ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2024-25 സീസൺ പകുതിയും പിന്നിട്ടപ്പോൾ കിരീടം ആര് നേടുമെന്ന കാര്യത്തിൽ അപ്രവചനീയത വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറെ സീസണുകളായി കിരീട ഫേവറൈറ്റുകളായിരുന്ന മാഞ്ചസ്റ്റർ സിറ്റി സീസൺ മധ്യത്തിൽ കിതച്ച് ആറാം സ്ഥാനത്താണ് നിൽക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടൻ ഹോട്സ്പറുമെല്ലാം അവസാന പത്തുകളിലേക്ക് വീണു. സൂപ്പർ ഫോമിൽ സീസൺ തുടങ്ങിയ ആഴ്‌സണലും ചെൽസിയും മൂന്നും നാലും സ്ഥാനത്ത് നിൽക്കുമ്പോൾ ഇവരെയെല്ലാം പിന്നിലാക്കി പ്രതീക്ഷകളൊന്നുമില്ലാതിരുന്ന നോട്ടിങ്ഹാം ഫോറസ്റ്റ് ലിവർപൂളിന് തൊട്ടുതാഴെ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്.
നിലവിൽ ടേബിൾ ലീഡറുമായി ആറ് പോയിന്റിന്റെ വ്യത്യാസമാണ് വമ്പന്മാരുടെ ലിസ്റ്റിലില്ലാത്ത പോർച്ചുഗീസ് പരിശീലകൻ ന്യൂനോ എസ്പിരിറ്റോ സാൻ്റോ നയിക്കുന്ന സംഘത്തിനുള്ളത്. കിരീടത്തിലേക്ക് ഇനിയും 18 മത്സരങ്ങളുടെ ദൂരമുണ്ടെങ്കിൽ പോലും ഈ പ്രകടനം തുടർന്നാൽ നോട്ടിങ്ഹാമുകാര്‍ക്ക് അത് യൂറോപ്യൻ ഫുട്‍ബോളിലേക്കുള്ള അവിസ്മരണീയ തിരിച്ചുവരവായിരിക്കും. ഇനി സീസണൊടുവിൽ ടോപ് ഫോറിൽ ഫിനിഷ് ചെയ്താൽ പോലും ആവറേജ് താരങ്ങളുടെ നിരയ്ക്ക് അതൊരു കിരീടം പോലെ മിന്നും നേട്ടമായിരിക്കും. ഫോറസ്റ്റിന്റെ ഈ സീസണിലെ ചില അസാധാരണമായ കൗതുക കണക്കുകളിലേക്ക് ഒരു നോട്ടം.
ലിവർപൂളിനെ തോൽപ്പിച്ച ഒരേ ഒരു ടീം
നിലവിൽ 21 മത്സരങ്ങൾ കളിച്ച നോട്ടിങ്ഹാം ഫോറസ്റ്റിന് 15 ജയങ്ങളും 5 സമനിലയും നാല് തോൽവിയുമായി 41 പോയിന്റാണുള്ളത്. ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ലിവർപൂളിനാവട്ടെ 20 മത്സരങ്ങളിൽ നിന്ന് 47 പോയിന്റ്. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ആഴ്‌സണലിന് 40 പോയിന്റും നാലാം സ്ഥാനത്തുള്ള ചെൽസിക്ക് 37 പോയിന്റുമാണുള്ളത്. ഇതിൽ സീസണിൽ ലിവർപൂളിനെ തോൽപ്പിച്ച ഒരേ ഒരു ടീം നോട്ടിങ്ഹാം ഫോറസ്റ്റാണ്.
വാർഷിക വേതനത്തിൽ വമ്പന്മാരുടെ പകുതി മാത്രം
വാർഷിക വേതനത്തിന്റെ കണക്കുകൾ നോക്കിയാൽ ലിവർപൂളിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും മാഞ്ചസ്റ്റർ യൂണൈറ്റഡിന്റേയും പകുതിയോളം മാത്രമേ നോട്ടിങ്ഹാം ഫോറസ്റ്റ് ചിലവാക്കുന്നുള്ളൂ. പ്രീമിയർ ലീഗിലേക്കുള്ള പ്രമോഷൻ നേടിയതു മുതൽ ട്രാൻസ്ഫർ മാർക്കറ്റിൽ ഫോറസ്റ്റ് കുറച്ചുകൂടി ചിലവഴിച്ചിരുന്നു. ഏതാണ്ട് 400 മില്യണ്‍ ഡോളറിലധികം. ഈ സമയത്ത് നോട്ടിങ്ഹാം 46 സ്ഥിരം സൈനിങ്ങുകളും നടത്തി. അതേസമയം, എണ്ണൂറ് മില്യണ്‍ വീതമാണ്
ഇക്കാലയളവില്‍ ലിവർപൂൾ, സിറ്റി, യുണൈറ്റഡ് പോലെയുള്ള വമ്പൻ ക്ലബുകൾ മുടക്കിയത്.
