ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ് ഗാലറി. നിശ്ചിത സമയത്തിലെ ഗോൾരഹിത സമനില. അധിക സമയത്ത് ഓരോ ഗോളിന്റെ സമനില! എല്ലാം കടന്ന് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ എഴുപത്തിയഞ്ചാം പതിപ്പിന്റെ കലാശപ്പോര് പെനാൽറ്റി ഷൂട്ടൗട്ട് എന്ന ഭാഗ്യത്തിന്റെയും ലക്ഷ്യത്തിന്റെയും നൂൽപ്പാലത്തിലേക്ക് എത്തിയിരിക്കുന്നു. ആ നിമിഷത്തിലേക്കുള്ള യാത്രയോ, വാക്കുകൾക്ക് വർണിക്കാവുന്നതിലപ്പുറവും.
ബംഗാൾ ജയിച്ചെന്നുറച്ച നിമിഷത്തിൽ, കളി അവസാനിക്കാൻ നാലുമിനിറ്റ് ശേഷിക്കെ വയനാട്ടുകാരൻ മുഹമ്മദ് സഫ്നാദിന്റെ കാലുകളാണ് കേരളത്തിന് മധുരമനോഹര മുഹൂർത്തം സമ്മാനിച്ചത്. തോറ്റെന്നുറപ്പിച്ച്, കാണികളിൽ പലരും ഗാലറി വിടാനൊരുങ്ങവെയാണ് അത്ഭുതം സംഭവിച്ചത്. 25,000 പേരെ മാത്രം ഉൾക്കൊള്ളാവുന്ന സ്റ്റേഡിയം, അതിലുമെത്രയോ പേരെ വഹിച്ചാണ് ആ നിമിഷത്തിന് സാക്ഷിയായത്. തിങ്ങിനിറഞ്ഞ ഗാലറിക്ക് ആനന്ദക്കണ്ണീരിന് വഴി തുറന്നു സഫ്നാദിന്റെ ഗോൾ.
കാണികളാൽ സമ്പന്നമായ മഞ്ചേരിയിൽ, കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിന് തയ്യാറെടുക്കുമ്പോൾ കാണികളുടെ ഊർജ്ജവും അവേശവും ശക്തമായിരുന്നു. ആദ്യ കിക്കെടുത്ത ഇപ്പോഴത്തെ കേരള ടീം ക്യാപ്റ്റൻ പൊലീസ് താരം ജി സഞ്ജുവിന് പിഴച്ചില്ല. ബംഗാളും ആദ്യശ്രമം ലക്ഷ്യം കണ്ടു. പക്ഷെ രണ്ടാം കിക്കിൽ ബംഗാളിന് പിഴച്ചു. കേരളം ആഘോഷിച്ചനേരം.
ബിബിൻ അജയന്റെ രണ്ടാംകിക്ക് ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ ജിജോ ജോസഫ് മൂന്നാം കിക്കും ടി കെ ജെസിൻ നാലാം കിക്കും വലയിലെത്തിച്ചു. പിന്നീടുള്ള ബംഗാളിന്റെ എല്ലാ കിക്കുകളും വലയിലെത്തിയിരുന്നു. ഒടുവിൽ ഫസലുറഹ്മാന്റെ ഊഴം. വലയിലെത്തിയാൽ കേരളത്തിന് ഏഴാം കിരീടം! ആശങ്കയേതുമില്ലാതെ, ഫസൽ കൂൾ. കിക്കെടുത്തു, വല ചലിച്ചു. കേരളത്തിനിതാ കിരീടം!
ഗ്രൂപ്പ് എയിൽ, ബംഗാൾ, പഞ്ചാബ്, മേഘാലയ, രാജസ്ഥാൻ ടീമുകളോട് ഏറ്റുമുട്ടിയാണ് കേരളം 2022ൽ സെമിഫൈനലിലെത്തിയിരുന്നത്. ആദ്യമത്സരത്തിൽ രാജസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോൽപ്പിച്ചു. രണ്ടാം കളിയിൽ കരുത്തരായ ബംഗാളിനെ എതിരില്ലാത്ത രണ്ടുഗോളിന് തോൽപ്പിച്ചതോടെ ബിനോ ജോർജ്ജ് പരിശീലിപ്പിച്ച കേരള സംഘത്തെക്കുറിച്ചായി സംസാരമത്രയും. മൂന്നാം മത്സരത്തിൽ മേഘാലയയുടെ ടിക്കി-ടാക്ക സ്റ്റൈൽ മത്സരത്തിന് മുന്നിൽ പതറിയെങ്കിലും വിജയം കൈവിട്ടില്ല. 2-2 എന്ന സ്കോറിൽ മത്സരം സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പഞ്ചാബിനെ 2-1ന് തോൽപ്പിച്ചതോടെ കേരളം ഒന്നാം സ്ഥാനക്കാരായി സെമിഫൈനലിൽ. സെമിയിൽ കർണാടകയെ തോൽപ്പിച്ചത് മൂന്നിനെതിരേ ഏഴുഗോളിന്. അഞ്ചുഗോളടിച്ച് നിലമ്പൂരുകാരൻ ടി കെ ജെസിൻ നിറഞ്ഞാടിയ മത്സരം ഇന്നും ഫുട്ബോൾ പ്രേമികൾ മറന്നിട്ടുണ്ടാവില്ല. നയനമനോഹരമായിരുന്നു ഏപ്രിൽ 28 എന്ന ആ ദിനം.
