
ഐസിസി ചാംപ്യൻസ് ട്രോഫിയുടെ ഒമ്പതാം പതിപ്പിന് തുടക്കമാകാൻ ഇനി മണിക്കൂറുകൾ മാത്രം. ലോക ക്രിക്കറ്റ് ശക്തികൾ ഒരു വേദിയിൽ ഒന്നിക്കുന്ന ഏകദിന ക്രിക്കറ്റിന്റെ മറ്റൊരു രൂപം. മിനി ലോകകപ്പ് എന്നും ചാംപ്യൻസ് ട്രോഫി അറിയപ്പെടുന്നു. എക്കാലവും ക്ലാസിക് പോരാട്ടങ്ങൾ കണ്ട ടൂർണമെന്റ്. ഒമ്പതാം പതിപ്പിന് മുമ്പ് ചാംപ്യൻസ് ട്രോഫിയെ അവിസ്മരണീയമാക്കിയ ചില ഓർമകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
1998ൽ ഐസിസി നോക്കൗട്ട് ടൂർണമെന്റ് എന്ന പേരിലാണ് ചാംപ്യൻസ് ട്രോഫിക്ക് തുടക്കമായത്. ഐസിസി റാങ്കിങ്ങിൽ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകൾക്കായി ഒരു ടൂർണമെന്റ്. ഈ രാജ്യങ്ങളിൽ ക്രിക്കറ്റിന്റെ വളർച്ചയായിരുന്നു ടൂർണമെന്റിന് പിന്നിലെ പ്രധാന ലക്ഷ്യം. ആദ്യ പതിപ്പിന് ബംഗ്ലാദേശ് വേദിയായി. യോഗ്യതാ റൗണ്ടിൽ മത്സരിച്ച സിംബാബ്‍വെ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങൾ ടൂർണമെന്റിൽ മത്സരിച്ചു. ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച് ഹാൻസി ക്രോണ്യയുടെ ദക്ഷിണാഫ്രിക്ക പ്രഥമ ചാംപ്യൻസ് ട്രോഫിയിൽ ജേതാക്കാളായി. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടി. ബാറ്റുകൊണ്ടും പന്തുകൊണ്ടും സച്ചിൻ തെണ്ടുൽക്കറായിരുന്നു മത്സരത്തിലെ താരം. 128 പന്തിൽ 141 റൺസുമായി ബാറ്റിങ് വെടിക്കെട്ട്. പിന്നാലെ നാല് വിക്കറ്റ് നേട്ടവുമായി പന്തുകൊണ്ടും തിളങ്ങി. എന്നാൽ സെമിയിൽ വെസ്റ്റ് ഇൻഡീസിനോട് തോറ്റ് പുറത്തായി.
2000ത്തിലെ രണ്ടാം പതിപ്പിന് കെനിയ വേദിയായി. മുഹമ്മദ് അസ്ഹറുദീനിൽ നിന്നും സൗരവ് ഗാംഗുലി ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്ത കാലം. 11 രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റ്. യോഗ്യതാ റൗണ്ടിൽ കെനിയയെ തോൽപ്പിച്ച് ഇന്ത്യ ക്വാർട്ടറിനെത്തി. വീണ്ടും ഇന്ത്യ ഓസ്ട്രേലിയ പോരാട്ടം. ഈ പോരാട്ടത്തിലാണ് പിന്നീടുള്ള ഒന്നരപതിറ്റാണ്ടോളം നമ്മളുടെ ക്രിക്കറ്റ് ഓർമകളെ ജ്വലിപ്പിച്ചുനിർത്തിയ ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു യുവരാജാവിന്റെ, യുവരാജ് സിങ്ങിന്റെ ഉദയമുണ്ടായത്. ഇത്തവണ ഏകദിന കരിയറിൽ ആദ്യമായി ബാറ്റിങ്ങിനിറങ്ങിയ യുവരാജ് സിങ് താരമായി. 80 പന്തിൽ 84 റൺസ്. 20 റൺസിന് ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ സെമിയിലേക്ക്. സൗരവ് ഗാംഗുലിയുടെ 141 റൺസ് മികവിൽ സെമിയൽ ദക്ഷിണാഫ്രിക്കയെയും തോൽപ്പിച്ചു. കലാശപ്പോരിൽ വീണ്ടും ഗാംഗുലിയുടെ സെഞ്ച്വറി, സച്ചിൻ തെണ്ടുൽക്കറിന്റെ അർധ സെഞ്ച്വറി. പക്ഷേ സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ ന്യൂസിലാൻഡ് മെല്ലെ തിരിച്ചടിച്ചു. ക്രിസ് കെയിൻസിന്റെ സെഞ്ച്വറി നേട്ടത്തിൽ ന്യൂസിലാൻഡിന് നാല് വിക്കറ്റ് ജയം. രണ്ടാം ചാംപ്യൻസ് ട്രോഫി ന്യൂസിലാൻഡിലേക്ക്.
