ഭയമില്ലാത്ത ബാറ്റിങ്, വെടിക്കെട്ടിന്റെ 'അഭിഷേകം'; ടി20യിൽ യുവിയുടെ പിൻ​ഗാമി

54 പന്തുകളിൽ ഏഴ് ഫോറുകൾ 13 സിക്സുകൾ. അഭിഷേകിൻറെ 135 റൺസിനിടെയിൽ പല റെക്കോർഡുകളും തകർന്നുവീണു

dot image

ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20. ഇം​ഗ്ലീഷ് ബൗളർമാരുടെ ഷോർട്ട് ബോൾ ആക്രമണത്തെ ഭയക്കാത്ത ഒരു താരം. ഇം​ഗ്ലീഷ് പേസിനെ അനായാസം അതിർത്തി കടത്തി. ആദിൽ റാഷിദിന്റെ സ്പിൻ നിരയെയും വെറുതെവിട്ടില്ല. മനോഹരമായ സ്ട്രൈറ്റ് ഡ്രൈവുകൾ. ബൗണ്ടറികൾക്ക് വിലയില്ലാത്ത വിധം അയാളുടെ ബാറ്റിങ് വിസ്ഫോടനം തുടർന്നുകൊണ്ടിരുന്നു.

54 പന്തുകളിൽ ഏഴ് ഫോറുകൾ 13 സിക്സുകൾ. 135 റൺസിനിടെയിൽ പലറെക്കോർഡുകളും തകർന്നുവീണു. ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി വേ​ഗത്തിൽ അർധ ശതകം നേടുന്ന രണ്ടാമൻ. മുമ്പിലുള്ളത് യുവരാജ് സിങ് മാത്രം. പിന്നാലെ അതിവേ​ഗത്തിൽ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയ രണ്ടാമൻ. മുന്നിലുള്ളത് രോഹിത് ശർമയും ഡേവിഡ് മില്ലറും മാത്രം. ട്വന്റി 20 ക്രിക്കറ്റിൽ ഒരിന്നിം​ഗ്സിൽ കൂടുതൽ സിക്സർ നേടിയ ഇന്ത്യൻ താരം. എക്കാലത്തെയും മികച്ച സ്ട്രൈക്ക് റേറ്റ് നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമൻ. ഇന്ത്യൻ ക്രിക്കറ്റിൽ ഒരു യുവതാരം കരിയറിന് തുടക്കമിട്ടതിന്റെ കഥയാണിത്. ട്വന്റി 20 ക്രിക്കറ്റിന്റെ നിർവചനം ആദ്യ പന്ത് മുതൽ ആക്രമിച്ചുകളിക്കുകയെന്നതിൽ നിന്നും എല്ലാ പന്തുകളും നിലം തൊടാതെ അതിർത്തി കടത്തുകയെന്നായി തിരുത്തിയെഴുതിയ താരങ്ങളിൽ ഒരാൾ. ആ വെടിക്കെട്ട് താരത്തിന്റെ പേരാണ് അഭിഷേക് ശർമ.

ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയുടെ യുവ ഓപണിങ് ബാറ്റർ. ആരെയും ഭയമില്ലാത്ത താരം. എതിർ ടീമിലെ ബൗളറുടെ പേരോ അയാളുടെ സ്പീഡോ അഭിഷേക് വകവെയ്ക്കാറില്ല. ഔട്ടാകുമോയെന്ന് ചിന്തിക്കാറില്ല. സൂക്ഷിച്ച് കളിക്കുകയെന്ന വാക്കുകൾ അയാളുടെ ക്രിക്കറ്റ് നിഘണ്ടുവിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ അത് കാണാൻ സാധിക്കും. ഏതൊരു പന്തിനെയും അടിച്ചുപറത്തുന്ന ആക്രമണോത്സുക ബാറ്റിങ്ങിനുടമ.

