ഇതിലും വലിയ ഉയിർത്തെഴുന്നേൽപ്പ് നടത്തിയവനാണ്, വിരാടാണ്; അയാൾ തിരിച്ചുവന്നിരിക്കും!

ഫോം ഔട്ടും മോശം പ്രകടനങ്ങളുമായി വിമർശനങ്ങൾക്ക് നടുവിൽ നിൽക്കവവെയാണ് വിരാട് കോഹ്‌ലിയുടെ ഇത്തവണത്തെ പിറന്നാൾ ദിനമെത്തുന്നത്.

dot image

ഫോം ഔട്ടും മോശം പ്രകടനങ്ങളുമായി വിമർശനങ്ങൾക്ക് നടുവിൽ നിൽക്കവവെയാണ് വിരാട് കോഹ്‌ലിയുടെ ഇത്തവണത്തെ പിറന്നാൾ ദിനമെത്തുന്നത്. ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ നടന്ന പരമ്പരയിലെ മൂന്ന് മത്സരവും ഇന്ത്യ അടിയറവ് പറഞ്ഞപ്പോൾ നായകൻ രോഹിതിനേക്കാൾ ഒരു പക്ഷെ ക്രൂശിക്കപ്പെട്ടതും ഈ മുപ്പത്തഞ്ചുകാരനാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് ഇന്നിങ്സുകളിലായി 93 റൺസ് മാത്രമാണ് താരത്തിന് ഈ പരമ്പരയിൽ നേടാനായത് എന്നത് വസ്തുതയാണ്. ഇതിൽ തന്നെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലെ 70 റൺസ് ഒഴിച്ചു നിർത്തിയാൽ ബാക്കിയുള്ള അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 23 റൺസ് മാത്രം. ഈ വർഷം കളിച്ച 12 ഇന്നിങ്‌സുകളിൽ 20.9 റൺസാണ് ശരാശരി. എല്ലാ വർഷവും 50 റൺസിനും മുകളിൽ ശരാശരി വരുന്നിടത്താണ് ഈ വലിയ കുറച്ചിൽ.

ഇതോടെ വിരാടിന്റെ ബാറ്റിന് പഴയ മൂർച്ചയില്ലെന്നും വിരമിക്കാനുള്ള സമയം അതിക്രമിച്ചെന്നും പറഞ്ഞ് വിമർശകരും ചില ക്രിക്കറ്റ് പണ്ഡിറ്റുകളും രംഗത്തെത്തിയിരിക്കുകയാണ്. ഈ വിമർശനത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ? ഇന്ത്യയുടെ റൺ ചേസറുടെ റോൾ കഴിഞ്ഞുവോ?, ഇല്ല എന്നതാണ് വിരാടിനെ അറിയുന്നവർക്കുള്ള ഉത്തരം.

ഇതിന് മുമ്പും ഇതേ മുറുമുറുപ്പും വിമർശനവുമായി ക്രിക്കറ്റ് ലോകം വിരാടിനെതിരെ തിരിഞ്ഞിരുന്നു. 2020-22 കാലയളവിലായിരുന്നു അത്. മൂന്ന് വർഷത്തെ നീണ്ട റൺസ് വരച്ചയ്ക്ക് ശേഷമായിരുന്നു അത്. അതിന് ശേഷം അയാൾ തിരിച്ചുവന്നത് രാജകീയമായിട്ടായിരുന്നു. അയാളുടെ ജീവിതം തന്നെ തിരിച്ചു വരവിന്റെതും പടവെട്ടലുകളുടേതുമാണ്. വിരാടിന്റെ കരിയറിലേക്ക് ഒരു എത്തിനോട്ടമാവാം.

2008-ൽ ഇന്ത്യൻ ടീമിന് അണ്ടർ 19 കിരീടം നേടി കൊടുത്താണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ബാറ്റിങ് ‌ കൊട്ടകയിലേക്ക് അയാൾ പ്രവേശിക്കുന്നത്. പിന്നീട് ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഒരു കാലത്തും തകർക്കപ്പെടില്ലെന്ന് തോന്നിച്ച സച്ചിന്റെ റെക്കോർഡുകൾ മറികടക്കുമെന്ന തോന്നിപ്പിക്കലിൽ അയാൾ ബാറ്റ് വീശി. പോസ്റ്റ്‌ ടെൻഡുൽകർ ഇറയ്ക്ക് അതേ രാജ്യത്തുനിന്നൊരു അവകാശിയായി. സെഞ്ച്വറിയിൽ കുറഞ്ഞത് അയാളും അയാളിൽ നിന്ന് ഇന്ത്യക്കാരും പ്രതീക്ഷിക്കാതെയായി. കോഹ്‍ലി സെഞ്ച്വറി അടിക്കുന്നത് വാർത്തയല്ലാതായി. ടെസ്റ്റ്, ട്വന്റി, ഏകദിനം തുടങ്ങി മൂന്ന് ഫോർമാറ്റിലും നമ്പർ വണ്ണിലെത്തിയ ആദ്യ ഇന്ത്യക്കാരനായി. ഒരു ദശകത്തിനുള്ളിൽ 20,000 റൺസ് കൂട്ടി ചേർത്ത കളിക്കാരനായി. സച്ചിന്റെ റെക്കോർഡുകൾ ഓരോന്നായി ഭേദിക്കുന്നത് സന്തോഷത്തോടെ തന്നെ രാജ്യത്തെ ജനങ്ങൾ കണ്ടു. സച്ചിൻ പൂർണ്ണാനുഗ്രഹാശസ്സുകളോടെ പിന്തുണയറിയിച്ചു. അങ്ങനെ ഉയർച്ചയുടെ ഏറ്റവും കൊടുമുടിയിൽ നിൽക്കെയാണ് കോഹ്‍ലിയുടെ കരിയറിൽ അപ്രതീക്ഷിത ട്വിസ്റ്റുണ്ടാകുന്നത്.

