ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിൻ ഇതിഹാസങ്ങളിലൊരാളായ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. മൂന്ന് ഫോർമാറ്റുകളിലും കൂടി 700 വിക്കറ്റെന്ന അപൂർവ നായിക കല്ല് പിന്നിട്ട ചുരുക്കം താരങ്ങളിലൊരാളാണ് അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് ടേക്കർ. 106 ടെസ്റ്റുകളിൽനിന്ന് 537 വിക്കറ്റുകളാണ് അശ്വിൻ നേടിയത്. ഇതിൽ 37 അഞ്ച് വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു. ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ താരവും അശ്വിനാണ്.
116 ഏകദിനങ്ങളിൽ നിന്ന് 156 വിക്കറ്റുകളും 65 ടി 20 മത്സരങ്ങളിൽ നിന്ന് 75 വിക്കറ്റുകളും താരവും നേടി. ബൗളറായുള്ള താരത്തിന്റെ റെക്കോർഡ് ബുക്കിലെ കണക്കുകൾ അനന്തമായി ഇങ്ങനെ നീളുമെങ്കിലും അധികം ആരും ഓർത്തുവെക്കാത്തതോ ചർച്ച ചെയ്യപ്പെടാത്തതോ ആയ ചില ബാറ്റിങ് പ്രകടനമുണ്ട്. അശ്വിൻ തന്നെ ഒരു ലോകോത്തര ഓൾ റൗണ്ടറായി പരിവർത്തനം നടത്തിയത് അങ്ങനെയുള്ള പ്രകടനങ്ങളിലായിരുന്നു.
2022 ലോകകപ്പിലെ ഇന്ത്യ പാകിസ്താൻ മാച്ചായിരുന്നു അതിൽ പ്രധാനപ്പെട്ട ഒന്ന്. അന്ന് ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഷാൻ മസൂദിന്റെയും ഇഫ്തിഖാർ അഹമ്മദിന്റെയും അർധ ശതകത്തിന്റെ ബലത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മുൻ നിര ആകെ പതറിപ്പോയെങ്കിലും കോഹ്‌ലി, ഹർദിക് പാണ്ട്യ എന്നിവരുടെ മികവിൽ വിജയത്തിന് തൊട്ടടുത്തെത്തി.
എന്നാൽ അപ്രതീക്ഷിതമായി അവസാന ഓവറിൽ തുടർ ട്വിസ്റ്റുകളെത്തി. ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യയും അഞ്ചാം പന്തിൽ ദിനേശ് കാർത്തിക്കും പുറത്തായി എട്ടാമനായി അശ്വിൻ ക്രീസിലെത്തുമ്പോൾ ഇന്ത്യയ്ക്ക് വേണ്ടത് ഒരു പന്തിൽ ഒരു റൺ മാത്രം. പന്ത് ഡോട്ട് ബോളാക്കാനായിരുന്നു സ്പിന്നർ നവാസിന്റെ പ്ലാൻ. സ്ട്രോക്ക് കളിക്കാൻ സ്പേസ് ഉണ്ടാക്കാനായി അശ്വിൻ ലെഗ് സൈഡിലേക്ക് നീങ്ങുമെന്ന് കണക്കാക്കിയ നവാസ് അങ്ങനെ ലെഗ് സൈഡിലേക്ക് പന്തെറിയുന്നു. അത്യന്തം ഉദ്യോഗവും ടെൻഷനും നിറഞ്ഞ ആ സമയത്ത് പരിചയ സമ്പത്തുള്ള ഒരു മുൻ നിര ബാറ്ററി പോലും ചെയ്തേക്കില്ലാത്ത അപാര നീക്കമാണ് അശ്വിൻ നടത്തിയത്.
വളരെ കൂൾ ആയി പന്ത് ലെഗ് സൈഡിലൂടെ വിക്കറ്റ് കീപ്പറുടെ കൈകളിലേക്കെത്തുന്നത് നോക്കിനിന്നു അന്ന് അശ്വിൻ. ഫലത്തിലോ ഇന്ത്യ ചിര വൈരികളെന്ന് പറയപ്പെടുന്ന പാകിസ്താനെ തോൽപ്പിക്കുകയും ചെയ്തു. ആ നീക്കത്തെ അന്ന് മുൻ നിര ബാറ്റർമാരും മുൻ ഇതിഹാസങ്ങളും വരെ പ്രശംസിച്ചു രംഗത്തെത്തി. പന്തിൽ തലയൊട്ടിച്ചു വെച്ച് സ്പിൻ കൊണ്ട് തോമസ് ആൽവാ എഡിസൺ കളിക്കുന്ന അശ്വിന് എതിർ ബൗളറുടെ നീക്കം മനസ്സിലാക്കാൻ അവിടെ അധികം സമയം വേണ്ടി വന്നില്ല എന്നതായിരുന്നു ചുരുക്കം.
