എല്ലാം പോട്ടെ, വിജയ് ഹസാരെ കളിച്ചിരുന്നുവെങ്കിൽ സഞ്ജു ടീമിലുണ്ടാകുമോ? കരുണിനെ തൊട്ട് ബിസിസിഐ സത്യം വെയ്ക്കണം

വിജയ് ഹസാരെ ട്രോഫിയിൽ വിദർഭക്കായി ഒരു ക്രിക്കറ്റ് താരത്തിന് ചെയ്യാവുന്നതിന്റെ പരമാവധി പ്രകടനം നടത്തിയിട്ടും ടീമിലിടം നേടാൻ പറ്റാതെപോയ കരുൺ നായരെ ചൂണ്ടികാട്ടിയാണ് ആരാധകർ ഈ ചോദ്യം ചോദിക്കുന്നത്

dot image

ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ടീം പ്രഖ്യാപിച്ചപ്പോൾ അതിൽ ഒരുവിധം പ്രതീക്ഷിക്കപ്പെട്ട താരങ്ങളൊക്കെേ ഉണ്ടായിരുന്നെങ്കിലും പതിവുപോലെ അവ​ഗണിക്കപ്പെട്ട താരമായി മാറിയത് മലയാളി താരം സഞ്ജു സാംസണായിരുന്നു ഇത്തവണ ടി20 ഫോമിന്റെ ബലത്തിൽ സഞ്ജുവിന് അവസരമുണ്ടാവുമെന്ന് കരുതിയിരുന്നെങ്കിലും അവസാനനിമിഷം റിഷഭിൽ തന്നെ വിശ്വാസമർപ്പിക്കാൻ സെലക്ടർമാർ തീരുമാനിക്കുകയായിരുന്നു.

തിവുപോലെയുള്ള അവ​ഗണന തന്നെയായിരുന്നെങ്കിലും ഇത്തവണ സഞ്ജുവിനെ ഉൾപ്പെടുത്താത്തത് പെട്ടെന്ന് തന്നെ വാർത്താപ്രാധാന്യം നേടുകയും വിവാദമായി വളരുകയും ചെയ്തു. കാരണം ഇത്തവണ സഞ്ജു ഏതാണ്ട് ടീം സെലക്ഷന്റെ അടുത്ത് വരെയെത്തിയിരുന്നു. ഇപ്പോൾ അടുത്ത മാസം ദുബായ് യിലും പാകിസ്താനിലും നടക്കാനിരിക്കുന്ന ചാംപ്യൻസ്ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരത്തെ ഉൾപ്പെടുത്താത്തതിൽ പല കാരണങ്ങളാണ് പറയപ്പെടുന്നുണ്ട്. അതിലൊന്നാണ് ആഭ്യന്തര ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു കളിക്കുന്നതിൽ നിന്നും വിട്ടുനിന്നത്. സഞ്ജു കളിക്കാതിരിക്കാനുള്ള കാരണവും ഇന്ത്യൻ ടീം സെലക്ഷനും കൂട്ടിക്കെട്ടിയാണ് ഇപ്പോഴുള്ള വിവാദങ്ങൾ ഉരുത്തിരിഞ്ഞുവരുന്നത്.

വിജയ് ഹസാരെയിൽ കളിക്കാത്തതിൽ പക്ഷെ താരവും കേരള ക്രിക്കറ്റ് അസോസിയേഷനും രണ്ട് വിശദീകരണങ്ങളാണ് നൽകുന്നത്, തന്നെ മാറ്റി നിർത്തിയതാണെന്ന് സഞ്ജു വാദിക്കുമ്പോൾ സഞ്ജു കൃത്യമായ കമ്മ്യൂണിക്കേഷൻ കൈമാറാത്തതാണ് ടീമിൽ ഉൾപ്പെടുത്താത്തതിനുള്ള കാരണമെന്ന് കെസിഎ പ്രസിഡന്റും പറയുന്നു. തെറ്റ് ആരുടെ ഭാഗത്തായാലും വിവാദം ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളവും മലയാളി സ്പോർട്സ് ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന ഒന്നാണ്. ചാംപ്യൻസ് ട്രോഫിയിൽ സഞ്ജു ബാറ്റ് വീശുന്നത് കാത്തിരിക്കുന്ന ആരാധകരെ സംബന്ധിച്ചിടത്തോളം ഈ വിവാദം ഇരട്ടി ആഘാതമാണ് ഉണ്ടാക്കുന്നത്.

അതിനിടെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ സമീപനത്തിലുള്ള അതൃപ്തിയിൽ സഞ്ജു കേരളം വിട്ട് രാജസ്ഥാനോ തമിഴ്നാടോ തിരഞ്ഞെടുക്കാനുള്ള സാധ്യതയും ചിലർ ചൂണ്ടിക്കാണിക്കുന്നു. ഇരു സംസ്ഥാനങ്ങളും താരത്തെ സ്വീകരിക്കാൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിൽ മറ്റൊരു വശം കൂടി ആരാധകർ ചോദിക്കുന്നുണ്ട്, വിജയ് ഹസാരെയിൽ കളിച്ച് മിന്നും പ്രകടനം നടത്തിയാലും സഞ്ജുവിനെ ടീമിലെടുക്കുമായിരുന്നോ എന്ന്?

