2024 കലണ്ടർ വർഷത്തിലെ ഒടുവിലത്തെ ഫിഫ റാങ്കിങ്ങും പുറത്ത് വന്നപ്പോൾ ഇന്ത്യൻ ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശയാണ് എന്ന് തന്നെ പറയാം. കഴിഞ്ഞ ഏഴ് വർഷത്തെ ഏറ്റവും മോശം റാങ്കിങ്ങായ 127-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. 2024 കലണ്ടർ വർഷത്തിൽ ഇന്ത്യ കളിച്ച പതിനൊന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും ഇന്ത്യയ്ക്ക് ജയിക്കാനായില്ല. ആറ് മത്സരങ്ങളിൽ തോറ്റപ്പോൾ അഞ്ച് മത്സരങ്ങൾ സമനിലയിലായി. ഇന്റർ കോണ്ടിനെന്റൽ കപ്പിലും വേൾഡ് കപ്പ് ക്വാളിഫെയറിലും എ എഫ് സി ഏഷ്യൻ കപ്പിലും സമ്പൂർണ്ണ പരാജയമായി. ആകെ പതിനൊന്ന് മത്സരങ്ങളിൽ നിന്ന് പതിനഞ്ച് ഗോളുകൾ വഴങ്ങിയപ്പോൾ എതിർ ടീമിന്റെ പോസ്റ്റിലേക്ക് അടിക്കാനായത് വെറും നാല് ഗോൾ മാത്രമാണ്.
2023 ൽ ആദ്യ നൂറിലെത്തി, 2024 ൽ സ്ഥാനം 127
2023 കലണ്ടർ വർഷത്തിൽ സാഫ് കപ്പും ഇന്റർകോണ്ടിനെന്റൽ കപ്പും ത്രിരാഷ്ട്ര കപ്പും നേടി ചരിത്രത്തിലാദ്യമായി ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിലെത്തിയിരുന്നു ഇന്ത്യ. പതിനാല് മത്സരങ്ങളാണ് ആ വർഷം ഇന്ത്യ കളിച്ചത്. അതിൽ പത്ത് മത്സരങ്ങളും ജയിക്കാനായി. രണ്ട് മത്സരങ്ങൾ സമനിലയായപ്പോൾ രണ്ട് മത്സരങ്ങൾ മാത്രമാണ് തോറ്റത്. 20 ഗോളുകൾ നേടാനായപ്പോൾ വഴങ്ങിയത് ഒമ്പത് ഗോളുകളായിരുന്നു. എന്നാൽ 2024 ലേക്ക് കടന്നപ്പോഴേക്കും കഥയെല്ലാം മാറി. ഗോൾ വരൾച്ചയും തോൽവിയുമായി ഇന്ത്യൻ ഫുട്ബോൾ പിന്നോട്ടുരുണ്ട് തുടങ്ങി. ഒടുവിൽ സ്ഥാനം 127 ലെത്തി. ഇതിന് മുമ്പ് പത്ത് വർഷങ്ങൾക്ക് മുമ്പ് 2014 ലാണ് ഒരു ജയം പോലുമില്ലാതെ ഇന്ത്യൻ ഫുട്ബോൾ ഒരു കലണ്ടർ വർഷം കടക്കുന്നത്. അന്ന് രണ്ട് മത്സരങ്ങൾ മാത്രമായിരുന്നു ഇന്ത്യ കളിച്ചിരുന്നത്.
ആശാൻ മാറി, കളി മാറിയില്ല
തുടർച്ചയായ പരാജയങ്ങൾ മൂലം ഇഗോർ സ്റ്റിമാച്ചിന് പകരം സ്പാനിഷ് പരിശീലകനായ മനോള മാർക്വേസിനെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടും കാര്യമായ ഫലമുണ്ടായില്ല. ലോകകപ്പ് യോഗ്യതയുടെ ഫൈനല് റൗണ്ടിലേക്ക് ടീമിനെ നയിക്കാൻ കഴിയാത്തതായിരുന്നു ക്രൊയേഷ്യക്കാരൻ സ്റ്റിമാച്ച് തെറിക്കാനുണ്ടായ കാരണം. എന്നാൽ ശരാശരി ടീമുമായി ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയെ കിരീടത്തിലെത്തിച്ച മനോളയ്ക്ക് പക്ഷെ ദേശീയ ടീമിൽ കാര്യമായ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ല.
