സജനയ്ക്കും മിന്നുമണിക്കുമൊപ്പം അരങ്ങേറ്റത്തിന് ജോഷിതയും; WPL ലെ മലയാളി സാന്നിധ്യമായി വയനാടൻ പെരുമ

മാര്‍ച്ച് 15 വരെ നാല് വേദികളിലായി അഞ്ച് ടീമുകൾ മാറ്റുരയ്ക്കുന്ന ലീഗിൽ മലയാളി സാന്നിധ്യങ്ങളായി മൂന്നുപേരുണ്ട്.

dot image

വനിതാ പ്രീമിയര്‍ ലീഗിന്റെ മൂന്നാം എഡിഷന് ഇന്ന് തുടക്കമാവുകയാണ്. ഗുജറാത്തിലെ വഡോദരയിൽ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-ഗുജറാത്ത് ജയന്റ്‌സ് പോരാട്ടമാണ് ഉദ്ഘാടനമത്സരമായി ഇന്ന് അരങ്ങേറുന്നത്. മാര്‍ച്ച് 15 വരെ നാല് വേദികളിലായി അഞ്ച് ടീമുകൾ മാറ്റുരയ്ക്കുന്ന ലീഗിൽ മലയാളി സാന്നിധ്യങ്ങളായി മൂന്നുപേരുണ്ട്.

മുംബൈ ഇന്ത്യൻസിന് വേണ്ടി സജന സജീവൻ, ഡൽഹി ക്യാപിറ്റൽസിന് വേണ്ടി മിന്നുമണി, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി വി ജെ ജോഷിത എന്നിവരാണ് ഈ മലയാളികൾ. മൂന്നുപേരും വയനാട്ടുകാരാണ് എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ സീസണിലെ മലയാളി സെൻസേഷണലായിരുന്ന മലയാളി ലെഗ് സ്പിന്നർ ശോഭന ആശ ഈ സീസണിൽ പരിക്കേറ്റ് പുറത്തായത് നിരാശയായി. കഴിഞ്ഞ സീസണിൽ ബെംഗളൂരുവിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരം കൂടിയാണ് ശോഭന. താരങ്ങളിലേക്ക് ഒരു എത്തിനോട്ടം.

സിക്സർ സജന

ഡബ്ല്യുപിഎല്ലിലെ തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യപന്തിൽ സിക്സറടിച്ച് ടീമിനെ വിജയിച്ച താരമാണ് സജന സജീവൻ. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ജയിക്കാൻ ഒരു പന്തിൽ അഞ്ച് റൺസ് വേണ്ടപ്പോഴായിരുന്നു മുംബൈയ്ക്ക് വേണ്ടി സജനയുടെ മിന്നും പ്രകടനം. ഇതോടെ താരത്തിന് ടൂൺമെന്റിലുടനീളം അവസരം ലഭിച്ചു.

എട്ടാം സ്ഥാനത്തിറങ്ങിയ സജനയെ ഓപ്പണറാക്കിയിറക്കിയാണ് മുംബൈ ടീം പിന്നീടുള്ള മത്സരങ്ങളിൽ ഇതിന് നന്ദി കാണിച്ചത്. ഒമ്പത് കളിയിൽ നിന്ന് 87 റൺസും രണ്ട് വിക്കറ്റും ഈ ഓൾ റൗണ്ടർ നേടി. യുപി വാരിയേഴ്സിനെതിരെ സോഫി എക്ലസ്റ്റനെ പുറത്താക്കിയ ഡൈവിങ് ക്യാച്ചിന് ടൂർണമെന്റിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള പുരസ്കാരവും ലഭിച്ചു. ശേഷം ഇന്ത്യയുടെ നീല കുപ്പായത്തിലേക്കും സജനയ്ക്ക് വിളിയെത്തി.

