67 വർഷങ്ങൾക്ക് മുമ്പ് 1958 ൽ ഇങ്ങനെയൊരു ഫെബ്രുവരി ആറിനാണ് ഫുട്ബാൾ ലോകത്തെയും മുഴുവൻ ലോകത്തെയും ഞെട്ടിച്ച മ്യൂണിക്ക് വിമാന ദുരന്തം സംഭവിക്കുന്നത്. 'മ്യൂണിക്ക് എയർ ഡിസാസ്റ്റർ' എന്ന് പിന്നീട് കുപ്രസിദ്ധമായ ആ വിമാനദുരന്തത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എട്ട് താരങ്ങളുടെ ജീവനുകളാണ് പൊലിഞ്ഞത്. മാറ്റ് ബുസ്ബി എന്ന വിഖ്യാത പരിശീലകന് കീഴില്‍ 'ബുസ്ബി ബേബ്‌സ്' എന്നറിയപ്പെട്ട സുവര്‍ണതലമുറയിലെ എട്ട് പേരായിരുന്നു അവർ. രക്ഷപ്പെട്ടത് വിഖ്യാത താരം ബോബി ചാൾട്ടൻ ഉൾപ്പെടെ 21 പേർ.
യൂറോപ്യൻ കപ്പ് ക്വാർട്ടർ ഫൈനൽ കളിക്കാൻ യുഗോസ്ലാവ്യൻ തലസ്ഥാനമായ ബെൽഗ്രേഡിലേക്ക് പോയതായിരുന്നു അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം. ഓൾഡ് ട്രാഫോർഡിൽ റെഡ്സ്റ്റാർ ബെൽഗ്രേഡിനെ 2–1 ന് തോൽപിച്ച് രണ്ടാം പാദത്തിനായി അവരുടെ ഗ്രൗണ്ടിലെത്തിയ യുണൈറ്റഡ് അവിടെ 3–3 ന്റെ സമനില പിടിച്ചു. ഇതോടെ ടൂർണമെന്റിൽ സെമിയിലുമെത്തി.
ഇംഗ്ലണ്ടിലേക്കുള്ള മടക്ക യാത്രയിൽ ബെൽഗ്രേഡിൽ നിന്ന് പുറപ്പെട്ട എയർ സ്പീഡ് അംബാസഡർ വിമാനം ഇന്ധനം നിറയ്ക്കാൻ ജർമൻ നഗരമായ മ്യൂണിക്കിലിറക്കി. എന്നാൽ ഇന്ധനം നിറച്ച് യാത്ര പുനരാരംഭിക്കാൻ നിൽക്കവെയാണ് സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപെട്ടത്. രണ്ട് തവണ ടേക്ക് ഓഫിനുള്ള ശ്രമം ഉപേക്ഷിച്ചു. ചെറിയ മഞ്ഞുവീഴ്ചയും കൂടിയായതോടെ തൊട്ടടുത്ത ദിവസത്തേക്ക് യാത്ര മാറ്റിവെക്കാമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും കൂട്ടത്തിൽ ഒരു പൈലറ്റിന്റെ ആത്മവിശ്വാസത്തിൽ ടേക്ക് ഓഫിന് വീണ്ടും തയ്യാറാവുകയായിരുന്നു.
ടേക്ക്ഓഫിനായി കുതിച്ച വിമാനം ഉയർന്നുതുടങ്ങുന്നതിന് മുമ്പ് തന്നെ ഗതി മാറി അരികിലുള്ള ചെളി കൂമ്പാരത്തിലേക്ക് പൂണ്ടു. ശേഷം മതിലും തകർത്ത് തൊട്ടടുത്ത അപ്രോച്ച് റോഡിലേക്ക് കയറിയ വിമാനം പെടുന്നനെ തീഗോളമായി. തൽക്ഷണം മരിച്ചത് 20 പേർ. ശേഷം ത്രീവ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർ കൂടി മരിച്ചതോടെ മരണം 23 ലെത്തി. രണ്ട് തവണ ടേക്ക് ഓഫ് ശ്രമം പരാജയപ്പെട്ടിട്ടും വീണ്ടും ടേക്ക് ഓഫിന് നിർബന്ധം പിടിച്ച പൈലറ്റ് ജെയിംസ് തെയ്നിന്റെ പേരിലാണ് അപകടത്തിന്റെ മുഴുവൻ കുറ്റവും ചാർത്തപ്പെട്ടത്.
