളോട് ഭ്രമം ഇല്ലാത്ത താരം എന്നിങ്ങനെയാണ് റോഡ്രിയുടെ പ്രത്യേകതകൾ. സമൂഹമാധ്യമങ്ങളിൽ റോഡ്രിക്ക് അക്കൗണ്ടുകളില്ല, അതിന് കാരണം സമൂഹമാധ്യങ്ങളിലെ പ്രസിദ്ധി റോഡ്രി ആഗ്രഹിക്കുന്നില്ല എന്നതാണ്. ഒരു വലിയ താരമെന്നതിനേക്കാൾ സാധാരണക്കാരനെപ്പോലെ ജീവിക്കാനാണ് റോഡ‍്രിക്ക് ഇഷ്ടം. അത്‍ലറ്റികോ മാഡ്രിഡിനായി കളിക്കുന്ന കാലത്ത് താൻ പഠിച്ച സർവകലാശാല യൂണിവേഴ്സിറ്റിയിലാണ് റോഡ്രി ജീവിച്ചിരുന്നത്. സ്കൂളിൽ തനിക്കൊപ്പം പഠിച്ച ലോറ കാസ്കാൻ്റയെയാണ് റോഡ്രി വിവാഹം ചെയ്തത്. ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക സ്പെയ്നിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി റോഡ്രി നീക്കിവെക്കും. ഒരിക്കൽപോലും എതിർടീമിലെ താരങ്ങളുമായി റോഡ്രി തർക്കങ്ങളിൽ ഏർപ്പെടുന്നത് കണ്ടിട്ടില്ല. എപ്പോഴും ശാന്തതയും വിനയവും പ്രകടിപ്പിക്കുന്ന താരം. ഫുട്ബോളിൽ എതൊരു ക്ലബും റോഡ്രിയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. അതിന് കാരണം അയാൾ ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളാണ് എന്നതുകൊണ്ടാണ്.
Content Highlights: Rodri, the most humble footballer, unexpectedly appeared in the Ballon D or venue