അടിയറവ് പറഞ്ഞതെല്ലാം ചെറിയ ടീമുകളുമായി
ഫിഫ റാങ്കിങ്ങിൽ 179-ാം സ്ഥാനത്തുള്ള മൗറീഷ്യസിനെതിരേയായിരുന്നു ഈ വർഷത്തെ ഇന്റർകോണ്ടിനെന്റൽ ടൂർണമെന്റിലെ ആദ്യ മത്സരം. ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില് നടന്ന മത്സരത്തിൽ മുന്നേറ്റനിര പൂർണ്ണമായും പരാജയപ്പെട്ടു. ഗോൾ നേടിയില്ലെന്ന് മാത്രമല്ല, ഗോളിലേക്കുള്ള ശ്രമങ്ങൾ സൃഷ്ടിക്കാനും താരങ്ങൾക്ക് കഴിഞ്ഞില്ല. ഇതിലും മോശമായി കളിക്കാൻ ഒരു ടീമിനും കഴിയില്ല എന്നാണ് ഇന്ത്യൻ ടീമിന്റെ പ്രകടനത്തെ കുറിച്ച് മത്സര ശേഷം പുതിയ പരിശീലകൻ മാർക്വേസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ശേഷം സിറിയയോട് നടന്ന നിർണായക മൽസരത്തിലും തോറ്റു. 2007 ലും 2009 ലും സിറിയയെ തോൽപ്പിച്ച് നെഹ്റു കപ്പ് നേടിയിട്ടുള്ള ഇന്ത്യ കലണ്ടർ വർഷത്തിൽ ആശ്വാസ ജയവും കിരീടവും നേടാനുള്ള സുവർണാവസരവും പാഴാക്കി. അതിന് മുമ്പ് നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഫിഫ റാങ്കിങ്ങിൽ 151-ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റപ്പോൾ 131-ാം സ്ഥാനത്തുള്ള കുവൈത്തുമായി ഗോൾ രഹിത സമനിലയിലായി. ഉസ്ബക്കിസ്ഥാനോടും സിറിയയോടും ഖത്തറിനോടും ആസ്ട്രേലിയയോടും സമാനമായ രീതിയിൽ തോൽവി വഴങ്ങി.
2024 ൽ അടിച്ച വിവാദ സെൽഫ് ഗോളുകൾ
എതിർടീമുകളുടെ പോസ്റ്റിലേക്ക് അടിക്കുന്ന ഗോളുകളുടെ എണ്ണത്തിൽ കുറവാണെങ്കിലും വിവാദ സെൽഫ് ഗോളുകളാൽ സമ്പന്നമായിരുന്നു ഇന്ത്യൻ ഫുട്ബോളിന്റെ 2024 കാലം. ലൈംഗികാതിക്രമവും വനിത താരങ്ങൾക്ക് നേരെ കയ്യേറ്റവും അഴിമതിയും ജ്യോതിഷ വിവാദവുമടക്കം പിറകോട്ടാണ് ഇന്ത്യയിൽ ഇക്കാലയളവിൽ ഫുട്ബോൾ ഉരുണ്ട് നീങ്ങിയത്. മാർച്ചിൽ ഗോവയിൽ സമാപിച്ച ഇന്ത്യൻ വിമൻസ് ലീഗിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ ദീപക് ശർമ്മ ഹോട്ടൽ റൂമിൽ കയറി വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു.
നാണക്കേടായി ലൈംഗികാതിക്രമങ്ങൾ..
ടീം യാത്രകളില് പരസ്യമായി മദ്യപിക്കുകയും ലഹരിയുപയോഗിക്കുകയും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നതായി താരങ്ങൾ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ എഐഎഫ്എഫ് തുടക്കത്തിൽ തയ്യാറായിരുന്നില്ല. ശേഷം ഉയർന്ന വ്യാപക പ്രതിഷേധത്തിനൊടുവിൽ അദ്ദേഹത്തെ പിന്നീട് സസ്പെൻഡ് ചെയ്തു. സമാനമായ സംഭവം 2024 ന്റെ തുടക്കത്തിലുമുണ്ടായിരുന്നു. ഇത്തവണ താരങ്ങൾക്ക് പകരം ഐഐഎഫ്എഫ് ഹെഡ്ക്വാർട്ടേഴ്സിലെ ജീവനക്കാരി തന്നെയാണ് അതിക്രമത്തിനിരയായത്. ഇന്റേണൽ കമ്മറ്റിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഐഎഫ്എഫിലെ മുതിർന്ന ജീവനക്കാരനെ പിന്നീട് സസ്പെൻഡ് ചെയ്തു.