ക്ളീൻ ഷീറ്റിൽ ഒന്നാമത്
നിലവിൽ ക്‌ളീൻ ഷീറ്റ് പ്രകടനത്തിന്റെ കാര്യത്തിൽ ലീഗിൽ മുന്നിൽ നോട്ടിങ്ഹാമാണ്. ഒമ്പത് മത്സരങ്ങളിലാണ് ബെൽജിയൻ ഗോൾ കീപ്പർ മാറ്റ് സെൽസ് ടീമിന് വേണ്ടി ക്ളീൻ ഷീറ്റ് നേടിക്കൊടുത്തത്. പോയിന്റ് ടേബിൾ ടോപ്പറായ ലിവർപൂൾ പോലും എട്ട് ക്ളീൻ ഷീറ്റുമായി അവർക്ക് പിറകിലാണ്. ഏഴ് ക്ളീൻ ഷീറ്റുമായി ആഴ്‌സണലാണ് ലിസ്റ്റിൽ മൂന്നാമത്.
ടീം പ്ലാൻ എന്ത്?
ടീമിന്റെ ഈ സീസണിലെ അത്ഭുത മുന്നേറ്റത്തിൽ ആദ്യം കയ്യടി അർഹിക്കുന്നത് അവരുടെ പോർച്ചുഗീസ് പരിശീലകനായ ന്യൂനോ എസ്പിരിറ്റോ സാൻ്റോ തന്നെയാണ്. പലരും എഴുതി തള്ളിയ ശരാശരി താരങ്ങളെ ഏത് യുദ്ധവും ജയിക്കാന്‍ കഴിയുന്ന പോരാളികളാക്കി അദ്ദേഹം മാറ്റി. എതിരാളികളെ ബഹുമാനിച്ച് അവരുടെ ഗെയിമിനെ പൊളിക്കുന്ന രീതിയായിരുന്നു ന്യൂനോയുടേത്.
ഈ കഴിഞ്ഞ സെപ്തംബർ 14 ന് ലിവർപൂളിനെ അവരുടെ തട്ടകമായ ആൻഫീൽഡിൽ അട്ടിമറിച്ചപ്പോൾ പരിശീലകൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. "അമിതാവേശമോ അമിതാഹ്ലാദമോ വേണ്ട. നമുക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോവാനുണ്ട്. ലീഗിൽ പല കാര്യങ്ങളാൽ കരുത്തുള്ള ഒരുപാട് ടീമുകൾ നമുക്ക് മുന്നിലുണ്ട്. മനക്കരുത്തിലും കഠിനാധ്വാനത്തിലും നമുക്ക് അവയെ എല്ലാം മറികടക്കാം," ന്യൂനോ താരങ്ങളോട് പറഞ്ഞു. ശേഷം കരുത്തരായി മുന്നേറുകയായിരുന്ന ചെൽസിയെ സമനിലയിൽ പിടിക്കാനും യുണൈറ്റഡിനെ തോൽപ്പിക്കാനും ഏറ്റവുമൊടുവിൽ ലിവർപൂളിനെ ഇന്നലെ വീണ്ടും സമനിലയിൽ കുരുക്കുവാനും ന്യൂനോയുടെ ടീമിന് സാധിച്ചു.
ശക്തമായ പ്രതിരോധത്തിൽ നിന്ന് തുടങ്ങുന്ന കൗണ്ടർ അറ്റാക്ക്
ടീമിന്റെ പ്രതിരോധം തന്നെയാണ് ആക്രമണത്തിന്റെ അടിസ്ഥാനം. ബോൾ പൊസഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ എതിർ ടീമിന്റെ മുന്നേറ്റങ്ങളെ പൊളിക്കുക. അതിൽ നിന്ന് വീണുകിട്ടുന്ന പഴുതുകൾ മുതലാക്കി ഗോൾ നേടി മുന്നേറുക. വീണ്ടും പ്രതിരോധത്തിലേക്ക് മടങ്ങുക. ഗോൾ വഴങ്ങാതിരിക്കുക ഇതാണ് പ്ലാൻ. ഈ പ്ലാൻ എത്രമാത്രം വിജയിച്ചു എന്നറിയാൻ നോട്ടിങ്‌ഹാമിന്റെ ഈ സീസണിലെ ഗോൾ കണക്കുകൾ നോക്കിയാൽ മതി.