മൂന്നാമതും മിന്നു

വനിതാ ലീഗീന്റെ മൂന്നാം സീസണിലും കളിക്കാനാവുന്നതിന്റെ സന്തോഷത്തിലാണ് മിന്നുമണി. കേരളത്തിൽ നിന്നും ആദ്യമായി ഇന്ത്യൻ ടീമിലെത്തിയ താരമാണ് 25 വയസ്സുകാരിയായ മിന്നു. ഇന്ത്യയ്ക്കായി മൂന്ന് ഏകദിനങ്ങളും നാല് ടി20 യും കളിച്ച താരത്തിന് കഴിഞ്ഞ സീസണിൽ തിളങ്ങാനായിരുന്നില്ല. ആകെ മത്സരങ്ങളിൽ നിന്ന് 3 വിക്കറ്റുകളും 5 റൺസുമാണ് മിന്നുമണി നേടിയത്. വലംകയ്യൻ സ്പിന്നറും ഇടത്കയ്യൻ ബാറ്ററുമായ ഓൾറൗണ്ടർ താരത്തിന് മികച്ച ടീം ഇലവനുള്ള ദൽഹി ക്യാപിറ്റലിൽ അവസരം കുറവായിരുന്നു. എന്നാൽ ബെംഗളൂരുവിനെതിരെയുള്ള ഫൈനലിൽ സ്മൃതിയുടെ വിലപ്പെട്ട വിക്കറ്റെടുത്തത് പക്ഷെ മിന്നുവായിരുന്നു. 6 വയസ്സുമുതൽ കേരള ടീമിനായി ആഭ്യന്തര മത്സരങ്ങൾ കളിച്ചു തുടങ്ങിയ മിന്നു കേരളത്തിൽ ക്രിക്കറ്റ്, സ്പോർട്സ് രംഗത്തേക്ക് കടന്നുവരാൻ സ്ത്രീകൾക്കുള്ള പ്രചോദനമായിരുന്നു.

അരങ്ങേറ്റത്തിന് ജോഷിത

അണ്ടർ 19 ലോകകപ്പ് നേടിയതിന്റെ ആവേശത്തിലാണ് വി ജെ ജോഷിത ലീഗിൽ അരങ്ങേറ്റത്തിനെത്തുന്നത് . ലോകകപ്പിൽ ഇന്ത്യയെ കിരീട നേട്ടത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ലോകകപ്പിൽ ആറ് വിക്കറ്റെടുത്ത താരം അത്യാവശ്യ ഘട്ടത്തിൽ ബാറ്റ് കൊണ്ടും തിളങ്ങാൻ കഴിയുള്ളവളാണ്. മികച്ച പ്രകടനത്തോടെ തങ്ങളുടെ ചേച്ചിമാരെ പോലെ ഇന്ത്യൻ സീനിയർ ടീമിൽ ഇടംപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് താരം.

നിരാശയിൽ ആശ

പരിക്കുമൂലം മൂന്നാം സീസൺ കളിക്കാൻ പറ്റാത്തതിന്റെ നിരാശയിലാണ് ശോഭന ആശ. കഴിഞ്ഞ സീസണിൽ പത്ത് കളിയിൽ നിന്നും പന്ത്രണ്ട് വിക്കറ്റ് നേടി വിക്കറ്റ് വേട്ടയിൽ രണ്ടാമതെത്തിയിരുന്നു. സെമിയിൽ മുംബൈ ഇന്ത്യൻസിനെതിരെ അപ്രതീക്ഷിത വിജയം നൽകി ഫൈനലിലെലേക്ക് ബെംഗളൂരുവിനെ നയിച്ചതും ഒരർത്ഥത്തിൽ ആശയായിരുന്നു. ഫൈനലിൽ മൂന്നോവർ എറിഞ്ഞു രണ്ട് വിക്കറ്റ് നേടി. യു പി വാരിയേഴ്സിനെതിരെയുള്ള മത്സരത്തിൽ അഞ്ചു വിക്കറ്റ് നേടി.

ഡബ്ല്യുപിഎൽ ചരിത്രത്തിലെ തന്നെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമായിരുന്നു ആശയുടേത്. തിരുവനന്തപുരം സ്വദേശിയായ ഈ 33 വയസ്സുകാരി ഒന്നാം സീസണിലും ബെംഗളുരുവിനൊപ്പമുണ്ടായിരുന്നു. ലെഗ് ബ്രേക്ക് ഗൂഗ്ലിയാണ് ബൗളിങ്ങ് രീതി. പരിക്കിൽ നിന്ന് ഉടൻ തിരിച്ചുവന്ന് ഫോം വീണ്ടെടുക്കാനാവും താരത്തിന്റെ ശ്രമം.

Content Highlights:Joshita to debut alongside Sajana and Minnu; Malayalee presence in WPL

dot image
To advertise here,contact us
dot image