2002 മുതലാണ് ഐസിസി നോക്കൗട്ട് ടൂർണമെന്റ് ചാംപ്യൻസ് ട്രോഫി എന്ന പേരിലേക്ക് മാറിയത്. പതിവ് നോക്കൗട്ട് രീതിയിലുള്ള ടൂർണമെന്റിന് പകരം ഗ്രൂപ്പ് തിരിച്ചുള്ള മത്സരങ്ങൾ. ടൂർണമെന്റിന് വേദിയായത് ശ്രീലങ്ക. 12 രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റ്. മൂന്ന് ടീമുകൾ നാല് ഗ്രൂപ്പിലായി അണിനിരന്നു. ഇംഗ്ലണ്ടിനെയും സിംബാബ്‍വെയെയും തോൽപ്പിച്ച് ഇന്ത്യ സെമിയിൽ കടന്നു. സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച പോരാട്ടങ്ങളിലൊന്നിന് ക്രിക്കറ്റ് ലോകം കാഴ്ചക്കാരായത്.
സെഞ്ച്വറിക്ക് പിന്നാലെ പരിക്കേറ്റ ഹെർഷൽ ഗിബ്സ്, ഇന്ത്യൻ പേസിന്റെ കരുത്തായിരുന്ന ആശിഷ് നെഹ്റയും പരിക്കിനെ തുടർന്ന് പിൻവാങ്ങി. 78 പന്തിൽ 70 റൺസ് നേടാൻ ഒമ്പത് വിക്കറ്റ് കയ്യിലുണ്ടായിരുന്നിട്ടും ദക്ഷിണാഫ്രിക്ക വിജയത്തിലെത്തിയില്ല. ദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 261 റൺസ്. യുവരാജ് സിങ് 62 റൺസും വിരേന്ദർ സെവാഗ് 59 റൺസും സംഭാവന ചെയ്തു. വിക്കറ്റ് കീപ്പർ രാഹുൽ ദ്രാവിഡിന്റെ വകയായി 49 റൺസും കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കൻ ബൗളിങ് നിരയിൽ തിളങ്ങിയത് ക്യാപ്റ്റൻ ഷോൺ പൊള്ളോക്കാണ്. മൂന്ന് വിക്കറ്റുകൾ പൊള്ളോക്ക് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഗ്രെയിം സ്മിത്തിനെ വേഗത്തിൽ നഷ്ടമായി. സഹീർ ഖാനെ കട്ട് ചെയ്യാനുള്ള ശ്രമം പോയിന്റിൽ യുവരാജ് സിങിന്റെ ഒരു തകർപ്പൻ ഡൈവിങ്ങിൽ കൈപ്പിടിയിലായി. പിന്നാലെ ഹെർഷൽ ഗിബ്സും ജാക് കാലിസും ക്രീസിൽ ഒന്നിച്ചു. ആക്രമണ ശൈലിയിലായിരുന്നു ഗിബ്സിന്റെ ബാറ്റിങ്. കാലിസ് മികച്ച പിന്തുണ നൽകി.
