2024 രഞ്ജി ട്രോഫിയിൽ മധ്യപ്രദേശും ബംഗാളും തമ്മിൽ നടക്കുന്ന ഒരു മത്സരം. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഒരു സാധാരണ മത്സരമെന്നാണ് കരുതിയത്. പക്ഷേ മത്സരം പുരോഗമിച്ചപ്പോൾ ആ മത്സരം വാർത്തകളിൽ നിറഞ്ഞു. ഒരു വർഷത്തിന്റെ ഇടവേളയിൽ മുഹമ്മദ് ഷമി കളിക്കളത്തിൽ തിരിച്ചെത്തിയിരിക്കുന്നു. അതായിരുന്നു ക്രിക്കറ്റ് ലോകത്ത് ഈ മത്സരത്തിന്റെ പ്രധാന്യമുയർത്തിയത്. ബംഗാളിനായി 44 ഓവറുകൾ എറിഞ്ഞ ഷമി അന്ന് ഏഴ് വിക്കറ്റുകൾ സ്വന്തമാക്കി. പിന്നെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിൽ 11 ദിവസത്തിൽ ആറ് മത്സരങ്ങൾ. 23.3 ഓവറുകളിൽ നിന്നായി ആറ് വിക്കറ്റുകൾ. തന്റെ പ്രതിഭയ്ക്കും കായികക്ഷമതയ്ക്കും മാറ്റമില്ലെന്ന് അയാൾ തെളിയിച്ചുകഴിഞ്ഞു. അതെ, ഷമി തിരിച്ചുവരാനൊരുങ്ങുകയാണ്.
തിരിച്ചടികളിൽ നിന്നും എന്നും തിരിച്ചുവരവുകൾ നടത്തിയാണ് അയാൾക്ക് ശീലം. 2023ലെ ഏകദിന ലോകകപ്പിന്റെ ആവേശം രാജ്യമെങ്ങും അലയടിക്കുന്ന സമയം. അന്ന് ആദ്യ മത്സരങ്ങൾ കളിക്കാതിരിന്നിട്ടും അയാൾ ലോകകപ്പിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി. കണങ്കാലിനേറ്റ പരിക്കിനെ അവഗണിച്ചാണ് അയാൾ കളത്തിലിറങ്ങിയത്. ലോകകപ്പിന് ശേഷം അയാൾ പരിക്കിന്റെ ചികിത്സയിലായിരുന്നു. ഒരു വർഷത്തോളം കളത്തിൽ നിന്ന് വിട്ടുനിന്നു. ട്വന്റി 20 ലോകകപ്പും ഐപിഎല്ലും നഷ്ടമായി. പക്ഷേ അതിലേറെ ഗംഭീരമായ തിരിച്ചുവരവ് ഷമി നടത്തിക്കഴിഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ഓരോ തവണ സംശയിക്കുമ്പോഴും അയാൾ തന്റെ കഴിവുകൊണ്ട് മറുപടി പറഞ്ഞിട്ടുണ്ട്. 2015ലെ ഏകദിന ലോകകപ്പിൽ കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം. എന്നിട്ടും ആ കാലയളവിൽ മറ്റു പലർക്കും വേണ്ടി വഴിമാറേണ്ടി വന്നിട്ടുണ്ട് ഷമിയ്ക്ക്. 2019ലെ ഏകദിന ലോകകപ്പിൽ കളിക്കാൻ അവസരം ലഭിച്ചത് നാല് മത്സരങ്ങളിൽ മാത്രം. എന്നിട്ടും 14 വിക്കറ്റുകൾ ഷമി സ്വന്തം പേരിൽ കുറിച്ചു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കമന്ററി ബോക്സിൽ നിന്ന് മുഹമ്മദ് ഷമിയെയും ജസ്പ്രീത് ബുംമ്രയെയും താരതമ്യപ്പെടുത്തി ഒരു ഡയലോഗ് ഉയർന്നിരുന്നു. ലോക ഒന്നാം നമ്പർ ബൗളറും മുഹമ്മദ് ഷമിയും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്നായിരുന്നു ആ വാക്കുകൾ. അതിന് ഷമി മറുപടി പറഞ്ഞത് ഹാട്രിക് നേട്ടത്തോടെ ആയിരുന്നു. എന്നിട്ടും നിർണായകമായ സെമി ഫൈനലിൽ അയാൾ പകരക്കാരന്റെ ബെഞ്ചിലായിരുന്നു ഉണ്ടായിരുന്നത്.
