വാർണർ മുതൽ അശ്വിൻ വരെ; 2024 കലണ്ടർ വർഷം ലോക ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഏഴ് ഇതിഹാസങ്ങൾ

ബോർഡർ ഗാവസ്‌കർ ട്രോഫി പരമ്പരയുടെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ വിരമിച്ചത് വലിയ വാർത്തയായിരുന്നു

dot image

2024 കലണ്ടർ വർഷം തീരാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ടി 20 ലോകകപ്പാണ് ഈ വർഷം ക്രിക്കറ്റിൽ നടന്ന പ്രധാന ടൂർണമെന്റ്. യു എസ് എയിലും വെസ്റ്റ് ഇൻഡീസിലും വെച്ച് നടന്ന ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടി. 2024 കലണ്ടർ അവസാനിക്കുമ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ആരൊക്കെയെത്തും എന്നതാണ് ക്‌ളൈമാക്‌സ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയാണ് ഇപ്പോൾ നടക്കുന്ന പ്രധാന പരമ്പര. പരമ്പരയുടെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ വിരമിച്ചത് വലിയ വാർത്തയായിരുന്നു.

തലമുറമാറ്റം ഏറെ നടന്ന ഈ വർഷത്തിൽ വിരമിച്ച മറ്റ് പ്രാധാന താരങ്ങൾ ആരൊക്കെയാണെന്ന് കൂടി നോക്കാം. ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസറായ ജെയിംസ് ആൻഡേഴ്‌സൺ വിരമിച്ചത് ജൂലായ് 12 നായിരുന്നു. നീണ്ട കാൽ നൂറ്റാണ്ടിന്റെ കരിയറിനാണ് താരം വിരാമമിട്ടത്. 704 ടെസ്റ്റ് വിക്കറ്റുകൾ നേടിയിട്ടുള്ള താരം വിരമിച്ചതോടെ ഇംഗ്ലീഷ് ക്രിക്കറ്റിൽ വലിയ തലമുറ മാറ്റമാണ് നടന്നത്. ടെസ്റ്റിൽ മാത്രമല്ല ഏകദിനത്തിലും മികച്ച വിക്കറ്റ് ടേക്കറായിരുന്നു ആൻഡേഴ്‌സൺ. 194 ഏകദിനങ്ങളിൽ നിന്ന് 262 വിക്കറ്റുകളാണ്‌ താരം നേടിയത്.

ഓസീസിന്റെ ഇതിഹാസ ബാറ്ററായിരുന്ന വാർണറാണ് 2024 ൽ വിരമിച്ച പ്രധാന മറ്റൊരു താരം. ടെസ്റ്റിൽ 112 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 8786 റൺസ് നേടി. 26 സെഞ്ച്വറികളും 37 അർധ സെഞ്ച്വറികളും നേടി. 161 ഏകദിനങ്ങൾ കളിച്ച താരം 6932 റൺസ് നേടി. 22 സെഞ്ച്വറികളും 33 അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. 110 ടി 20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 3277 റൺസ് നേടി.

ഇന്ത്യൻ ക്രിക്കറ്ററായ ദിനേശ് കാർത്തിക്കാണ് ഈ വർഷം വിരമിച്ച മറ്റൊരു താരം. ഐപിഎൽ ഉൾപ്പെടെ എല്ലാ ക്രിക്കറ്റ് ഫോർമാറ്റിൽ നിന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 94 ഏകദിന മത്സരങ്ങളിലിൽ നിന്ന് 1752 റൺസ് നേടി. 26 ടെസ്റ്റ് മത്സരങ്ങൾ കളിച്ച് 1025 റൺസ് നേടി. 60 ടി 20 മത്സരങ്ങളിൽ നിന്നായി 685 റൺസും ഇന്ത്യയ്ക്ക് വേണ്ടി നേടി. 257 ഐപിഎൽ മാച്ചുകളിൽ നിന്നായി 4842 റൺസും നേടി.

ശിഖർ ധവാനാണ് വിരമിച്ച മറ്റൊരു താരം. ആഗസ്റ്റ് 24 നാടായിരുന്നു ആഭ്യന്തര, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 2022 ഡിസംബറിൽ ബംഗ്ലദേശിനെതിരെയായിരുന്നു ഇന്ത്യയ്ക്കുവേണ്ടി അദ്ദേഹം അവസാനമായി കളിച്ചത്. ഇന്ത്യയ്ക്കുവേണ്ടി എല്ലാ ഫോർമാറ്റുകളിലുമായി 288 ഇന്നിങ്‌സുകളിൽ നിന്ന് അദ്ദേഹം 10,867 റൺസ് നേടി.

ഹാമിൽട്ടണിലെ സെഡൺ പാർക്കിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡ് വിജയിച്ചതിന് പിന്നാലെ വിരമിച്ച സൗത്തിയാണ് മറ്റൊരു താരം. 17 വർഷം നീണ്ട കരിയറിൽ താരം 391 ടെസ്റ്റ് വിക്കറ്റുകൾ നേടി. 107 ടെസ്റ്റുകളാണ് താരം കളിച്ചത്. 161 ഏകദിന മത്സരങ്ങൾ കളിച്ച താരം 221 വിക്കറ്റുകൾ നേടി. 126 ടി 20 മത്സരങ്ങളിൽ നിന്ന് 164 വിക്കറ്റുകളും നേടി.

ഓസ്‌ട്രേലിയൻ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ടിൻ്റെ വൈറ്റ് ബോൾ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷമായിരുന്നു മൊയിൻ അലിയുടെ വിരമിക്കൽ. ജൂൺ 27-ന് ഗയാനയിൽ നടന്ന ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ 37-ആം വയസ്സിൽ ആയിരുന്നു അദ്ദേഹത്തിൻ്റെ അവസാന മത്സരം.

ഇംഗ്ലണ്ടിനായി 305 ഇന്നിങ്‌സുകളിൽ നിന്ന് 6,678 റൺസും 366 വിക്കറ്റും അദ്ദേഹം നേടി. ന്യൂസിലാൻഡ് പേസറായ നീൽ വാഗ്നറാണ് 2024 ൽ വിരമിച്ച മറ്റൊരു താരം. ഫെബ്രുവരി 27 നാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 64 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരം 260 വിക്കറ്റുകൾ നേടി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ന്യൂസിലാൻഡ് ടീമിലും അംഗമായിരുന്നു.

Content Highlights:seven cricketers who retired in 2024 and will be missed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us