25-ാം ഓവറിൽ ഒരു റൺഔട്ട് ശ്രമത്തിനിടെ വിരലിന് പരിക്കേറ്റ് ആശിഷ് നെഹ്റ പുറത്തായി. ഇതോടെ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി കൂടുതൽ പ്രതിസന്ധിയിലായി. വിരേന്ദർ സെവാഗ്, യുവരാജ് സിങ് തുടങ്ങിയ പാർട് ടൈം ബൗളേഴ്സിന് കൂടുതൽ ഓവർ നൽകേണ്ടി വന്നു. പിന്നീട് നെഹ്റ മടങ്ങിയെത്തിയെങ്കിലും മത്സരത്തിൽ 7.3 ഓവർ മാത്രമായിരുന്നു താരത്തിന് എറിയാൻ കഴിഞ്ഞത്. കൊളംബോയിലെ പിച്ചിൽ ബൗണ്ടറികൾ നേടുക എളുപ്പമായിരുന്നില്ല. കാലിസിന്റെ ഇന്നിംഗ്സിൽ പിറന്നത് ആറ് ഫോറും ഒരു സിക്സറും മാത്രം. ഒരുപാട് റൺസ് ഓടിയെടുക്കേണ്ടി വന്നത് ഹെർഷൽ ഗിബ്സിനെ ക്ഷീണിപ്പിച്ചു. ഗ്രെയിം സ്മിത്ത് റണ്ണറായി എത്തിയെങ്കിലും ഫലമുണ്ടായില്ല. 119 പന്തിൽ 16 ഫോറുകളോടെ 116 റൺസുമായി ഗിബ്സിന് റിട്ടയർഡ് ഹർട്ട് ചെയ്യേണ്ടി വന്നു.
ഗിബ്സ് മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്ക 37 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെന്ന ശക്തമായ നിലയിലായിരുന്നു. കാലിസും ഗിബ്സും രണ്ടാം വിക്കറ്റിൽ 178 റൺസ് കൂട്ടിച്ചേർത്തു. 78 പന്തിൽ ജയിക്കാൻ വേണ്ടത് 70 റൺസ്. അവിടെനിന്നുമാണ് ദക്ഷിണാഫ്രിക്കയുടെ തകർച്ച ആരംഭിച്ചത്. ജോണ്ടി റോഡ്സിനെ പുറത്താക്കാൻ വീണ്ടും യുവരാജ് സിങ്ങിന്റെ തകർപ്പൻ ക്യാച്ച്. സാഹസിക ഡൈവിനിടെ യുവരാജിന് പരിക്കേൽക്കാതിരുന്നത് ടീം ഇന്ത്യയുടെ ഭാഗ്യം. പിന്നീട് വിക്കറ്റുകൾ കൊഴിഞ്ഞുകൊണ്ടിരുന്നു. ബോത്തെ ഡിപ്പെനറും മാർക് ബൗച്ചറും മടങ്ങിയപ്പോൾ ദക്ഷിണാഫ്രിക്ക നാലിന് 213.
ജാക് കാലിസ് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ 97 റൺസുമായി കാലിസ് മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്കൻ സ്കോർ 49.2 ഓവറിൽ അഞ്ചിന് 247. അവശേഷിച്ച നാല് പന്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നേടാൻ കഴിഞ്ഞത് നാല് റൺസ് മാത്രം. 10 റൺസ് വിജയത്തോടെ ഇന്ത്യ ചാംപ്യൻസ് ട്രോഫി ഫൈനലിലേക്ക്. രണ്ട് ഫൈനൽ മത്സരങ്ങൾ നിശ്ചയിച്ചിട്ടും ഒരു ചാംപ്യനെ കണ്ടെത്താനായില്ല. രണ്ട് മത്സരങ്ങളും മഴയെടുത്തു. ഇന്ത്യയും ശ്രീലങ്കയും സംയുക്ത ചാംപ്യന്മാരായി.
2004ലെ ചാംപ്യൻസ് ട്രോഫിക്ക് ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ചു. ഗ്രൂപ്പിൽ കെനിയയോട് ജയിച്ചെങ്കിലും പാകിസ്താനോട് തോറ്റ ഇന്ത്യ സെമി കാണാതെ പുറത്തായി. ഫൈനൽ ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലായിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് എട്ടിന് 147 എന്ന നിലയിൽ തകർന്നു. എന്നാൽ ഒമ്പതാം വിക്കറ്റിൽ ഒത്തുചേർന്ന കോർട്ട്നി ബ്രൗണും ഇയാൻ ബ്രാഡ്ഷോയും ക്രീസിലുറച്ചു. ഇരുവരും ചേർന്ന ഒമ്പതാം വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്തു. ബ്രയാൻ ലാറയുടെ വെസ്റ്റ് ഇൻഡീസ് ചാംപ്യൻസ് ട്രോഫിയുടെ ജേതാക്കളായി.
