ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റ് നടക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത അനിശ്ചിതത്വത്തിലായ ഇന്ത്യയ്ക്കും കഴിഞ്ഞ രണ്ട് തവണയും പരമ്പര ഇന്ത്യയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞ ഓസ്‌ട്രേലിയക്കും ഇത്തവണത്തെ ബോർഡർ ഗവാസ്‌ക്കർ ട്രോഫി ഒരു പോലെ നിർണ്ണായകമാണ്.
താരതമ്യേന പേസ് ബൗളിങ്ങിനെ പിന്തുണക്കുന്ന പിച്ചാണ് ഓസീസിലേത്. പാറ്റ് കമ്മിന്‍സ് , മിച്ചല്‍ സ്റ്റാര്‍ക്ക്, ഹാസിൽവുഡ് തുടങ്ങി പേസർമാരാണ് ഓസീസ് നിരയിലുള്ളത്. ബുംറയും സിറാജുമാണ് ഇന്ത്യൻ നിരയിലുള്ളത്. ഇവരെ കൂടാതെ ആകാശ് ദീപ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്‌ണ എന്നിവരുമുണ്ട്.
പേസ് ബൗളർമാരുടെ പ്രകടനം പോലെ സ്പിൻ ബൗളർമാരുടെ പ്രകടനവും ഇരു ടീമുകൾക്കും നിർണ്ണായകമാകും. ഷമിയുടെ വരവിൽ ഇത് വരെയും കാര്യമായ ഉറപ്പില്ലാത്തതിനാൽ സ്പിന്നർമാർ എങ്ങനെ കളിക്കുന്നു എന്നതിനെ കൂടി ആശ്രയിച്ചാവും ഇന്ത്യയുടെ ഭാവി. രവിചന്ദ്ര അശ്വിനും ജഡേജയും വാഷിങ്ടൺ സുന്ദറും അക്‌സർ പട്ടേലുമാണ് സ്പിൻ നിരയിൽ നിന്നും ടീമിലുള്ളത്.
സമീപ കാലത്ത് വിദേശ പര്യടനത്തിന് അശ്വിനെക്കാൾ ടീം മുൻഗണന നൽകുന്നത് ജഡേജയ്ക്കാണെങ്കിലും ഓസീസ് മണ്ണിൽ അശ്വിന് മുൻതൂക്കം നൽകണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം. ഓസീസ് മണ്ണിൽ അശ്വിന്റെ ട്രാക്ക് റെക്കോർഡ് തന്നെയാണ് ഇതിന് പിന്നിൽ. ഇടം കയ്യൻ ബാറ്റർമാർ ഏറെയുള്ള ഓസ്‌ട്രേലിയക്കെതിരെ അശ്വിന്റെ ഓഫ് സ്പിൻ ഫലം ചെയ്യുമെന്നാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ അഭിപ്രായം. 10 ടെസ്റ്റുകളിൽ നിന്ന് 42.15 ശരാശരിയിൽ 39 വിക്കറ്റുകളാണ് ഓസീസ് മണ്ണിൽ അശ്വിൻ നേടിയിട്ടുള്ളത്. നാല് ടെസ്റ്റുകളിൽ നിന്ന് 21.78 ശരാശരിയിൽ 14 വിക്കറ്റുകളെടുത്ത ജഡേജയുടെ പ്രകടനവും മികച്ചതാണ്.
- BGT series.
— Johns. (@CricCrazyJohns) November 21, 2024
- 5 Tests.
- 24 hours to go.
- WTC final on the line.
- India needs to win for WTC, Australia needs to comeback for BGT history.
THE BIGGEST SERIES IN TEST CRICKET IN 2024, A FANTASTIC 2 MONTHS FOR FANS ACROSS THE GLOBE.
All the best, Team India. 🇮🇳🏆 pic.twitter.com/lbFhfmOzJP
അതേ സമയം ഇന്ത്യൻ താരങ്ങളെല്ലാം മങ്ങിയ ന്യൂസിലാൻഡ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച വാഷിങ്ടൺ സുന്ദറിനെ ടീമിലുൾപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ന്യൂസിലാൻഡിനെതിരെ പരമ്പരയിലെ ആദ്യ മത്സരം കളിക്കാതിരുന്ന താരം പിന്നീടുള്ള രണ്ട് ടെസ്റ്റുകളിൽ കൂടി 15 വിക്കറ്റുകളാണ് നേടിയത്. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ നേടിയ ഏഴ് വിക്കറ്റ് നേട്ടവും ഇതിൽ ഉൾപ്പെടുന്നു. അതേ സമയം ഓസീസ് മണ്ണിൽ ഒരു ടെസ്റ്റ് മാത്രമാണ് സുന്ദർ കളിച്ചത്. സുന്ദറിന്റെ അരങ്ങേറ്റ ടെസ്റ്റ് കൂടിയായിരുന്ന ഗാബയിൽ താരം നാല് വിക്കറ്റെടുത്തിരുന്നു. ഇത് കൂടാതെ ശാർദൂൽ താക്കൂറിനൊപ്പം നിർണ്ണായക കൂട്ടുകെട്ട് നടത്തി 62 റൺസും വ്യക്തിഗത സ്കോർ ബോർഡിൽ അന്ന് സുന്ദർ ചേർത്തു.
അതേ സമയം മറുവശത്ത് ഇന്ത്യക്കെതിരെ മികച്ച ട്രാക്ക് റെക്കോർഡുള്ള നഥാൻ ലിയോൺ ഓസീസ് നിരയിലുണ്ട് . ഇന്ത്യക്കെതിരെ 27 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഒമ്പത് അഞ്ചു വിക്കറ്റ് നേട്ടവും രണ്ട് പത്ത് വിക്കറ്റ് നേട്ടവും കൂടി 121 വിക്കറ്റ് നേടിയിട്ടുണ്ട് താരം. ഓസ്‌ട്രേലിയയിൽ കളിച്ച 67 ടെസ്റ്റുകളിൽ നിന്ന് 259 വിക്കറ്റുകൾ നേടിയ ലിയോൺ പേസർമാരുൾപ്പെടെയുള്ള ഏത് ബൗളർമാരെക്കാളും ഇന്ത്യയ്ക്ക് വെല്ലുവിളിയാകും.
Content Highlights: Spinners will be game changers in border gavasker trophy india vs australia