2023ലെ ഏകദിന ലോകകപ്പിലും ആദ്യ മത്സരങ്ങളിൽ ഷമിക്ക് അവസരം ലഭിച്ചിരുന്നില്ല. ഹാർദിക്ക് പാണ്ഡ്യയെയും ഷാർദുൽ താക്കൂറിനെയുമാണ് ഇന്ത്യ ആദ്യ ഇലവനിലേക്ക് പരിഗണിച്ചിരുന്നത്. ഹാർദിക്കിലെ ഓൾറൗണ്ടർ പരിക്കേറ്റ് വീണു. ഷാർദുലിന്റെ പ്രകടനം മോശമായി. ഏഴാം നമ്പറിന് ശേഷം ബാറ്റിങ്ങിൽ സംഭാവന ചെയ്യാൻ ആരുമില്ല. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലാണ് ഇന്ത്യൻ ടീമിലേക്ക് മുഹമ്മദ് ഷമി കടന്നുവന്നത്. ഓൾ റൗണ്ടർമാരുടെ അഭാവം തന്റെ ബൗളിങ് മികവുകൊണ്ട് ഷമി ഒഴിവാക്കി നൽകി. ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായി ഷമി മാറി. ഏകദിന ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരം. ഓരോ തിരിച്ചടികൾക്കും അയാൾ മറുപടി പറഞ്ഞത് വിക്കറ്റുകൾ എറിഞ്ഞിട്ടായിരുന്നു.
ജന്മംകൊണ്ട് ഉത്തർപ്രദേശുകാരനാണ് മുഹമ്മദ് ഷമി. ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിൽ പേസ് ബൗളറായി കളിക്കണമെന്ന് ആഗ്രഹിച്ച പിതാവിന്റെ മകൻ. തനിക്ക് സാധിക്കാതെ പോയത് തന്റെ മകനിലൂടെ പൂർണതയിലെത്തിച്ച തൗസീഫ് ഖാൻ എന്ന പിതാവ്. അയാൾ തന്റെ മകനെ കൊൽക്കത്തയിലേക്ക് അയച്ചു. അവിടെ ഷമിയുടെ കഠിനാദ്ധ്വാനം ഇന്ത്യൻ മുൻ നായകൻ സൗരവ് ഗാംഗുലിയുടെ ശ്രദ്ധയിൽപ്പെട്ടു. പിന്നെ ബംഗാൾ ടീമിൽ ഷമി ആഭ്യന്തര ക്രിക്കറ്റ് കളിച്ചുതുടങ്ങി.
2013ൽ ഭുവനേശ്വർ കുമാറിനൊപ്പം ഇന്ത്യൻ ടീമിലേക്ക് കടന്നുവന്ന താരം. ഇന്ത്യൻ ക്രിക്കറ്റിൽ തലമുറമാറ്റത്തിന്റെ കാലമായിരുന്നു അത്. റിവേഴ്സ് സ്വിങുകൾകൊണ്ട് ഇന്ത്യയ്ക്ക് അകത്തും പുറത്തും ഷമി തന്റെ മികവ് പുറത്തെടുത്തുകൊണ്ടിരുന്നു. പക്ഷേ അയാളെ തേടി ജീവിതത്തിലെ മോശം ദിവസങ്ങളെത്തി. രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടും വിദ്വേഷ ഫാക്ടറികൾ അയാളെ രാജ്യദ്രോഹിയെന്ന് വിളിച്ച് അപമാനിച്ചു. 2021ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ചിയർലീഡറായിരുന്ന ഹസിൻ ജഹാനുമായി ഷമി പ്രണയത്തിലായി. പക്ഷേ കുടുംബ ജീവിതം അയാളെ നയിച്ചത് വിഷാദത്തിന്റെ ആഴങ്ങളിലേക്കാണ്. ഗാർഹിക പീഢനം, ഒത്തുകളി വിവാദം തുടങ്ങിയ ആരോപണങ്ങൾ ഇക്കാലത്ത് ഷമിക്കെതിരെ ഉണ്ടായി. ആദ്യ വിവാഹം നടന്നതും അതിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നതും ഹസിൻ തന്നോട് പറഞ്ഞില്ലെന്ന് ഷമി ആരോപിച്ചു. പലതവണ ഷമി ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നതായി പിന്നീട് വെളിപ്പെടുത്തലുകൾ പുറത്തുവന്നു.
എല്ലാ തിരിച്ചടികളിൽ നിന്നും ഷമി തിരിച്ചുവരുന്നത് തന്റെ ബൗളിങ് മികവുകൊണ്ടാണ്. അധികകാലം ഷമിയെ തടഞ്ഞുനിർത്താൻ ആർക്കും കഴിയില്ല. കാരണം അയാളുടെ കരിയറിൽ, ജീവിതത്തിൽ പോരാട്ടവീര്യം എന്നൊന്ന് എഴുതിവെച്ചിട്ടുണ്ട്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ വൈകാതെ തന്നെ ഇന്ത്യൻ ജഴ്സിയിൽ ഷമിയെ നമുക്ക് കാണാനാകുമെന്നുറപ്പാണ്.
Content Highlights: Mohammed Shami awaits to back in Indian team despite proven his bowling abiltiy and fitness