2006ൽ ഇന്ത്യ ചാംപ്യൻസ് ട്രോഫിക്ക് വേദിയായി. പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 10 ആയി കുറഞ്ഞു. രാഹുൽ ദ്രാവിഡായിരുന്നു ഇന്ത്യൻ നായകൻ. ഇംഗ്ലണ്ടിനോട് വിജയിച്ചും വെസ്റ്റ് ഇൻഡീസിനോടും ഓസ്ട്രേലിയയോടും പരാജയപ്പെട്ടും ഇന്ത്യ ടൂർണമെന്റിലെ യാത്ര അവസാനിപ്പിച്ചു. ക്രിക്കറ്റ് ലോകത്തിന്റെ അധിപന്മാരായിരുന്ന ഓസ്ട്രേലിയയ്ക്ക് ബാലികേറാമലയായ ടൂർണമെന്റ് എന്നാണ് അന്നുവരെ ചാംപ്യൻസ് ട്രോഫി അറിയപ്പെട്ടത്. എന്നാൽ 2006ൽ നിലവിലെ ചാംപ്യന്മാരായിരുന്ന വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി റിക്കി പോണ്ടിങ്ങിന്റെ ഓസ്ട്രേലിയ പരിഹാസങ്ങൾക്ക് വിരമാമിട്ടു.
2009ൽ ചാംപ്യൻസ് ട്രോഫിക്ക് ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ചു. ട്വന്റി 20യുടെ അതിപ്രസരത്തിൽ ഏകദിന ക്രിക്കറ്റ് വെല്ലുവിളികൾ നേരിടുന്ന സമയായിരുരുന്നു അത്. ശക്തരായ ടീമുകൾ ഏറ്റുമുട്ടുകയെന്ന ഐസിസി തീരുമാനത്തിൽ ചാംപ്യൻസ് ട്രോഫിയിലെ ടീമുകളുടെ എണ്ണം എട്ടായി കുറച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന മത്സരമായിരുന്നു ടൂർണമെന്റിൽ ഏറ്റവും ആവേശമുയർത്തിയത്. സെഞ്ച്വറിയനിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 323 റൺസ്. ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത് ഒറ്റയ്ക്ക് മറുപടി പറഞ്ഞു. എന്നാൽ സ്മിത്തിന്റെ 141 റൺസിന് ദക്ഷിണാഫ്രിക്കയെ രക്ഷിക്കാനായില്ല. 20 റൺസ് അകലെ ആതിഥേയരുടെ പോരാട്ടത്തിന് അവസാനമായി. ദക്ഷിണാഫ്രിക്ക ടൂർണമെന്റിന് പുറത്തായി. ഇംഗ്ലീഷ് പോരാട്ടം പക്ഷേ സെമിയിൽ ഓസീസിന് മുന്നിൽ അവസാനിച്ചു.
ഇന്ത്യ എതിരാളികളെ ആശ്രയിച്ച് നീങ്ങിയ ടൂർണമെന്റ് കൂടിയായിരുന്നു 2009ലെ ചാംപ്യൻസ് ട്രോഫി. ആദ്യ മത്സരത്തിൽ പാകിസ്താനോട് തോറ്റു. രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ഓസീസ് മികച്ച സ്കോറിലേക്ക് നീങ്ങവെ മഴ വില്ലനായെത്തി. ഇതോടെ ഗ്രൂപ്പിലെ അവസാന മത്സരമായ പാകിസ്താൻ-ഓസ്ട്രേലിയ പോരാട്ടം ആവേശകരമായി. പാകിസ്താൻ ജയിച്ചാൽ ഇന്ത്യ സെമിയിലെത്തും. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നേടിയത് ആറിന് 205 റൺസ്. ഓസ്ട്രേലിയയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. ഒടുവിൽ 50-ാം ഓവറിലെ അവസാന പന്തിൽ പാകിസ്താനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ സെമിയിലേക്ക്. ഫൈനലിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് റിക്കി പോണ്ടിങ്ങിന്റെ ഓസ്ട്രേലിയയെ ചാംപ്യൻസ് ട്രോഫി നിലനിർത്തി.
