ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പരാജയപ്പെട്ടിരിക്കുകയാണ്. 2023ലെ ഏകദിന ലോകകപ്പിന് ശേഷം 13 ഏകദിന മത്സരങ്ങളിൽ നാലിൽ മാത്രമാണ് ഇംഗ്ലണ്ട് ടീം വിജയിച്ചത്. വെസ്റ്റ് ഇൻഡീസിനോടും ഓസ്ട്രേലിയയോടും പരമ്പര തോൽവി. ട്വന്റി 20യിൽ കഴിഞ്ഞ ആറ് പരമ്പരകളിൽ രണ്ടിൽ മാത്രം വിജയം. 2022ലെ ടി20 ചാംപ്യന്മാരാണ് ഈ നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുക്കുന്നത്. ബാസ്ബോൾ ശൈലിയും ജോ റൂട്ടിന്റെയും ബെൻ സ്റ്റോക്സിന്റെയും പോരാട്ടവും ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലീഷ് നിരയ്ക്ക് ഒരൽപ്പം കരുത്ത് നൽകുന്നു. ഏങ്കിലും 2027ലെ ഏകദിന ലോകകപ്പ് മുന്നിൽകണ്ടാൽ ഒട്ടും പ്രതീക്ഷയിലല്ല ഇംഗ്ലീഷ് പോരാട്ടം. എന്താണ് ഈ തിരിച്ചടികൾക്ക് കാരണം?, നമ്മുക്കൊന്ന് നോക്കാം.
2015ലെ ഏകദിന ലോകകപ്പ് നടക്കുന്ന സമയം. ഒയിൻ മോർഗന്റെ ഇംഗ്ലണ്ട് ടീം ലോകകപ്പിനെത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ട ഇംഗ്ലണ്ട് സൂപ്പർ എട്ട് കാണാതെ പുറത്തായി. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പുതിയൊരു തീരുമാനമെടുത്തു. ഒയിൻ മോർഗൻ തന്നെ ഇംഗ്ലണ്ട് ക്യാപ്റ്റനായി തുടരും. നാല് വർഷത്തിന് ശേഷം ആ തീരുമാനത്തിന് ഗുണമുണ്ടായി. 2019ൽ ഏകദിന ലോകകപ്പിന് ഇംഗ്ലണ്ടായിരുന്നു വേദി. ഒയിൻ മോർഗന്റെ ടീം വീണ്ടും കളത്തിലിറങ്ങി. ന്യൂസിലാൻഡുമായി ഇഞ്ചോടിഞ്ച് നീണ്ട കലാശപ്പോരാട്ടം. സൂപ്പർ ഓവറിലേക്കെത്തിയ മത്സരത്തിനൊടുവിൽ ഇംഗ്ലണ്ട് ടീം ആദ്യമായി ഏകദിന ലോകകപ്പിന്റെ ജേതാക്കളായി.
2023ൽ ജോസ് ബട്ലർ നായകനായ ടീം ലോകകിരീടം നിലനിർത്തുവാൻ ഇന്ത്യയിലേക്കെത്തി. ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച ബെൻ സ്റ്റോക്സിനെ ഉൾപ്പെടെ തിരിച്ചുവിളിച്ചാണ് ഇംഗ്ലണ്ട് ലോകകപ്പ് ആദ്യ മത്സരത്തിൽ പഴയ ഫൈനലിസ്റ്റുകളോട് തോറ്റ് തുടങ്ങിയപ്പോൾ ഇംഗ്ലണ്ട് ടീമിന് വരാനിരിക്കുന്നത് വലിയ ദുരന്തമാണെന്ന് ആരും കരുതിയിരുന്നില്ല. അഫ്ഗാനിസ്ഥാനാനോടും ശ്രീലങ്കയോടും ദക്ഷിണാഫ്രിക്കയോടുമെല്ലാം ഇംഗ്ലണ്ട് ടീം പരാജയപ്പെട്ടു. ഒരു ഘട്ടത്തിൽ ചാംപ്യൻസ് ട്രോഫി യോഗ്യതപോലും സംശയത്തിന്റെ നിഴലിലായി. ഒടുവിൽ പോയിന്റ് ടേബിളിൽ ഏഴാമനായി ഇംഗ്ലണ്ട് ടീം ലോകകപ്പ് യാത്ര അവസാനിപ്പിച്ചു. ലോകകപ്പിലെ അവസാന രണ്ട് മത്സരങ്ങളിലെ വിജയം ഇംഗ്ലണ്ട് ടീമിന് ചാംപ്യൻസ് ട്രോഫി യോഗ്യത നേടിനൽകി.