മെയ് രണ്ടിന്, ഒരു പെരുന്നാൾ ദിനത്തിന് തലേന്നായിരുന്നു മഞ്ചേരി പയ്യനാട്ടെ സ്റ്റേഡിയത്തിൽ കേരളം സന്തോഷ് ട്രോഫി ഫൈനൽ കളിച്ചത്. കേരളം അവസാനമായി സന്തോഷ് ട്രോഫി ഫൈനൽ കളിച്ചതും കിരീടമണിഞ്ഞതും അന്നായിരുന്നു. കേരളത്തിന് അന്നുമിന്നും മറക്കാനാകാത്തതാണ് മഞ്ചേരിയിലെ മൊഞ്ചുള്ള മൈതാനത്തെ കിരീടനേട്ടം. ഗാലറി തിങ്ങിനിറഞ്ഞു എന്ന വാക്ക് പ്രയോഗിക്കാൻ ഏറ്റവും അനുയോജ്യമായിരുന്നു മഞ്ചേരി. ടിക്കറ്റിന് വേണ്ടി കൗണ്ടറിൽ തിക്കുംതിരക്കും കണ്ട്, ഗാലറിയിൽ നേരത്തേ ഇരിപ്പിടം ഒരുക്കിയ ഫുട്ബോൾ പ്രേമികളുടെ കാഴ്ച്ച കണ്ട് ഫുട്ബോൾ വിദഗ്ധർ മൂക്കത്തു വിരൽവെച്ചു. പണ്ട്, 'മാഞ്ചസ്റ്ററല്ല, ഇത് മഞ്ചേരി' എന്ന് പത്രത്തിലെ ഒരു തലക്കെട്ട് ഓർത്തുപോയി! കാണികളെക്കൊണ്ടും കളിക്കാരെക്കൊണ്ടും കേരളം ജയിച്ച വർഷം.
പിന്നീട് ഭുവനേശ്വറിലും ഇറ്റാനഗറിലും സന്തോഷ് ട്രോഫിക്കായി കേരളം ബൂട്ടുകെട്ടിയെങ്കിലും അധികദൂരം സഞ്ചരിക്കാനായില്ല. ഭുവനേശ്വറിൽ സെമി കാണാനാകാതെ മടങ്ങി. ഇറ്റാനഗറിൽ പക്ഷെ നോക്കൗട്ട് പിന്നിട്ടെങ്കിലും അവിടെ തീർന്നു.
ബിനോ ജോർജ്ജും സംഘവും മഞ്ചേരിയിൽനിന്ന് ഉയർത്തിയ കിരീടം, ഹൈദരാബാദിൽനിന്ന് സ്വന്തമാക്കുകയാണ് ബിബി തോമസിന്റെ പിള്ളേരുടെ ലക്ഷ്യം. ഒരു കളി മാത്രമകലെയാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കിരീടമെന്ന് ബോധ്യമുള്ള സംഘം. പക്ഷെ ബംഗാളിനെ തോൽപ്പിക്കുക അത്ര എളുപ്പമല്ല.
നസീബ് റഹ്മാനാണ് കേരളത്തിന്റെ തുറുപ്പുചീട്ട്. ഈ സന്തോഷ് ട്രോഫിയിൽ ഇതുവരെ നേടിയത് എട്ടുഗോൾ. നിജോ ഗിൽബർട്ടും മുഹമ്മദ് അജ്സലും ഉൾപ്പെട്ട സംഘമാണ് മുന്നേറ്റത്തിൽ കരുത്ത്. പകരക്കാരനായിറങ്ങി മണിപ്പൂരിനെതിരായ സെമിഫൈനലിൽ ഹാട്രിക് നേടിയ പി.പി. മുഹമ്മദ് റോഷലിനെപ്പോലെയുള്ള ബിബിയുടെ കണ്ടെത്തലുകൾ കേരളത്തിന് മുതൽക്കൂട്ടാണ്. കളത്തിലുള്ള ശക്തമായ ഇലവനെപ്പോലെ കരുത്തുറ്റ സൈഡ് ബെഞ്ചും കേരളത്തിന് പകരുന്നത് ശുഭപ്രതീക്ഷ.
മുപ്പത്തിമൂന്നാമത്തെ കിരീടത്തിനായി ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തിൽ ബംഗാൾ ഇറങ്ങുമ്പോൾ, അവർക്ക് മഞ്ചേരിയിലെ കടം ബാക്കിയുണ്ടാകുമോ എന്നതാണ് ചോദ്യം. പശ്ചിമ ബംഗാൾ 33-ാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 2016-17 സീസണിലാണ് ബംഗാൾ അവസാനമായി കിരീടം നേടിയത്. കേരളത്തിന് ലക്ഷ്യം എട്ടാംകിരീടം. എട്ടാംകിരീടം സ്വന്തമാക്കിയാൽ പഞ്ചാബിനൊപ്പം കിരീടനേട്ടത്തിൽ രണ്ടാമന്മാരാകും കേരളമെന്ന നേട്ടവും കാത്തിരിപ്പുണ്ട്. മഞ്ചേരിയിലെ കടം വീട്ടുകയായിരിക്കുമോ ബംഗാളിന്റെ ലക്ഷ്യം? എട്ടാം കിരീടത്തിൽ മുത്തമിടുമോ കേരളം, കാത്തിരിക്കാം, കലാശപ്പോരിന്.
Content Highlights: Kerala Santosh Trophy Football 2024