അഴിമതിയുടെ കറയും..
ഈ രണ്ട് വിവാദങ്ങൾക്ക് പുറമെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ അഴിമതിയാരോപണങ്ങളിൽ പെട്ടതും കളങ്കമായി. ഫെഡറേഷന്റെ നിയമ ഉപദേഷ്ടാവ് നിലഞ്ജൻ ഭട്ടാചാരി തന്നെയാണ് പ്രസിഡന്റിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി രംഗത്തെയിരുന്നത്. ടെൻഡർ നൽകുന്നതിലും കരാർ നൽകുന്നതിലും കല്യാൺ ചൗബേ കോടികളുടെ അഴിമതി നടത്തിയതായി നിലഞ്ജൻ ഭട്ടാചാരി മോദിക്ക് തുറന്ന കത്തെഴുതിയിരുന്നെങ്കിലും ചൗബേ ഇപ്പോഴും പ്രസിഡന്റ് സ്ഥാനത്ത് തന്നെ തുടരുകയാണ്. നേരത്തെ ഫെഡറേഷന്റെ ഔദ്യോഗിക ക്രെഡിറ്റ് കാർഡുകൾ പേഴ്സണൽ ആവശ്യത്തിനായി ചൗബേ ഉപയോഗിക്കുന്നുവെന്നാരോപിച്ച് ആന്ധ്രാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് രംഗത്തെത്തിയിരുന്നു.
കവടി നിരത്തി ടീം ഇലവൻ തിരഞ്ഞെടുപ്പ്
2019 മുതൽ ഈ അടുത്ത് വരെ ടീമിന്റെ പരിശീലക സ്ഥാനത്തുണ്ടായിരുന്ന ഇഗോർ സ്റ്റിമാച്ച് പിടിച്ച പുലിവാലാണ് മറ്റൊന്ന്. ടീം ഇലവൻ തിരഞ്ഞെടുപ്പിന് സ്റ്റിമാച്ച് ഫെഡറേഷനിൽ നിന്ന് കോടികൾ ചിലവഴിച്ച് ജ്യോതിഷിയെ നിയമിച്ചതാണ് വിവാദമായത്. പെർഫോമൻസിനും ഫിറ്റ്നസിനും അപ്പുറം ജ്യോതിഷി ഭൂപേഷ് ശർമ്മയുടെ നിർദേശപ്രകാരം താരങ്ങളുടെ നക്ഷത്ര ഫലത്തിനായിരുന്നു സ്റ്റിമാച്ച് പ്രാധാന്യം കൊടുത്തിരുന്നത്. അറ്റാക്കിങ്, ഡിഫൻഡിങ്, സബ്സിറ്റൂഷ്യൻ പോളിസി വരെ തീരുമാനിച്ചത് ഭൂപേഷിന്റെ കവടിയിലെ ഗ്രഹനിലയ്ക്ക് അനുസരിച്ചായിരുന്നു. ഫുട്ബോൾ ഫെഡറേഷന്റെ അഖിലേന്ത്യ സെക്രട്ടറി തന്നെയായിരുന്നു ഇതിന് ഒത്താശ നൽകിയത് എന്നതാണ് ഏറ്റവും ദയനീയത. സംഭവം വലിയ വിവാദമാവുകയും ഭൂപേഷും സ്റ്റിമാച്ചും തമ്മിലുള്ള സന്ദേശങ്ങൾ പുറത്ത് വരുകയും ചെയ്തെങ്കിലും ഫെഡറേഷൻ അന്ന് സ്റ്റിമാച്ചിനെ സംരക്ഷിക്കുകയും കരാർ വീണ്ടും നീട്ടി കൊടുക്കുകയും ചെയ്തു.
മുൻനിര രാജ്യങ്ങളും ക്ലബുകളും ലീഗുകളും ടീമുകളുടെയും താരങ്ങളുടെയും പെർഫോമൻസ് അനാലിസിസിലും ഫോർമേഷൻ സ്ട്രാറ്റജിയിലുമൊക്കെ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കൂടി സാധ്യതകൾ ഉപയോഗിക്കുമ്പോയായിരുന്നു കവടി നിരത്തിയുള്ള ഇന്ത്യൻ ഫുട്ബോളിന്റെ കളി. ഒടുവിൽ തുടർച്ചയായ തോൽവികളിൽ കായിക പ്രേമികളുടെ വ്യാപക പ്രതിഷേധമുയർന്നതോടെ കഴിഞ്ഞ മാസം എഐഎഫ്എഫ് സ്റ്റിമാച്ചിനെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റി. 2026 വരെയുള്ള കാരാർ തനിക്കുണ്ടായിരുന്നുവെന്നും നഷ്ടപരിഹാരം നല്കണമെന്നുമാവശ്യപ്പെട്ട് ക്രൊയേഷ്യൻ പരിശീലകൻ നിയമ നടപടിക്കൊരുങ്ങി. അവസാനം നാല്പത് ലക്ഷം ഡോളർ (ഏകദേശം 3.36 കോടി) രൂപ നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് എഐഎഫ്എഫ് തടി തപ്പി.