ഇംഗ്ലണ്ട് ക്രിക്കറ്റ് വീണ്ടും പഴയ തീരുമാനമെടുത്തു. ജോസ് ബട്ലറെ നായകനായി നിലനിർത്തി. ലക്ഷ്യം 2027ലെ ഏകദിന ലോകകപ്പ് തന്നെ. പക്ഷേ ഇംഗ്ലണ്ട് ക്രിക്കറ്റിൽ കാര്യങ്ങൾ ആശാവഹമല്ല. പ്രതീക്ഷയേകുന്ന യുവതാരങ്ങളില്ല. ഡക്കറ്റിന്റെയും സോൾട്ടിന്റെയും ലിവിങ്സ്റ്റണിന്റെയും പ്രകടനങ്ങൾ വ്യക്തിഗത നേട്ടങ്ങളിലൊതുങ്ങുന്നു. ബൗളിങ് നിരയുടെ പ്രകടനവും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്സണിന്റെ വാക്കുകളിൽ ടീമിന്റെ പ്രകടനത്തിലെ നിരാശ വ്യക്തമാണ്. അർധ സെഞ്ച്വറി പിന്നിട്ട് താരങ്ങൾ ജോലി പൂർത്തിയാക്കിയ സന്തോഷത്തിൽ മടങ്ങുന്നു. സെഞ്ച്വറിയോ ടീമിന്റെ വിജയമോ പലതാരങ്ങൾക്കും ലക്ഷ്യമില്ല. ടീം വിജയത്തിന് ആവശ്യമായ സ്കോർ ഇംഗ്ലണ്ട് ടീം അടിച്ചെടുത്തില്ല. പീറ്റേഴ്സൺ പറയുന്നതിങ്ങനെ. ഏകദിന ക്രിക്കറ്റ് ഒരു പഴയ സംസ്കാരമെന്നപോലാണ് ഇംഗ്ലണ്ട് കളിച്ചുതീർക്കുന്നത്. പാർഥിവ് പട്ടേലും പീറ്റേഴ്സണെ പിന്തുണച്ചു.
16-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ രൂപപ്പെട്ട വിനോദമാണ് ക്രിക്കറ്റെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് കോളനീവത്ക്കരണത്തിന്റെ നാളുകളിൽ ലോകമെങ്ങും ക്രിക്കറ്റ് പ്രചാരണത്തിലായി. ആദ്യ മൂന്ന് ഏകദിന ലോകകപ്പുകൾക്ക് ഇംഗ്ലണ്ട് വേദിയായി. ലോർഡ്സ് ലോക ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്നു. ജെഫ് ബോയ്കോട്ട്, ഇയാൻ ബോത്തം, മൈക്കൽ വോൺ, അലിസ്റ്റർ കുക്ക്, കെവിൻ പീറ്റേഴ്സൺ, ജെയിംസ് ആൻഡേഴ്സൺ അങ്ങനെ മഹാന്മരായ എത്രയോ കളിക്കാരെ സംഭാവന ചെയ്തവരാണ് ഇംഗ്ലണ്ട് ക്രിക്കറ്റ്. പക്ഷേ യൂറോപ്പിലെ ഏക ക്രിക്കറ്റ് ശക്തികൾക്ക് അവരുടെ ദേശീയ വിനോദം ഇപ്പോൾ ഒരു ചടങ്ങ് മാത്രമായി മാറുകയാണ്. ലോക ക്രിക്കറ്റ് ആരാധകർക്ക് ഒട്ടും പ്രതീക്ഷയുണർത്തുന്നതല്ല ഇംഗ്ലണ്ടിന്റെ സമീപകാല പ്രകടനങ്ങൾ.
Content Highlights: England loses the domination in Cricket, while back to back series defeats