വിജയ് ഹസാരെ ട്രോഫിയിൽ വിദർഭക്കായി ഒരു ക്രിക്കറ്റ് താരത്തിന് ചെയ്യാവുന്നതിന്റെ പരമാവധി പ്രകടനം നടത്തിയിട്ടും ടീമിലിടം നേടാൻ പറ്റാതെപോയ കരുൺ നായരെ ചൂണ്ടികാട്ടിയാണ് ആരാധകർ ഈ ചോദ്യം ചോദിക്കുന്നത്. വിജയ് ഹസാരെയിൽ ഇത്തവണത്തെ ടോപ് സ്കോററായത് പാതി മലയാളി കൂടിയായ കരുൺ നായരായിരുന്നു.

ഒമ്പത് ഇന്നിങ്സുകളിൽ നിന്നായി നേടിയത് 779 റൺസാണ് താരം നേടിയത്. 389 എന്ന കൂറ്റൻ ആവറേജാണ് താരത്തിനുള്ളത്. ഫൈനൽ വരെ ഈ ആവറേജ് 752 ആയിരുന്നു, ഇതിൽ അഞ്ച് സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും ഉൾപ്പെടുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഇമ്മാതിരി മിന്നും പ്രകടനം നടത്തിയിട്ടും കിട്ടാത്ത എന്ത് പരിഗണനയാണ് സഞ്ജു വിജയ് ഹസാരെ കളിച്ചാൽ കിട്ടുക എന്നും ആരാധകർ ചോദിക്കുന്നു. ചാംപ്യൻസ് ട്രോഫിയിൽ ടീമിലിടം നേടിയർ പലരും ആഭ്യന്തരം കളിച്ച് കഴിവ് തെളിയിച്ചവരല്ല എന്നതും ഈ വാദത്തെ ചേർത്തി ഉന്നയിക്കപ്പെടുന്നു.

ഏകദിന ക്രിക്കറ്റിലെ മുൻ പ്രകടനത്തെ മുൻ നിർത്തിയാണെങ്കിലും നിലവിൽ പരിഗണിക്കാവുന്ന താരമായിരുന്നു സഞ്ജു. സഞ്ജു കളിച്ച 16 ഏകദിനങ്ങളിൽ 56 എന്ന മികച്ച ആവറേജിൽ 510 റൺസ് താരം നേടിയിട്ടുണ്ട്. നിലവിൽ ടീമിലിടം ലഭിച്ച 31 ഏകദിനങ്ങൾ കളിച്ചിട്ടും 33 ശരാശരി മാത്രമുള്ള റിഷഭ് പന്തിനേക്കാൾ എത്രയോ മികച്ചത്,

കൂടാതെ ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും നടന്ന ടി 20 പരമ്പരയിലെ മാസ്മരിക പ്രകടനങ്ങളും സഞ്ജുവിന്റെ എക്സ്ട്രാ ഫാക്ടേഴ്‌സുകളായിരുന്നു. എങ്കിലും ഒടുവിൽ ടീം പുറത്ത് വന്നപ്പോൾ ഗോഡ് ഫാദേഴ്‌സിന്റെ സപ്പോർട്ട് പന്തിന് ലഭിച്ചു. ഗാവസ്കറും ആകാശ് ചോപ്രയുമെല്ലാം വീണ്ടും നിലപാട് മാറ്റി. പരിശീലകൻ ഗംഭീറിന് മുകളിലൂടെയും ടീം സെലക്ഷനിലും പല പരുന്തും പറന്നു. മുമ്പ് സഞ്ജുവിന്റെ സെഞ്ച്വറി പ്രകടനങ്ങളിൽ യു ടേൺ അടിച്ചുവെന്ന് സഞ്ജുവിന്റെ പുകഴ്ത്തിയാക്കിവരും നിർണ്ണായക ഘട്ടത്തിൽ കൈവിട്ടു.

ഒടുവിൽ സഞ്ജു വീണ്ടും ഒറ്റക്കായിരിക്കുകയാണ്. എന്നാൽ വിവാദങ്ങളിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും തന്റെ ശ്രമങ്ങൾ 2024 ലെന്ന പോലെ 2025 ലും തുടരുമെന്ന് പറയുമ്പോൾ സഞ്ജു മുന്നിൽ വെക്കുന്നത് ഒരു ബിഗ് സിഗ്നാലാണ്. നീണ്ട പത്തോളം വർഷത്തെ കഠിന പരിശ്രമത്തിന് ശേഷം ഇന്ത്യയുടെ ടി 20 ടീമിൽ കഴിഞ്ഞ വർഷം ശക്തമായ അവകാശ വാദം ഉയർത്താൻ തനിക്കായെങ്കിൽ 2025 ൽ അത് ഏകദിനത്തിലേക്ക് നീട്ടാനും തനിക്കാവുമെന്ന് സഞ്ജു പറയാതെ പറയുന്നു. ജനുവരി 22 മുതൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടി 20 പരമ്പര അതിനുള്ള കതിന പൊട്ടിക്കാലവും.

Content Highlights: After all, would Sanju have been in the team if Vijay Hazare had played? BCCI should swear the name of Karun nair

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us