ലിവർ പൂളിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ 29 ശതമാനം മാത്രമായിരുന്നു നോട്ടിങ്ഹാമിന്റെ ബോൾ പൊസിഷൻ. ലിവർപൂളിന്റെ 23 ഷോട്ടുകൾക്ക് പകരം ആറ് ഷോട്ടുകൾ മാത്രമാണ് ലക്ഷ്യത്തിലേക്ക് അടിച്ചതെങ്കിലും അതിലൊന്ന് ഗോളാക്കി മാറ്റാൻ ടീമിന് കഴിഞ്ഞു. സീസണിലുടനീളമുള്ള ഈ കൺവെർട്ടിങ് സക്സസ് തന്നെയാണ് വിജയത്തിനാധാരം. 4-2-3-1 മിഡ് ബ്ലോക്കിൽ ആരംഭിച്ച് 4-4-2 ആഴത്തിലേക്ക് വീഴാൻ ഇഷ്ടപ്പെടുന്നുവെങ്കിലും ഗോൾ നേടി കഴിഞ്ഞാൽ പിന്നിൽ അഞ്ചിലേക്ക് മാറുന്നതാണ് രീതി. ബെൽജിയൻ ഗോൾ കീപ്പർ മാറ്റ് സെൽസിന്റെ ചോരാത്ത കൈകളും പിന്നിലുണ്ട്.
21 മത്സരങ്ങളിൽ നിന്ന് 30 ഗോളുകളാണ് നോട്ടിങ്ഹാം ഇത് വരെ നേടിയത്. വഴങ്ങിയത് 20 ഗോളുകൾ, 10 ഗോളുകളുടെ വ്യത്യാസം. സീസണിൽ നോട്ടിങ്ഹാം നേടിയ 30 ഗോളിനേക്കാള്‍
കൂടുതൽ ഗോൾ നേടിയ 12 ടീമുകൾ ഉണ്ട് എന്നത് വസ്തുതയാണ്. എന്നാൽ ഗോൾ വഴങ്ങാതിരിക്കുക എന്ന ശൈലി നോട്ടിങ്‌ഹാമിന് വിലപ്പെട്ട പോയിന്റുകൾ നൽകി. ലിവർപൂളിനോടുള്ള ഇന്നലത്തെ സമനില ഒഴിച്ചാൽ തുടർച്ചയായ ആറ് വിജയങ്ങൾ എന്ന ചരിത്ര റെക്കോർഡും അവർ നേടിയെടുത്തു. ഈ സീസണിൽ 13 ഗോളുകൾ നേടിയ ന്യൂസിലാൻഡ് സെൻസേഷണൽ സ്‌ട്രൈക്കർ ക്രിസ് വുഡ് തന്നെയാണ് മുന്നേറ്റനിരയിലെ ആത്മവിശ്വാസം. കോളം ഹഡ്‌സൺ-ഒഡോയ് , ആൻ്റണി എലങ്ക, എലിയറ്റ് ആൻഡേഴ്‌സൺ, മോർഗൻ ഗിബ്‌സ്-വൈറ്റ് എന്നിവരും മികച്ച പ്രകടനം നടത്തുന്നു.
2016 ലെസ്റ്റർ ആവർത്തിക്കുമോ?