എന്നാൽ തന്റെ തീരുമാനം ശരിയായിരുന്നുവെന്നും ടേക്ക് ഓഫ് ചെയ്യാതിരിക്കേണ്ട സാങ്കേതിക പ്രശ്നമോ കാലാവസ്ഥ പ്രശ്നമോ അന്ന് മ്യൂണിക്ക് എയർപോർട്ടിൽ ഇല്ലായിരുന്നുവെന്നും തായ്‌വാൻ വാദിച്ചു. അങ്ങനെ പത്തുവർഷം നീണ്ട അന്വേഷണത്തിനൊടുവിൽ 1968ൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. സാങ്കേതിക പ്രശ്നങ്ങളോ കാലാവസ്ഥ പ്രശ്നങ്ങളോ ആയിരുന്നില്ല, റൺവേയിലെ ചെളിയായിരുന്നു അപകടത്തിന് കാരണം എന്നായിരുന്നു വിചാരണ കോടതിയുടെ ഒടുവിലത്തെ കണ്ടെത്തൽ.
ഏതായാലും പ്രധാന എട്ട് താരങ്ങളെയും അപ്രതീക്ഷിതമായി നഷ്ടമായ മാഞ്ചസ്റ്റർ യുണൈറ്റഡ് അടച്ചുപൂട്ടുമെന്ന അവസ്ഥയിലെത്തി. തന്റെ താരങ്ങളെ നഷ്ടപ്പെട്ടതിൽ മാനസികമായി തളർന്ന മാനേജർ മാറ്റ് ബുസ്ബി ആരോഗ്യം വീണ്ടെടുക്കാൻ സ്വിറ്റ്സർലൻഡിലേക്ക് പോയി. ശേഷം ആരാധകരുടെ നിരന്തര പ്രചോദനത്തിലും മറ്റ് ക്ലബുകളുടെ സഹായത്തിലും ക്ലബ് തിരിച്ചുവന്നു. യുണൈറ്റഡ് തിരിച്ചുവന്ന വർഷം യൂറോപ്യൻ കിരീടം ചൂടിയ റയൽ മഡ്രിഡ് ഒരു നിർദേശവും മുന്നോട്ട് വെച്ചു. ഫുട്ബോൾ ചരിത്രത്തിൽ അതിന് മുമ്പോ ശേഷമോ അങ്ങനെയൊരു അസാധാരണ പ്രഖ്യാപനം ഉണ്ടായിട്ടില്ല. തങ്ങൾ നേടിയ കിരീടം യുണൈറ്റഡിന് നൽകാം എന്നായിരുന്നു അത്. എന്നാൽ അങ്ങനെയൊരു കീഴ്വഴക്കം ഫുട്ബോളിൽ പറഞ്ഞു കേട്ടിട്ടില്ലാത്തതിനാൽ അത് അംഗീകരിക്കപ്പെട്ടില്ല.
എന്നാൽ പത്തുവർഷങ്ങൾക്കു ശേഷം ബുസ്ബിയുടെ ശിക്ഷണത്തിൽ തന്നെ യുണൈറ്റഡ് യൂറോപ്യൻ കിരീടം ചൂടി. അന്ന് ദുരന്തത്തെ അതിജീവിച്ച അവരുടെ വിഖ്യാത താരം ബോബി ചാൾട്ടനും ആ ടീമിലുണ്ടായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ലോകകപ്പും യുണൈറ്റഡിനായി ഏറ്റവുമധികം മത്സരങ്ങളും ഗോളുകളും എന്നിങ്ങനെ പകരം വയ്ക്കാനാകാത്ത നേട്ടങ്ങള്‍ക്ക് ശേഷമാണ് ബോബി ചാള്‍ട്ടണ്‍ കളി മതിയാക്കിയത്.
പിന്നീടൊരിക്കലും താൻ ഈ കാലുകൊണ്ട് ഫുട്ബോൾ കളിക്കുകയോ ഫുട്ബോൾ കളിക്കുന്നത് കാണുകയോ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നായിരുന്നു ബോബി ചാള്‍ട്ടണ്‍ തന്റെ അനുഭവ കഥയിൽ പറഞ്ഞിരുന്നത്. എന്നാൽ 2023 ൽ മരിക്കും വരെയും യുണൈറ്റഡിന്റെ മാനേജ്‌മെന്റിന്റെ ഭാഗമായും പല സമയങ്ങളിലും കളിക്കാരെ പ്രചോദിപ്പിക്കാനും അയാൾ മൈതാനത്തെത്തി. ഈ മോശം കാലത്തും യുണൈറ്റഡ് തിരിച്ചുവരുമെന്ന് പറയാനുള്ള ഒരു കാരണം അതാണ്. ടീമിന്റെ ഇലവന്റെ പ്രധാന പേരുകൾ ഭൂരിഭാഗം മായ്ഞ്ഞുപോയിട്ടും അവർ തിരിച്ചുവന്നതും എണ്ണിയാലൊടുങ്ങാത്ത കിരീടങ്ങൾ നേടിയെടുത്തതും അതിന് സാക്ഷിയാണ്.
Content Highlights: 67 year for manchester united munich air disaster and club rise from ashes