ഓസീസ് എന്നും ഓസീസ് തന്നെ!; ഡോണ്ട് എവർ അണ്ടർ എസ്റ്റിമേറ്റ് ഓസ്ട്രേലിയ

അഞ്ചാമനായി ജോഷ് ഇൻ​ഗ്ലിഷ് ക്രീസിലെത്തി. പിന്നെ കണ്ടത് സമാനതകളില്ലാത്ത പോരാട്ടവീര്യം

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഓസ്ട്രേലിയയ്ക്ക് വിജയത്തുടക്കം ലഭിച്ചിരിക്കുകയാണ്. ഇം​ഗ്ലണ്ട് ഉയർത്തിയ 352 റൺസിന്റെ വിജയലക്ഷ്യം ഓസീസ് സംഘം അത്യന്തം ആവേശകരമായ ത്രില്ലർ പോരാട്ടത്തിനൊടുവിൽ മറികടന്നു.

ലഹോറിൽ ആഷസ് പോരാളികൾ ഏറ്റുമുട്ടുന്നതിന് മുമ്പ് ക്രിക്കറ്റ് ലോകം ചിന്തിച്ചത് മറ്റൊന്നായിരുന്നു. ഓസ്ട്രേലിയൻ ടീമിന്റെ ബലഹീനതയായിരുന്നു ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച. അതിന് കാരണവുമുണ്ടായിരുന്നു. പ്രധാനതാരങ്ങൾ പരിക്ക് കാരണം ടൂർണമെന്റിൽ നിന്ന് നേരത്തെ വിട്ടുനിന്നത് അവരെ അത്രയും അലട്ടിയിരുന്നു.

സ്ഥിരം നായകൻ പാറ്റ് കമ്മിൻസ് ഇത്തവണ നായകനായില്ല. മിച്ചൽ സ്റ്റാർക്കിന്റെയും ജോഷ് ഹേസൽവുഡിന്റെയും പേസ് ബൗളിങ്ങില്ല. മിച്ചൽ മാർഷിന്റെ ഓൾ റൗണ്ട് മികവില്ല. ടൂർണമെന്റിന് മുമ്പ് അപ്രതീക്ഷിതമായി വിരമിച്ച് മാർക്കസ് സ്റ്റോയിനിസും വിട്ടുനിന്നു. അതിനൊപ്പം കൂനിൻമേൽ കുരുവെന്ന പോലെ ശ്രീലങ്കയ്ക്കെതിരായ രണ്ട് ഏകദിനങ്ങളുടെ പരമ്പരയിൽ സമ്പൂർണ്ണ തോൽവി. എന്നിട്ടും ചാംപ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയ വിജയിച്ചു തുടങ്ങുകയായിരുന്നു.

ഐസിസി ഏകദിന ക്രിക്കറ്റ് ടൂർണമെ‍ന്റുകളുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ റൺചെയ്സ്. ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയ പിന്തുടർന്ന് വിജയിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ. യെസ്, വലിയ ടൂർണമെൻരുകളിൽ രാജാക്കൻമാരെപ്പോലെ ​ഗ്രൗണ്ടിൽ അടരാടുന്ന ഓസീസ് ഈസ് ബാക്ക്. കളിക്കാൻ ആര് ഉണ്ടെങ്കിലും ഇല്ലെങ്കിലും… AUSTRALIA IS, STILL AUSTRALIA..

മത്സരത്തിൽ ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ഇം​ഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. ബെൻ ഡക്കറ്റ് ഇം​ഗ്ലീഷ് പോരാട്ടം മുന്നിൽ നിന്ന് നയിച്ചു. 143 പന്തുകൾ. 17 ഫോറുകൾ, മൂന്ന് സിക്സറുകൾ. ഡക്കറ്റ് അടിച്ചെടുത്തത് 165 റൺസ്. ചാംപ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. 2002ൽ നഥാൻ ആസിൽ നേടിയ പുറത്താകാതെ 145 റൺസെന്ന നേട്ടമാണ് പഴങ്കഥയായത്. ഓസീസ് സ്പിന്നർമാരെ ഇം​ഗ്ലീഷ് ബാറ്റർമാർ നന്നായി നേരിട്ടു. ഡക്കറ്റിനെ കൂടാതെ ജോ റൂട്ട് അർധ സെഞ്ച്വറി നേടി.

352 എന്ന ഹിമാലയൻ ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽ ലഭിച്ചത് തിരിച്ചടികളായിരുന്നു. ട്രാവിസ് ഹെഡും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും നിരാശപ്പെടുത്തി. എന്നാൽ ഒരുവശത്ത് മാറ്റ് ഷോർട്ട് മികച്ച തുടക്കം ഉറപ്പാക്കി. 66 പന്തിൽ ഒമ്പത് ഫോറുകൾ, ഒരു സിക്സർ. മാറ്റ് ഷോർട്ടിന്റെ സംഭാവന 63 റൺസ്. മാർനസ് ലബുഷെയ്നുമൊത്ത് 95 റൺസിന്റെ കൂട്ടുകെട്ട്. എന്നാൽ ഇരുവരും പുറത്താകുമ്പോൾ ഓസീസ് സ്കോർ നാലിന് 136.

അഞ്ചാമനായി ജോഷ് ഇൻ​ഗ്ലിഷ് ക്രീസിലെത്തി. പിന്നെ കണ്ടത് സമാനതകളില്ലാത്ത പോരാട്ടവീര്യം. അലക്സ് ക്യാരിക്കൊപ്പം ചേർന്ന് 146 റൺസിന്റെ കൂട്ടുകെട്ട്. 69 റൺസുമായി ക്യാരി പുറത്തായിട്ടും ഇൻ​ഗ്ലിഷ് കീഴടങ്ങിയില്ല. 26 പന്തിൽ എട്ട് ഫോറുകൾ ആറ് സിക്സറുകൾ. പുറത്താകാതെ 120 റൺസുമായി ഇൻ​ഗ്ലിഷ് ഓസീസ് ജയം ഉറപ്പാക്കി. 15 പന്തിൽ 32 റൺസുമായി ​ഗ്ലെൻ മാക്സ്‍വെല്ലിന്റെ ഉറച്ച പിന്തുണ. 2009ൽ ചാംപ്യന്മാരായതിന് ശേഷം ചാംപ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയയുടെ ആദ്യ വിജയം. Don’t ever underestimate Australia എന്ന ചരിത്രം വീണ്ടുമോർമിപ്പിച്ച വിജയം.

മത്സരശേഷം ഇം​ഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ലർ ഉൾപ്പെടെ ഓസീസ് ടീമിനെ അഭിനന്ദിച്ചു. ലോകക്രിക്കറ്റ് മനസിലാക്കേണ്ടത് ഒരൊറ്റ കാര്യം മാത്രം. ക്രിക്കറ്റിന്റെ അധിപർ പോരാട്ടം തുടങ്ങിക്കഴിഞ്ഞു. അവരെ തടയണമെങ്കിൽ ഇനി തന്ത്രങ്ങൾ പുതിയത് വേണ്ടിവരും. കാരണം, Australian cricket team is a different beast in ICC tournaments.

Content Highlights: Less power Australia got winning start In ICC CT2025

dot image
To advertise here,contact us
dot image