ഛേത്രിക്ക് പകരക്കാരില്ല
ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ത്യൻ ഫുട്ബോളിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പത്ത് സീസണുകൾ കഴിഞ്ഞിട്ടും ഛേത്രിയെ പോലൊരു താരത്തിന് പകരക്കാരനെ കണ്ടെത്താൻ ഇന്ത്യൻ ഫുട്ബോളിന് കഴിഞ്ഞില്ല എന്നത്. 151 കളിയില് നിന്ന് 94 ഗോളുമായി രാജ്യാന്തര ഗോൾ വേട്ടയിൽ സാക്ഷാൽ മെസ്സിക്കും റൊണാൾഡോക്കും പിന്നിൽ നിൽക്കുന്ന ഛേത്രിക്ക് അടുത്തെത്താൻ പോലും ആർക്കും കഴിഞ്ഞില്ല. നീണ്ട കരിയറിനവസാനം 2024 ൽ അദ്ദേഹം കളമൊഴിഞ്ഞപ്പോൾ ഗോളടിക്കാനും മുന്നേറ്റത്തിൽ മുന്നേ ഓടുവാനും പകരക്കാരൻ ആരുണ്ട് എന്ന ചോദ്യം കൂടിയാണ് ബാക്കിയായത്. അതിന് ഉത്തരം കണ്ടെത്താൻ ഇന്ത്യൻ ഫുട്ബോൾ ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടി വരും.
ഗ്രാസ് റൂട്ടിൽ കളി നടക്കാത്തത് പ്രധാന വെല്ലുവിളി
ഐ എസ് എൽ ടൂർണമെന്റിൽ മാത്രമൊതുങ്ങി പോകുന്നു ഇന്ത്യയിലെ ഫുട്ബോൾ എന്നതാണ് പ്രധാന പ്രശ്നം. ഇന്ത്യയിലെ പ്രധാന ലീഗായ ഐഎസ്എൽ ക്ലബുകൾക്ക് വരെ ഗ്രാസ് റൂട്ട് ലെവലിൽ അക്കാദമികളില്ല. ക്ലബുകളുടെ അംഗീകാരത്തിന് ഗ്രാസ്റൂട്ട് പ്രവർത്തനങ്ങൾ നിർബന്ധമാണെന്ന ഫിഫ നിയമം നിലനിൽക്കുമ്പോൾ തന്നെയാണ് ഇത്. ഐ ലീഗ് ടൂർണമെന്റും ഡ്യൂറൻഡ് കപ്പും ശവമഞ്ചലിലേറിയിട്ട് വർഷങ്ങളായി. റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ പിന്നിലുണ്ടായിരുന്ന രാജ്യങ്ങളും രാജ്യത്തെ ഒരു ജില്ലയുടെ വലിപ്പമുള്ള രാജ്യങ്ങളും അടുത്ത കാലത്ത് വലിയ മുന്നേറ്റമുണ്ടാക്കുമ്പോൾ ഇന്ത്യ മാത്രം കിതക്കുകയാണ്.
2018 ലോകകപ്പിൽ ഫിഫ കൊണ്ട് വന്ന് തുടർന്നുള്ള വർഷങ്ങളിൽ ലോകത്തെ ഒട്ടുമിക്ക എല്ലാ ലീഗുകളും നടപ്പിലാക്കിയ വാർ സംവിധാനം 2024 ലും ഇന്ത്യയിലിലില്ല. ഫുട്ബോൾ മൈതാനത്തെ മത്സരത്തെക്കാൾ പുറത്ത് വിവാദങ്ങളുടെ മത്സരത്തിനാണ് തലപ്പത്തുള്ളവർക്ക് താല്പര്യം എന്നർത്ഥം. 2025 ലും അതിൽ വലിയ മാറ്റമുണ്ടാകുമെന്ന് കരുതാൻ തത്കാലം നിവൃത്തിയില്ല.
Content Highlights: indian football flash back on 2024