2013ൽ ചാംപ്യൻസ് ട്രോഫിക്ക് വിരാമമിടാൻ ഐസിസി തീരുമാനിച്ചു. അങ്ങനെ അവസാന പതിപ്പിന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് വേദിയായി. ശ്രീലങ്കയും ന്യൂസിലാൻഡും തമ്മിലായിരുന്നു ടൂർണമെന്റിന് ആവേശം ജനിപ്പിച്ച പോരാട്ടങ്ങളിലൊന്ന്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 138 റൺസിൽ എല്ലാവരും പുറത്ത്. ന്യൂസിലാൻഡിനെ ലസീത് മലിംഗ മാർക്ക് ചെയ്തു. കിവീസ് താരങ്ങൾ ഓരോത്തരായി ഡ്രെസ്സിങ് റൂമിൽ മടങ്ങിയെത്തി. എങ്കിലും ഒറ്റ വിക്കറ്റ് ബാക്കിയാക്കി ന്യൂസിലാൻഡ് മത്സരം സ്വന്തമാക്കി.
2013ലെ ചാംപ്യൻസ് ട്രോഫി ഇന്ത്യയുടേതായിരുന്നു. എല്ലാ മത്സരങ്ങളിലും എതിരാളികളെ നിഷ്ഫലമാക്കിയ പ്രകടനങ്ങൾ. മികച്ച തുടക്കങ്ങൾ നൽകി രോഹിത് ശർമ-ശിഖർ ധവാൻ ഓപണിങ് കൂട്ടുകെട്ട്. ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനോട് മാത്രം ഒരൽപ്പം കഠിനമായ പോരാട്ടം. 11 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ചാംപ്യൻസ് ട്രോഫി ജേതാക്കളായി. ടൂർണമെന്റ് വലിയ വിജയമായി. ചാംപ്യൻസ് ട്രോഫി അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും ഐസിസി പിന്മാറിയതായിരുന്നു ക്രിക്കറ്റ് ലോകത്തിന് ഏറെ ആവേശമായത്. താങ്ക്സ് ടു ക്യാപ്റ്റൻ എം എസ് ധോണി.
2017ൽ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് വീണ്ടും ചാംപ്യൻസ് ട്രോഫിക്ക് വേദിയായി. ഇത്തവണയും ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. എതിരാളികൾ പരമ്പരാഗത വൈരികളായ പാകിസ്താൻ. ഏകപക്ഷീയമായ ഫൈനൽ. ഫഖർ സമാന്റെ സെഞ്ച്വറി മികവിൽ പാകിസ്താൻ നാലിന് 338 എന്ന സ്കോർ ഉയർത്തി. ഇന്ത്യയ്ക്ക് 180 റൺസിന്റെ തോൽവി. പക്ഷേ തോൽവിയേക്കാൾ വലുതായിരുന്നു മത്സരത്തിന് ശേഷമുണ്ടായ വിവാദങ്ങൾ. അവസാന ഓവറുകളിൽ തുടർച്ചായായി നോബോളുകൾ എറിഞ്ഞ് ജസ്പ്രീത് ബുംമ്രയുടെ മോശം ബൗളിങ്. നന്നായി കളിച്ചിരുന്ന ഹാർദിക് പാണ്ഡ്യയെ റൺഔട്ടാക്കിയ രവീന്ദ്ര ജഡേജ. വിവാദങ്ങൾ ചാംപ്യൻസ് ട്രോഫിയോടെ കെട്ടടങ്ങിയത് മാത്രമായി ഇന്ത്യയ്ക്ക് ആശ്വാസം.
കൊവിഡ് 19തിന്റെ വ്യാപനത്തിൽ 2021ൽ ചാംപ്യൻസ് ട്രോഫി നടന്നില്ല. 2025ൽ വീണ്ടുമൊരു ചാംപ്യൻസ് ട്രോഫിക്ക് അരങ്ങൊരുങ്ങുന്നു. പാകിസ്താനും ദുബായിലുമായി ടൂർണമെന്റ് നടക്കും. വിവാദങ്ങൾ പടിക്ക് പുറത്ത് നിൽക്കട്ടെ. ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന മറ്റൊരു ക്രിക്കറ്റ് പോരാട്ടമായി ചാംപ്യൻസ് ട്രോഫി മാറട്ടെ. ക്രിക്കറ്റ് ലോകത്തിന് ഇതാണ് ആഗ്രഹം.
Content Highlights: Nostalagic moments, memorable fights and brief history of ICC Champions Trophy