'ഓക്കെ, നോ പ്രോബ്ലം'; അന്ന് രാഹുൽ‍ ദ്രാവിഡിനോട് വേദനയോടെ സാഹ മറുപടി നൽകി

2017ൽ ഓസ്ട്രേലിയൻ താരം സ്റ്റീഫൻ ഒകീഫിയെ പിടികൂടാനായി സാഹ നടത്തിയ സാഹസിക ഡൈവ് ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസിലുണ്ട്.

dot image

2022ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര അവസാനിച്ച സമയം. അന്നത്തെ പരിശീലകൻ രാഹുൽ ദ്രാവിഡ് ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹയെ ഡ്രെസ്സിങ് റൂമിലേക്ക് വിളിപ്പിച്ചു. 'വൃ​ദ്ധി, എനിക്ക് ഇത് എങ്ങനെ പറയണമെന്ന് അറിയില്ല', രാഹുൽ ദ്രാവിഡ് പറഞ്ഞു തുടങ്ങി. 'ചില സമയങ്ങളിൽ ടീം മാനേജ്മെന്റിന് പുതിയ താരങ്ങളെ ആവശ്യമാണ്. അതുകൊണ്ട് വൃദ്ധി, ഇനി നിങ്ങളല്ല ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തുണ്ടാകുക. കുറച്ച് നാളുകളായി താങ്കളുടെ പ്രകടനം അത്ര മികച്ചതല്ല. ഈ സമയത്ത് ഒരു യുവതാരത്തെ വളർത്തിയെടുക്കുകയാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം'. ദ്രാവിഡ് പറഞ്ഞുനിർത്തി. 'ഓക്കെ, നോ പ്രോബ്ലം'- ഇതായിരുന്നു സാഹയുടെ മറുപടി. പിന്നാലെ നടന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വൃദ്ധിമാൻ സാഹ ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടായിരുന്നില്ല.

ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി സാഹ പിന്നീട് രം​ഗത്തെത്തിയിരുന്നു. '2021 നവംബറിൽ കാൺപുരിൽ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ കടുത്ത വേദനകൾക്കിടയിലും വേദനസംഹാരി കഴിച്ച് ഞാൻ ബാറ്റ് ചെയ്തു. പുറത്താകാതെ 61 റൺസെടുത്ത് ഇന്ത്യൻ ടീമിന് സമനില സമ്മാനിച്ചിരുന്നു. എന്റെ പ്രകടനത്തെ അഭിനന്ദിച്ച് സൗരവ് ഗാംഗുലി വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു. ബിസിസിഐയുടെ തലപ്പത്ത് ​ഗാം​ഗുലി ഉള്ളിടത്തോളം കാലം ഇന്ത്യൻ ടീമിൽ ഞാൻ ഉണ്ടാകുമെന്ന് ഉറപ്പ് നൽകി. ബിസിസിഐ പ്രസിഡന്റിൽനിന്ന് ഇത്തരമൊരു സന്ദേശം ലഭിച്ചാൽ ഒരു താരത്തിന്റെ ആത്മവിശ്വാസം എത്രത്തോളം വലുതാകും. പക്ഷേ, അതിനുശേഷം എല്ലാം മാറിമറിഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. പിന്നാലെ ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡും മുഖ്യസെലക്ടർ ചേതൻ ശർമ്മയും എന്നോട് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആവശ്യപ്പെട്ടു'. അന്ന് സാഹ വെളിപ്പെടുത്തി.

സാഹയുടെ വെളിപ്പെടുത്തലില്‍ തനിക്ക് യാതൊരു വിഷമവുമില്ലെന്നായിരുന്നു ദ്രാവിഡിന്റെ മറുപടി. 'അയാളോട് എനിക്ക് ഏറെ ബഹുമാനവുമുണ്ട്. ചില താരങ്ങളെ മാറ്റി നിർത്തേണ്ടി വന്നാൽ അത് ഞാൻ തുറന്ന് സംസാരിക്കും. ടീമിൽ നിന്ന് ഒഴിവാക്കുന്നുവെന്ന വാർത്ത താരങ്ങൾ മാധ്യമങ്ങളിലൂടെയല്ല അറിയേണ്ടത്. ചിലപ്പോഴൊക്കെ താരങ്ങൾക്ക് എന്റെ തീരുമാനത്തോട് യോജിക്കാനാവില്ല. അത് ഒരിക്കലും ഞാൻ‌ പ്രതീക്ഷിക്കുന്നുമില്ല'. ദ്രാവിഡിന്റെ മറുപടി ഇതായിരുന്നു.