2016 ൽ ഇറ്റാലിയൻ പരിശീലകൻ ക്ലോഡിയോ റാനിയേരിയുടെ കീഴിൽ ലെസ്റ്റർ സിറ്റിയാണ് ഇങ്ങനെയൊരു അഭൂതപൂർവമായ കുതിപ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നേരത്തെ നടത്തിയിട്ടുള്ളത്. അന്ന് 38 മത്സരങ്ങളിൽ നിന്ന് 81 പോയിന്റുമായി പോയിന്റ് ടേബിളിൽ പത്ത് പോയിന്‍റിന്‍റെ ലീഡുമായാണ് ലെസ്റ്റർ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. രണ്ടാമതുള്ള ആഴ്‌സണലിനുണ്ടായിരുന്നത് 71 പോയിന്റ് മാത്രമാണ്. ആ സീസണിൽ 20 മത്സരങ്ങൾ പൂർത്തിയായപ്പോൾ ലെസ്റ്ററിനുണ്ടായിരുന്ന 40 പോയിന്റ് അതെ മത്സരങ്ങൾ കളിച്ച നോട്ടിങ്‌ഹാമിന് ഇപ്പോഴുണ്ട്. 20 മത്സരങ്ങളിൽ നിന്ന് ആ സീസണിൽ ലെസ്റ്റർ 37 ഗോളുകൾ സ്കോർ ചെയ്തിരുന്നുവെങ്കിൽ നോട്ടിങ്ഹാം സ്കോർ ചെയ്തത് 30 ഗോളുകൾ എന്ന് മാത്രം. എന്നാൽ ഈ സമയത്ത് ലെസ്റ്റർ വഴങ്ങിയത് 25 ഗോളുകളാണെങ്കിൽ നോട്ടിങ്ഹാം വഴങ്ങിയത് 20 ഗോളുകൾ മാത്രമാണ്.
ഫോറസ്റ്റ് സ്വപ്നം കാണുന്നത് 1978-79 കാലത്തെ സ്വപ്‍ന സമാന സീസണിന്റെ ആവർത്തനം
2024 - 25 സീസണിൽ അത്ഭുത കുതിപ്പുമായി നോട്ടിങ്ങ്ഹാം പടര്‍ന്നുകയറുമ്പോള്‍ അവരുടെ ആരാധകർ സ്വപ്നം കാണുന്നത് അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണായ 1978 -79 സീസണിന്റെ ആവർത്തനമാണ്. 1865 ൽ നോട്ടിങ്ഹാമെന്ന ചെറിയ സ്ഥലത്ത് ക്ലബിന് തുടക്കമായെങ്കിലും ആദ്യ നൂറ്റാണ്ടിൽ വലിയ നേട്ടങ്ങളൊന്നും നോട്ടിങ്ഹാമുകാർക്ക് അവകാശപ്പെടാനില്ലായിരുന്നു. മാഞ്ചസ്റ്റർ പോലെയുള്ള വമ്പൻ നഗരങ്ങളുടെ പിതൃത്വം അവകാശപ്പെടാനില്ലാത്തത് കൊണ്ട് തന്നെ സാമ്പത്തിക പരാധീനതകളാല്‍ ഉഴറിയ ക്ലബ് , ഏറെ കഷ്ടപ്പെട്ടാണ് മുൻ നിര ലീഗിൽ യോഗ്യത നേടിയത് തന്നെ.
എന്നാൽ 1975 ൽ ബ്രയാൻ ക്ലോവ് പരിശീലകനായി വന്നതിന് ശേഷം നടത്തിയ ചില സൈനിംഗുകളും അദ്ദേഹം നടത്തിയ ഗെയിം മാറ്റങ്ങളും അസാധാരണ റിസൾട്ടുണ്ടാക്കി. 1978 -79 സീസണുകളിൽ ഇന്നത്തെ ചാമ്പ്യൻസ് ലീഗ് കിരീടമായ യൂറോപ്യൻ കിരീടം നേടി. തൊട്ടടുത്ത സീസണിലും അത് ആവർത്തിച്ചു, യുവേഫ സൂപ്പർ കപ്പും, എഫ് എ കപ്പും യുവേഫ സൂപ്പർ കപ്പും നേടി, ലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
എന്നാൽ 21-ാം നൂറ്റാണ്ടിൽ നോട്ടിംഗ്ഹാമുകാർ വീണ്ടും കിതയ്ക്കാന്‍ തുടങ്ങി. ശേഷം ഇത് വരെയും വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ കഴിയാതിരുന്ന നോട്ടിങ്ഹാം, ന്യൂനോയുടെ കീഴിൽ വീണ്ടും ഒരു അത്ഭുതം നടത്തുന്നു. നോട്ടിങ്ഹാം ആരാധകരും ലോകത്തുള്ള മുഴുവൻ ഫുട്ബോൾ ആരാധകരും ആ അത്ഭുത മുന്നേറ്റം അതിലും അത്ഭുതത്തോടെ നോക്കി കാണുന്നു. 2016 ലെസ്റ്റർ ആവർത്തിക്കുമോ, 78 കളിലെ വസന്തത്തിലേക്ക് നോട്ടിങ്ഹാം തിരിച്ച് വരുമോ? കാത്തിരുന്ന് കാണാം..
Content Highlights: Comparing Nottingham Forest with leicester city 2016 and Nottingham Forest spring season 1978-79