
ചാംപ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ ഗ്ളാമർ പോരാട്ടമായ ഇന്ത്യ-പാകിസ്താൻ പോരാട്ടം ഫെബ്രുവരി 23 ഞായറാഴ്ചയാണ് നടക്കുന്നത്. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പോരിൽ പാകിസ്താന് ജയം നിർണായകമാണ്. ന്യൂസിലാൻഡിനെതിരെ ആദ്യ മത്സരത്തിൽ 60 റൺസിന് തോറ്റ പാകിസ്താൻ ഇന്ത്യയോടുള്ള മത്സരത്തിൽ കൂടി തോറ്റാൽ ടൂർണമെന്റിൽ നിന്ന് പുറത്താകും. അതേ സമയം ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യയെത്തുന്നത്.
ഐസിസിയുടെ പ്രധാന ഏകദിന ഇവന്റുകളിൽ ഇരുടീമുകളും തമ്മിലുള്ള ഹെഡ് ടു ഹെഡ് റെക്കോർഡുകൾ നോക്കാം. ലോകകപ്പിന്റെ കാര്യത്തിൽ ഇന്ത്യ ഏകദിന ഫോർമാറ്റിൽ 8-0 ന് മുന്നിലാണ്. എന്നാൽ ചാംപ്യൻസ് ട്രോഫിയുടെ കാര്യത്തിൽ പാകിസ്താന് അവരുടെ ചിരവൈരികൾക്കെതിരെ മികച്ച റെക്കോർഡുണ്ട്.
മിനി ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ മെൻ ഇൻ ഗ്രീൻ 3-2 എന്ന നിലയിൽ ഹെഡ്-ടു-ഹെഡ് പോയിന്റ് നിലയിൽ മുന്നിലാണ്. പാകിസ്താന്റെ അവസാന വിജയം 2017 എഡിഷന്റെ ഫൈനലായിരുന്നു. അപ്പോൾ, ചാമ്പ്യൻസ് ട്രോഫിയിൽ ഇരു ടീമുകളും തമ്മിലുള്ള മുൻ അഞ്ച് ഏറ്റുമുട്ടലുകളിൽ എന്താണ് സംഭവിച്ചത് എന്ന് നോക്കാം.
ഇംഗ്ലണ്ട് 2004
ചാംപ്യൻസ് ട്രോഫിയിൽ ഇരു ടീമുകളും ആദ്യമായി ഏറ്റുമുട്ടിയ മത്സരമായിരുന്നു ഇത്, ബർമിംഗ്ഹാമിൽ നടന്ന മത്സരത്തിൽ വിജയിച്ചത് പാകിസ്താനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 34-ാം ഓവറിൽ 6 വിക്കറ്റിന് 106 എന്ന നിലയിൽ പ്രതിസന്ധിയിലായി. രാഹുൽ ദ്രാവിഡ് (67), അജിത് അഗാർക്കർ (47 ) റൺസ് നേടി ഇന്ത്യ അവസാനം 200 റൺസ് നേടി. പാകിസ്താന്റെ തുടക്കം മോശം ആയിരുന്നു, ഇർഫാൻ പത്താൻ 3 വിക്കറ്റുകൾ വീഴ്ത്തി. ഇൻസമാം-ഉൾ-ഹഖും മുഹമ്മദ് യൂസഫും പുറത്താകാതെ നേടിയ 81 റൺസിന്റെ മികവിൽ വിജയം നേടാൻ അവർക്ക് കഴിഞ്ഞു.
ദക്ഷിണാഫ്രിക്ക 2009
2009 ലെ പതിപ്പിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോൾ ഷോയിബ് മാലിക് ആയിരുന്നു താരം. മാലിക് 128 റൺസ് നേടി, യൂസഫ് 87 റൺസ് കൂടി നേടിയതോടെ പാകിസ്താൻ 302 റൺസിന്റെ ടോട്ടലിലെത്തി. രാഹുൽ ദ്രാവിഡിന്റെയും ഗൗതം ഗംഭീറിന്റെയും അർധ സെഞ്ച്വറികൾക്ക് ഒടുവിൽ ഇന്ത്യ 54 റൺസിന് പരാജയപ്പെട്ടു.
ഇംഗ്ലണ്ട് 2013
2013 ലെ എഡിഷനിൽ ബർമിംഗ്ഹാമിൽ അവിശ്വസനീയമായ ബൗളിംഗ് പ്രകടനത്തിലൂടെ ഇന്ത്യ പാകിസ്താനെ 39.2 ഓവറിൽ 165 റൺസിന് പുറത്താക്കി. മഴമൂലം പുതുക്കി നിശ്ചയിച്ച ലക്ഷ്യം ശിഖർ ധവാന്റെയും വിരാട് കോഹ്‌ലിയുടെയും മികവിൽ ഇന്ത്യ മറികടന്നു.
ഇംഗ്ലണ്ട് 2017
2017 ലെ ആദ്യ മത്സരത്തിൽ ഇന്ത്യ തകർപ്പൻ വിജയം നേടി. രോഹിത് ശർമ (91), ധവാൻ (68) എന്നിവരുടെ ഓപ്പണിംഗ് കൂട്ടുകെട്ടിൽ 136 റൺസ് പിറന്നു. വിരാട് കോഹ്‌ലി (81), യുവരാജ് സിങ് (53) എന്നിവരുടെ അർധ സെഞ്ച്വറികളാണ് ഇന്ത്യയെ 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റൺസിലേക്ക് എത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 33.4 ഓവറിൽ 164 റൺസിന് പുറത്തായി.
2017 ലെ വലിയ ഫൈനൽ
ഫൈനലിൽ ഇന്ത്യ ഫേവറിറ്റുകളായി മത്സരത്തിലേക്ക് പ്രവേശിച്ചു. പക്ഷേ ഫഖർ സമാന്റെ ഉജ്ജ്വല സെഞ്ച്വറി ഇന്ത്യയെ അമ്പരപ്പിച്ചു. ഓപ്പണർ ഫഖർ സമാന്റെ 114 റൺസിന്റെയും അസ്ഹർ അലിയുടെ 59 റൺസിന്റെയും മികവിൽ പാകിസ്ഥാൻ 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് നേടി.
മുഹമ്മദ് ആമിറിന്റെ പേസിൽ ഇന്ത്യയുടെ ടോപ് ഓർഡർ തകർന്നു. മധ്യനിര കൂടി പരാജയപ്പെട്ടതോടെ ഇന്ത്യ 6 വിക്കറ്റിന് 72 എന്ന നിലയിലായി. ഹാർദിക് പാണ്ഡ്യ ഒറ്റയാൾ പോരാട്ടം നടത്തി, വെറും 43 പന്തിൽ നിന്ന് 76 റൺസ് നേടി. ഒടുവിൽ താരം റൺ ഔട്ടായതോടെ ,31-ാം ഓവറിൽ ഇന്ത്യ വെറും 158 റൺസിന് പുറത്തായി. ഇതോടെ 1992 ലെ ലോകകപ്പിന് ശേഷം പുരുഷ ഏകദിന ടൂർണമെന്റിൽ പാകിസ്താൻ അവരുടെ ആദ്യ ഐസിസി കിരീടം നേടുകയും ചെയ്തു.
content highlights: india pakistan rivalry match history in champions trophy