2018ൽ ഡൽഹി ക്യാപിറ്റൽസ് താരമായി അഭിഷേക് ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു. 18 പന്തിൽ 46 റൺസുമായി വരവറിയിച്ചു. അതിനുശേഷമുള്ള സീസണുകളിൽ സൺറൈസേഴ്സിനൊപ്പം. എന്നാൽ ഹൈദരാബാദിന് അത്ര മികച്ച സീസണുകളല്ല പിന്നീട് ഉണ്ടായത്. 2024 ഹൈദരാബാദ് ബാറ്റിംഗ് നിര ശരിയായപ്പോൾ അഭിഷേകിലെ വിസ്ഫോടനവും പുറത്തുവന്നു. ട്രാവിസ് ഹെഡ്, ഹെൻ‍റിച്ച് ക്ലാസൻ തുടങ്ങിയ ലോകോത്തര താരങ്ങളോട് കിടപിടിക്കുന്ന വെടിക്കെട്ട്. ആ യുവതാരത്തിന് ഇന്ത്യൻ ക്രിക്കറ്റിലേക്ക് വിളിവന്നു.

സിംബാബ്‍വെയ്ക്കെതിരെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി പിറന്നു. എങ്കിലും സ്ഥിരതയാർന്ന പ്രകടനം അഭിഷേകിൽ നിന്നും പുറത്തുവരാൻ ഒരൽപ്പം സമയമെടുത്തു. ഇം​ഗ്ലീഷ് പരീക്ഷയിലെ ആദ്യ മത്സരം. കൊൽക്കത്തയിൽ ഇം​ഗ്ലണ്ട് ബൗളർമാരെ കടന്നാക്രമിച്ച് തുടങ്ങി. പിന്നീട് മൂന്ന് മത്സരങ്ങളിൽ അഭിഷേക് വലിയ സ്കോറിലേക്കെത്തിയില്ല. എങ്കിലും ടീമിന് മികച്ച തുടക്കങ്ങൾ നൽകി. ഒടുവിൽ വാംഖഡെയിൽ അഭിഷേക് ശർമ ആരെന്ന് ക്രിക്കറ്റ് ലോകം മനസിലാക്കി.

ഇന്ത്യൻ യുവതാരം ശുഭ്മന് ഗില്ലിനും യശസ്വി ജയ്സ്വാളിനുമൊപ്പം കളിച്ചുവളർന്ന താരം. സ്ഥിരതയാർന്ന പ്രകടനം ഗില്ലിനെയും ജയ്സ്വാളിനെയും വേഗത്തിൽ ഇന്ത്യൻ ടീമിലെത്തിച്ചു. വിസ്ഫോടനം നടത്താനാണ് എക്കാലവും അഭിഷേക് ആഗ്രഹിച്ചത്. അത് അയാളുടെ സ്ഥിരതയെ ബാധിച്ചു. വലിയ ഇന്നിം​ഗ്സുകൾ അയാളിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല. 2024ലെ ഐപിഎല്ലിൽ ഒരിക്കൽ പോലും അഭിഷേക് 30 പന്തുകൾ തികച്ച് നേരിട്ടിട്ടില്ല. എന്നാൽ അയാളുടെ ബാറ്റിൽ നിന്ന് പിറന്ന സിക്സറുകളുടെ മാത്രം എണ്ണം 42 ആണ്. ഭയമില്ലാതെ ഏതൊരു പന്തിനെയും അടിച്ചു അതിർത്തി കടത്താനാണ് അഭിഷേക് ക്രീസിലേക്കെത്തുന്നത്.

ട്വന്റി 20 ക്രിക്കറ്റിൽ ആറ് പന്തിൽ ആറും സിക്സടിച്ച യുവരാജ് സിംഗിന്റെ ശിഷ്യൻ. എക്കാലവും യുവരാജിനെപ്പോലാകാൻ ആഗ്രഹിച്ച താരം. ചെറുപ്പത്തിൽ ഒരിക്കൽ പോലും യുവരാജ് സിങ്ങിന്റെ ബാറ്റിങ് അഭിഷേക് കാണാതിരുന്നിട്ടില്ല. മറ്റൊരു യുവരാജ് ആകാൻ അയാൾ പരിശീലനം തുടരുകയാണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കുമ്പോൾ മുതൽ യുവിയുടെ പിന്തുണ അഭിഷേകിന് ലഭിച്ചു. തന്റെ പ്രിയ ശിഷ്യൻ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ നിർണായക സാന്നിധ്യമായിരിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഒറ്റ ആഗ്രഹം മാത്രം. യുവരാജ് നേടിയതുപോലെ അഭിഷേകും ഇന്ത്യയ്ക്കായി എല്ലാ നേട്ടങ്ങളും സ്വന്തമാക്കണം.

Content Highlights: Fearless approach, sensational batting, junior Yuvraj, Abhishek Sharma announced himself in international occassions

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us