2020 നുശേഷം അയാൾ അയാളുടെ പ്രതിഭയുടെ നിഴലിന്റെ കോപ്പിയിലേക്ക് മാറി. റൺസ് ഒഴുകിയിരുന്ന അയാളുടെ ബാറ്റ് വറ്റിവരണ്ടു. ഒരു കാലത്തും താരങ്ങളുടെ പൂർവ്വ സംഭാവനകൾ പരിഗണിക്കാത്ത ബി സി സി എ അയാളുടെ ഏകദിനക്യാപ്റ്റൻ ക്യാപ്പ് തിരിച്ചു വാങ്ങി. സർവ്വ നിരാശയോടെയും സങ്കടത്തോടെയും ടെസ്റ്റ് ക്യാപ്റ്റൻസി അയാൾ രാജിവെച്ചു. ടീമിൽ നിന്ന് ചില മത്സരങ്ങളിൽ അയാളെ പുറത്ത് നിർത്തി. ഗവാസ്ക്കർ, ഭാര്യ അനുഷ്ക എല്ലാ കളിയിലും കൂടെ വരുന്നതുകൊണ്ടാണ് വിരാട് ഫോമാവാത്തത് എന്ന് സ്ത്രീവിരുദ്ധതയിൽ പരാമർശിച്ചു.

വിരാടില്ലാത്ത ഒരു ട്വന്റി ലോകകപ്പ് സക്വഡ് 2022- ൽ പ്രതീക്ഷിച്ചു നിൽക്കുന്ന സമയത്താണ് അയാളുടെ തിരിച്ചു വരവുണ്ടാകുന്നത്. അഫ്ഗാനിസ്താനെതിരെയുള്ള സെഞ്ച്വറിക്ക് ശേഷം തന്റെ മാലയിൽ കോർത്ത അനുഷ്ക സമ്മാനിച്ച വിവാഹമോതിരം ഗാലറിയിലേക്ക് ഉയർത്തി കാട്ടുമ്പോൾ അയാൾ എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. ശേഷം ഏകദിനത്തിൽ സച്ചിന്റെ റെക്കോർഡും മറികടന്ന് അമ്പത് സെഞ്ച്വറികൾ പൂർത്തിയാക്കി.

ശേഷം നടന്ന ടി 20 2022 ലോകകപ്പിൽ വിരാടായിരുന്നു ടൂർണമെന്റ് ടോപ് സ്‌കോറർ. അപരാജിത കുതിപ്പിന് ശേഷം ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റ് കിരീടം നഷ്ടമായ 2023 ഏകദിന ലോകകപ്പിലും ഇന്ത്യയുടെ റൺ മെഷീൻ വിരാടായിരുന്നു. 11 ഇന്നിങ്‌സുകളിൽ നിന്ന് 95.62 റൺസ് ശരാശരിയിൽ 765 റൺസായിരുന്നു ടൂർണമെന്റിലെ ടോപ് സ്കോററായിരുന്ന വിരാടിന്റെ സമ്പാദ്യം. താരത്തിന്റെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നും 2023 ആയിരുന്നു. എല്ലാ ഫോർമാറ്റുകളിൽ നിന്നും ആകെ മൊത്തം 2048 റൺസാണ് താരം നേടിയെടുത്തത്. ഒടുവിൽ 2024 ടി 20 ലോകകപ്പിലും അവസാന നിമിഷം രക്ഷക്കെത്തിയത് വിരാടായിരുന്നു. പ്രാഥമിക മത്സരങ്ങളിൽ നിരാശയായിരുന്നുവെങ്കിലും ഫൈനലിൽ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 76 റൺസ് നേടി കിരീട വിജയത്തിൽ നിർണ്ണായകമായി.

ബോർഡർ ഗവാസ്‌ക്കർ ട്രോഫി തിരിച്ചുവരവിന്റേതാകുമോ ?

ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ മണ്ണിൽ എക്കാലത്തെയും മികച്ച ടെസ്റ്റ് റെക്കോർഡുള്ള താരമാണ് വിരാട്. തന്റെ നീണ്ട പതിമൂന്ന് വർഷത്തെ കരിയറിൽ ഓസീസിനെതിരെ അവരുടെ മണ്ണിൽ 25 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരം 47.48 റൺസ് ശരാശരിയിൽ 2042 റൺസാണ് നേടിയിട്ടുള്ളത്. ഒരു ഇന്ത്യൻ താരം നടത്തുന്ന ഏറ്റവും മികച്ച പ്രകടനം കൂടിയാണ് ഇത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ എട്ട് സെഞ്ച്വറികളും അഞ്ച് അർധ സെഞ്ച്വറികളും മുൻ ഇന്ത്യൻ ക്യാപ്റ്റൻ നേടിയിട്ടുണ്ട്. പെർത്തിലെയും മെൽബണിലെയും ചരിത്ര ഇന്നിങ്‌സുകളും അതിൽ പെടും. അത് കൊണ്ട് തന്നെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഓസീസ് പരമ്പരയിൽ മൂന്ന് ജയങ്ങൾ അനിവാര്യമായിരിക്കെ വിരാടിന്റെ പ്രകടനം ഇന്ത്യൻ ടീമിന് നിർണ്ണായകമാവും. വിരാടിന്റെ മറ്റൊരു വലിയ തിരിച്ചുവരവിന്റെ വേദിയാവട്ടെ ഓസീസ് പരമ്പര, താരത്തിന് 36-ാം പിറന്നാൾ ആശംസകൾ.

Content Highlights: Virat kohli turns 36, happy birthday legend

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us