Ravi Ashwin's best moments while batting. pic.twitter.com/SuGKkKui5r
— Mufaddal Vohra (@mufaddal_vohra) December 18, 2024
2021ൽ സിഡ്നി ടെസ്റ്റാണ് മറ്റൊരു ഉദാഹരണം. ആദ്യ ഇന്നിങ്സിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അന്ന് 338 റൺസാണ് നേടിയത്. ഇന്ത്യയുടെ മറുപടി ബാറ്റിങ് അന്ന് 244 ലവസാനിച്ചു. ശേഷം ഓസീസ് രണ്ടാം ഇന്നിങ്സിൽ 334 റൺസിന് ഡിക്ലയർ ചെയ്തു. ഇതോടെ അവസാന ദിനത്തിൽ ഇന്ത്യയുടെ വിജയ ലക്ഷ്യം 407 റൺസായി പുനനിശ്ചയിക്കപ്പെട്ടു. പന്തിന്റെ 97 റൺസിന്റെയും പുജാരയുടെ 77 റൺസിന്റെയും മികവിൽ ഇന്ത്യ വിജയത്തിന് തൊട്ടടുത്തെത്തി. എന്നാൽ 89-ാം ഓവറിൽ പുജാര വീണതോടെ ഇന്ത്യയുടെ പ്രതീക്ഷയെല്ലാം അസ്തമിച്ചു. ക്രീസിലുള്ളത് അശ്വിനും പുതുമുഖക്കാരനായ ഹനുമ വിഹാരിയും ശേഷം വരാനുള്ളത് ഇന്ത്യയുടെ വാലറ്റവുമായിരുന്നു. മറുവശത്ത് പന്തെറിയുന്നതാകട്ടെ സ്റ്റാർക്കും കമ്മിൻസും ഹേസൽവുഡുമുള്ള തീ നിര.
When nobody thought that Ashwin could bat in top order and can be used as a Floater, RR unleashed power hitting skills inside him.
— AdityaRRaj (@RR_for_LIFE) December 18, 2024
He also won 3-4 matches purely with his batting.
He has also admired that RR played an important role in his career. pic.twitter.com/jkxGTt82PG
എന്നാൽ പക്ഷെ അന്ന് അശ്വിനും വിഹാരിയും ക്രീസിൽ പിടിച്ചു നിന്നു. വിക്കറ്റുകൾ പോകാതെ പ്രതിരോധിച്ച് 258 പന്തുകൾ നേരിട്ടു. 128 പന്തുകളിൽ 39 റണ്ണുമായി അശ്വിനും 161 പന്തുകളിൽ 23 റണ്ണുമായി വിഹാരിയും ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്തു. ഇന്ന് ഇന്ത്യൻ ബാറ്റർമാരെ വിറപ്പിച്ച് കൊണ്ടിരിക്കുന്ന സ്റ്റാർക്കും ഹേസൽവുഡും കമ്മിൻസുമെല്ലാം ആവോളം വെള്ളം കുടിച്ചു. ഓസീസ് തീപന്തങ്ങൾക്കെതിരെ പിടിച്ചു നിൽക്കാൻ ആ ദിവസം തനിക്ക് പ്രചോദനവുമായത് അശ്വിന്റെ വിട്ടുകൊടുക്കാത്ത മനോഭാവവും അപാര മനസ്സാനിദ്ധ്യവുമായിരുന്നവെന്ന് വിഹാരി പിന്നീട് പറയുന്നുണ്ട്.
ഇത് കൂടാതെ ടെസ്റ്റിൽ ആറ് സെഞ്ച്വറികളും പതിനാല് അർധ സെഞ്ച്വറികളും താരം നേടി. ടെസ്റ്റിൽ മൂവായിരത്തഞ്ഞൂറ് റൺസും അഞ്ഞൂറ് വിക്കറ്റും നേടിയിട്ടുള്ള ലോകത്തെ മൂന്ന് താരങ്ങളിൽ ഒരാളായി. ഏകദിനത്തിലും ടി 20 യിലും സമാന രക്ഷാപ്രവർത്തനങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി നടത്തി. ഇന്നും ടെസ്റ്റ് റാങ്കിങ്ങിൽ ബൗളർമാരിൽ അഞ്ചാമനാണ് അശ്വിൻ. പക്ഷെ ഓൾ റൗണ്ടർ റാങ്കിങ്ങിൽ മൂന്നാമൻ. സ്വരം നിർത്തുമ്പോൾ പാട്ട് നിർത്തുന്ന പല്ലവി പോലെ അശ്വിൻ വിരമിക്കുമ്പോൾ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത് പന്തിനെ തൂക്കം സമത്തിൽ ബാറ്ററെ അളക്കുന്ന തോമസ് ആൽവാ എഡിസണെ മാത്രമല്ല, ബൗളറുടെ പരുന്ത് നീക്കങ്ങളെ റണ്ണിലേക്ക് റാഞ്ചിയെടുക്കുന്ന ഒരു പെർഫെക്റ്റ് ഓൾ റൗണ്ടറെ കൂടിയാണ്.
Content Highlights: a tribute to ravichandran ashwin, indias perfect all rounder in history