2007ലാണ് ഇന്ത്യൻ‌ ആഭ്യന്തര ക്രിക്കറ്റിൽ ബം​ഗാളിനായി സാഹ അരങ്ങേറ്റം കുറിച്ചത്. 2010ൽ ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു. മഹേന്ദ്ര സിങ് ധോണിയെന്ന ഇതിഹാസ താരം ടീമിലുള്ളതിനാൽ ഇന്ത്യൻ ക്രിക്കറ്റ് മറ്റൊരു വിക്കറ്റ് കീപ്പറെക്കുറിച്ച് ആലോചിച്ചിരുന്നില്ല. 2014ൽ ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെയാണ് സാഹ ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമായി മാറിയത്. 2021ൽ ന്യൂസിലാൻഡിനെതിരെ കാൺപൂരിൽ അവസാന മത്സരം. 11 വർഷം നീണ്ട കരിയറിൽ 40 ടെസ്റ്റുകളും ഒമ്പത് ഏകദിനങ്ങളും മാത്രമാണ് ഇന്ത്യൻ ടീമിൽ സാഹയ്ക്ക് കളിക്കാനായത്. ടെസ്റ്റ് ക്രിക്കറ്റിൽ 53 ഇന്നിം​ഗ്സുകളിൽ നിന്നായി 1,353 റൺസാണ് സാഹയുടെ സമ്പാദ്യം. ബാറ്ററായി അധികം തിളങ്ങാൻ സാധിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നിലെ സാഹയുടെ മികവ് ഏറെ ശ്രദ്ധേയമായിരുന്നു. 2017ൽ ഓസ്ട്രേലിയൻ താരം സ്റ്റീഫൻ ഒകീഫിയെ പിടികൂടാനായി സാഹ നടത്തിയ സാഹസിക ഡൈവ് ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസിലുണ്ട്.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ 170 മത്സരങ്ങളിൽ സാഹ കളത്തിലെത്തി. അഞ്ച് വ്യത്യസ്ത ടീമുകൾക്കായി കളിച്ചു. 2008ലെ ആദ്യ പതിപ്പിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായി സാഹ കളി തുടങ്ങി. പിന്നെ ചെന്നൈ സൂപ്പർ കിങ്സിലും പഞ്ചാബ് കിങ്സിലും സൺറൈസേഴ്സ് ഹൈദരാബാദിലും കളിച്ചു. കഴിഞ്ഞ സീസൺ വരെയും ​ഗുജറാത്ത് ടൈറ്റൻസിന്റെ താരമായി കളി തുടർന്നു. 2011ൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പവും 2022ൽ ​ഗുജറാത്ത് ടൈറ്റൻസിനൊപ്പം ഐപിഎൽ ചാംപ്യനായി.

ഐപിഎല്ലിന്റെ അടുത്ത സീസണിന് മുമ്പായി ടീമുകൾ നിലനിർത്തിയ താരങ്ങളുടെ പട്ടികയിൽ ​ഗുജറാത്ത് നിരയിൽ വൃദ്ധിമാൻ സാഹയ്ക്ക് ഇടമില്ല. ഇനിയൊരിക്കൽ കൂടി ഐപിഎൽ ലേലത്തിനായി പോകേണ്ടതില്ലെന്ന് 40കാരനായ സാഹ തീരുമാനിച്ചു. പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും സാഹ വിരമിക്കൽ പ്രഖ്യാപിച്ചു.

രഞ്ജി ട്രോഫിയിൽ ബം​ഗാളിന് വേണ്ടിയാണ് സാഹ തന്റെ അവസാന മത്സരം കളിക്കുക. സൗരവ് ​ഗാം​ഗുലിയുടെ നിർദ്ദേശ പ്രകാരം ഈ സീസൺ രഞ്ജി ട്രോഫിക്ക് മുമ്പായാണ് സാഹ ബം​ഗാൾ ക്രിക്കറ്റിലേക്ക് മടങ്ങിവന്നത്. 2022ൽ ബംഗാൾ വിട്ട് സാഹ ത്രിപുര ക്രിക്കറ്റിലേക്ക് നീങ്ങി. താരമായും ഉപദേശകനായും ത്രിപുര ക്രിക്കറ്റിൽ നിൽക്കവെ ​സൗരവ് ​ഗാംഗുലിയുടെ അഭ്യർത്ഥനയെത്തി- 'അവസാന മത്സരം ബം​ഗാളിനായി കളിക്കണം' എന്നായിരുന്നു അഭ്യര്‍ത്ഥന. 'പിന്നാലെ ത്രിപുര വിട്ട് സാഹ ബംഗാളിലെത്തിയതോടെ അയാളുടെ വിരമിക്കൽ ദിനങ്ങൾ അടുത്തെന്ന് എല്ലാവരും മനസിലാക്കി. ഒടുവിൽ ആ പ്രഖ്യാപനമെത്തി. 'വിരമിക്കുന്നതിന് മുമ്പായി രഞ്ജി ട്രോഫിയിൽ ബം​ഗാളിനായി അവസാന മത്സരം കളിക്കുന്നു. നമുക്ക് ഈ രഞ്ജി സീസൺ ഓർമയിൽ സൂക്ഷിക്കാം' എന്നായിരുന്നു വൃദ്ധിമാൻ സാഹ അന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

Content Highlights: Wriddhiman Saha did not have a flourished career, plays until his 40s, now called off the journey

dot image
To advertise here,contact us
dot image