ബോർഡർ-ഗാവസ്കർ ട്രോഫി സമാപിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റിൽ ഇനി തലമുറ മാറ്റത്തിന്റെ ദിവസങ്ങളാകും. ഒരു പതിറ്റാണ്ടിൽ അധികമായി ഇന്ത്യൻ ക്രിക്കറ്റിലെ നിർണായക സാന്നിധ്യമായിരുന്ന രോഹിത് ശർമ, വിരാട് കോഹ്‍ലി, രവീന്ദ്ര ജഡേജ എന്നിവരുടെ കരിയർ ഇനിയെത്രെ നീളുമെന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. പരമ്പരയ്ക്കിടയിൽ തന്നെ രവിചന്ദ്രൻ അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത് ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങളുടെ എണ്ണം മൂന്നായി കുറച്ചിട്ടുണ്ട്. ബ്രിസ്ബെയ്നിൽ നടന്ന മൂന്നാം ടെസ്റ്റിൽ ബാറ്റുകൊണ്ട് നിർണായക സാന്നിധ്യമാകാൻ കഴിഞ്ഞത് രവീന്ദ്ര ജഡേജയ്ക്ക് തുടർന്നുള്ള മത്സരങ്ങളിലും ഇടം ലഭിക്കാൻ കാരണമായി.
2024 ജൂണിലെ ട്വന്റി 20 ലോകകപ്പ് നേട്ടത്തോടെ കുട്ടിക്രിക്കറ്റിൽ നിന്ന് രോഹിത്, കോഹ്‍ലി, ജഡേജ എന്നിവർ വിരമിച്ചിരുന്നു. നിലവിൽ ഏകദിന ക്രിക്കറ്റിൽ നിന്നും ജഡേജ ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു. ഇതോടെ ടെസ്റ്റ് ടീമിൽ സീനിയർ താരമായി ജഡേജ തുടർന്നേക്കുമെന്ന സൂചനയാണ് ബിസിസിഐ നൽകുന്നത്.
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടാനായത് വിരാട് കോഹ്‍ലിയുടെ തിരിച്ചുവരവായി വിലയിരുത്തപ്പെട്ടുവെങ്കിലും പരമ്പരയിലെ അവശേഷിച്ച മത്സരങ്ങളിൽ മോശം പ്രകടനം നടത്തിയതോടെ കോഹ്‍ലിയുടെ മികവ് വീണ്ടും ചോദ്യം ചെയ്യപ്പെട്ടു. എങ്കിലും കോഹ്‍ലിയിൽ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഓഫ്സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകളിൽ തുടർച്ചയായി എഡ്ജായി സ്ലിപ്പിൽ ക്യാച്ചായി പുറത്താകുന്നതാണ് വിരാട് കോഹ്‍ലിക്ക് തിരിച്ചടിയാകുന്നത്. ബാറ്റിങ് സാങ്കേതികത്വം ശരിയാക്കി കോഹ്‍ലിക്ക് തിരിച്ചുവരവിന് സാധ്യമാകുമെന്നാണ് ആരാധകർ കരുതുന്നത്.
എന്നാൽ ബാറ്റിങ് സാങ്കേതികത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രോഹിത് ശർമയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിൽ ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ല. പന്തിലുള്ള ഏകാഗ്രതയും ടൈമിങും രോഹിത് ശർമയ്ക്ക് നഷ്ടമായി കഴിഞ്ഞു. ഇതോടെ ടെസ്റ്റിൽ രോഹിത് ശർമയ്ക്ക് ഇനിയൊരു തിരിച്ചുവരവിന് സാധ്യത കുറവാണ്. ഹിറ്റ്മാന് ഇനി ടീമിൽ ഇനി അവസരമുണ്ടാകുമോ എന്ന് കണ്ടറിയണം.
അത്രമേൽ മികച്ചതായിരുന്നില്ല രോഹിത് ശർമയുടെ കരിയറിന്റെ തുടക്കം. ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി ലഭിച്ച അവസരങ്ങൾക്ക് ശേഷമാണ് രോഹിത് ശർമയെ ക്രിക്കറ്റ് ലോകം ഹിറ്റ്മാൻ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത്. 2010ൽ ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മയുടെ അരങ്ങേറ്റത്തിന് അവസരമൊരുങ്ങി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാഗ്പൂരില്‍ നടന്ന മത്സരത്തിന് തൊട്ടുമുമ്പായി പക്ഷേ താരത്തിന് പരിക്കേറ്റു. ഇതോടെ രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി വൃദ്ധിമാന്‍ സാഹ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. പിന്നാലെ 2011ലെ ഏകദിന ലോകകപ്പിലും രോഹിത് ശര്‍മയ്ക്ക് ഇടം ലഭിച്ചില്ല.
ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റത്തിനായി രോഹിത് ശര്‍മയ്ക്ക് പിന്നെയും മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ വിടവാങ്ങല്‍ പരമ്പരയിലാണ് രോഹിത് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിലും പിന്നാലെ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേട്ടം സ്വന്തമാക്കാന്‍ രോഹിത് ശര്‍മയ്ക്ക് കഴിഞ്ഞു. എങ്കിലും ആറ് വര്‍ഷത്തോളം ടെസ്റ്റ് ക്രിക്കറ്റില്‍ മധ്യനിര ബാറ്ററുടെ റോളിലാണ് രോഹിത് തുടര്‍ന്നത്. ഇക്കാലയളവില്‍ 45 ടെസ്റ്റുകളില്‍ 1,297 റണ്‍സ് മാത്രമാണ് രോഹിത്തിന്റെ ബാറ്റില്‍നിന്ന് പിറന്നത്. ആ സമയത്ത് പക്ഷേ, ഏകദിന ക്രിക്കറ്റില്‍ 60.57 ശരാശരിയില്‍ സ്വപ്നസമാനമായി ബാറ്റ് ചെയ്തിരുന്ന രോഹിത്തിന്റെ ടെസ്റ്റിലെ സ്‌കോറിങ് 33.56 ശരാശരിയില്‍ മാത്രമായിരുന്നു.
ഒടുവില്‍ 2019ലാണ് ഏകദിന ക്രിക്കറ്റിനൊപ്പം ടെസ്റ്റിലും രോഹിത് ശര്‍മയെ ഓപണറുടെ സ്ഥാനത്തേയ്ക്ക് പരിഗണിച്ചുതുടങ്ങിയത്. ആ ലോകകപ്പിലെ മിന്നും പ്രകടനമായിരുന്നു അതിനുള്ള കാരണം. 2019ലെ ഏകദിന ലോകകപ്പിൽ ഒമ്പത് മത്സരങ്ങളിൽ നിന്നായി രോഹിത് ശർമ അടിച്ചെടുത്തത് 648 റൺസാണ്. 81.00 ആണ് ബാറ്റിങ് ശരാശരി. അഞ്ച് സെഞ്ച്വറികൾ ഉൾപ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്. ലോകകപ്പിലെ ഉയർന്ന റൺസ് വേട്ടക്കാരനും രോഹിത് ശർമ തന്നെയായിരുന്നു. ഈ പ്രകടനത്തോടെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കാൻ കഴിയാത്ത താരമായി രോഹിത് ശർമയെന്ന പേര് മാറിയിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓപണറായുള്ള അരങ്ങേറ്റ മത്സരത്തില്‍ 176 റണ്‍സും 127 റണ്‍സുമായി രോഹിത് തിളങ്ങി. പിന്നാലെ അതേ പരമ്പരയില്‍ തന്നെ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ച്വറിയും രോഹിത്തിന്റെതായി പിറന്നു. 2019 മുതല്‍ 2024 വരെയുള്ള കാലയളവില്‍ 54 ഇന്നിംഗ്‌സുകളില്‍ നിന്നായി 2,552 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. 50.04 ആണ് ബാറ്റിങ് ശരാശരി. ടെസ്റ്റ് ക്രിക്കറ്റിലെ ഓപണര്‍മാരില്‍ 25 ഇന്നിംഗ്‌സുകളിലെങ്കിലും കളിച്ചതില്‍ ഇതിനേക്കാള്‍ ശരാശരിയുള്ള ഏക ബാറ്റര്‍ ശ്രീലങ്കയുടെ ദിമുത് കരുണരത്‌നെ മാത്രമാണ്.
2022ല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനവും രോഹിത് ശര്‍മയെ തേടിയെത്തി. ഇതുവരെ 24 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച രോഹിത്തിന് 12 വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞു. ഒമ്പത് മത്സരങ്ങള്‍ പരാജയപ്പെട്ടു. മൂന്ന് മത്സരങ്ങള്‍ സമനിലയിലായി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും രോഹിത് ശർമയാണ്. ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ മൂന്ന് പതിപ്പിൽ നിന്നായി 69 ഇന്നിംഗ്സുകളിൽ നിന്നായി 2,716 റൺസ് രോഹിത് നേടിയിട്ടുണ്ട്.
കഴിഞ്ഞ ന്യൂസിലാൻഡ് പരമ്പരയിലാണ് രോഹിത് ശർമയിലെ നായകന് പിഴവുകൾ വന്നുതുടങ്ങിയത് ക്രിക്കറ്റ് ലോകം ആദ്യമായി കണ്ടത്. ബാറ്റുകൊണ്ടും മോശം പ്രകടനം നടത്തിയതോടെ ഹിറ്റ്മാന്റെ മുന്നോട്ടുള്ള യാത്ര തടസമായി. ബോർഡർ ഗാവസ്കർ ട്രോഫിയിൽ 31 റൺസ് മാത്രമാണ് രോഹിത് ശർമയ്ക്ക് നേടാനായത്. കഴിഞ്ഞ 15 ടെസ്റ്റ് ഇന്നിംഗ്സുകളിൽ 10ലും ഒറ്റയക്കമാണ് രോഹിത് ശർമയുടെ സ്കോർ. ഇപ്പോള്‍ നിലവിലെ സ്ഥിതിവിശേഷങ്ങള്ർ വിലയിരുത്തുമ്പോൾ കഴിയാവുന്ന അത്രയധികം സംഭാവനകൾ നൽകിയ ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് നായകനായും താരമായുമുള്ള ഹിറ്റ്മാൻ കാലത്തിന് അവസാനമാകുകയാണ്.
Content Highlights: Hitman era coming to end in Indian Cricket after numerous achievements