ഒരിക്കൽ ഈ കാത്തിരിപ്പിന് അവസാനമാകും; പ്രോട്ടീസ് പോരാട്ടം തുടരണം

വെറുതെ തോറ്റ് പുറത്തായവരല്ല ദക്ഷിണാഫ്രിക്കൻ ടീം. ക്രിക്കറ്റ് നിലനിൽക്കുന്ന കാലത്തോളം മാഞ്ഞുപോകാത്ത നിമിഷങ്ങൾ അവരുടെ ചരിത്രത്തിലുണ്ട്.

dot image

ഐസിസിയുടെ ചാംപ്യൻസ് ട്രോഫിയിലും ദക്ഷിണാഫ്രിക്കൻ യാത്രയ്ക്ക് അവസനാമായി. പതിവുപോലെ നിർണായക മത്സരത്തിൽ പ്രോട്ടീസ് സംഘം കളിമറന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്തവനെപ്പോലെ പൊരുതിയ ഡേവി‍ഡ് മില്ലറുടെ പ്രകടനം ബാക്കിയായി. 1998ൽ ഹാൻസി ക്രോണ്യ ചാംപ്യൻസ് ട്രോഫി കിരീടം നൽകിയതാണ്. പക്ഷേ വീണ്ടുമൊരു അന്താരാഷ്ട്ര കിരീടത്തിനായി പ്രോട്ടീസ് സംഘം കാത്തിരിപ്പ് തുടരണം.

വെറുതെ തോറ്റ് പുറത്തായവരല്ല ദക്ഷിണാഫ്രിക്കൻ ടീം. ക്രിക്കറ്റ് നിലനിൽക്കുന്ന കാലത്തോളം മാഞ്ഞുപോകാത്ത നിമിഷങ്ങൾ അവരുടെ ചരിത്രത്തിലുണ്ട്. ഹെർഷലെ ഗിബ്സ് കൈവിട്ട ക്യാച്ച് വിധിയെഴുതിയ ലോകകപ്പ്. നാടകീയ റൺഔട്ടിന് ശേഷം അലൻ ഡൊണാൾഡ് കരഞ്ഞുതീർത്ത രാത്രി. അവസാനം ഇല്ലാതെ തുടരുന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ ദുരന്തചിത്രങ്ങൾ.

ഐസിസിയുടെ ഏത് ടൂർണമെന്റിന് എത്തുമ്പോഴും ശക്തമായ നിരയെ അയക്കാൻ ദക്ഷിണാഫ്രിക്ക മടികാണിക്കില്ല. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനങ്ങൾ നടത്തും. ഒടുവിൽ നിർഭാഗ്യത്തിന്റെ കാലിൽ തട്ടി വീഴും.

ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ വർണവിവേചനത്തിന്റെ ഇരുണ്ട അറകളിൽ നിന്ന് 1991ൽ പ്രോട്ടീസ് ക്രിക്കറ്റ് മോചനം നേടി. തൊട്ടടുത്ത വർഷം ദക്ഷിണാഫ്രിക്കൻ ടീം ആദ്യമായി ലോകകപ്പിനെത്തി. കെപ്ലെർ വെസൽസിന്റെ നേതൃത്വത്തിൽ ശക്തമായി മത്സരിച്ചു. പക്ഷേ സെമിയിൽ മഴനിയമത്തിൽ കുരുങ്ങി പുറത്തേയ്ക്ക്.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിനെ എക്കാലവും വേദനിപ്പിക്കുന്ന ഓർമകൾ ജനിച്ച വർഷം. ഹാൻസി ക്രോണ്യയുടെ ടീം ലോകകപ്പിനെത്തി. സൂപ്പർ സിക്സിലെ അവസാന മത്സരം. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ. ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ചിരുന്നെങ്കിലും ഓസ്ട്രേലിയയ്ക്ക് മത്സരം നിർണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഹെർഷലെ ഗിബ്സിന്റെ സെഞ്ച്വറി മികവിൽ 7വിക്കറ്റിന് 271 റൺസെടുത്തു. മറുപടി പറഞ്ഞ ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ മൂന്നിന് 48. ക്യാപ്റ്റൻ സ്റ്റീവ് വോ രക്ഷകനായെത്തി. വോയുടെ സ്കോർ 56ൽ നിൽക്കെ മിഡ് വിക്കറ്റിൽ നൽകിയ ക്യാച്ചെടുത്ത ഗിബ്സ് ആവേശത്തിൽ മുകളിലേക്ക് എറിയുന്നതിനിടെ കൈയ്യിൽ നിന്ന് ചോർന്നു. ​ഗിബ്സ് നിലത്തിട്ട് ക്യാച്ച് അല്ല ലോകകപ്പ് ആണെന്ന് ​പിന്നീട് തിരിച്ചറിഞ്ഞു. ജീവൻ തിരിച്ചുലഭിച്ച സ്റ്റീവ് വോ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. ഓസ്ട്രേലിയ ലോകകപ്പിന്റെ സെമിയിലേക്ക്.

ഗിബ്സ് നഷ്ടമാക്കിയ ക്യാച്ചിന്റെ വിലയറിഞ്ഞത് സെമിയിലാണ്. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും വീണ്ടും നേർക്കുനേർ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 213 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കയും ബാറ്റിങ് തകർച്ച നേരിട്ടു. ഒടുവിൽ 49 ഓവറിൽ 9ന് 205 റൺസിലെത്തി. അവസാന ഓവറിലെ ആദ്യ രണ്ട് പന്തും ഫോർ അടിച്ച് ലാൻസ് ക്ലൂസനർ സ്കോർനില തുല്യമാക്കി. ഓസീസ് നായകൻ സ്റ്റീവ് വോ സഹതാരങ്ങളെ ഉപദേശിച്ചു- 'എതിരാളികൾ ഉയർത്തി അടിച്ച് ജയിച്ചാൽ പ്രശ്നമില്ല. പക്ഷേ സിംഗിൾ എടുത്തോ ബൗണ്ടറി നേടിയോ വിജയിക്കരുത്'. അങ്ങനെ 11 താരങ്ങളും 30 യാർഡ് സർക്കിളിനുള്ളിൽ ഫിൽഡിങ്ങിന് അണിനിരന്നു.

മൂന്നാം പന്തിൽ റൺസില്ല. നാലാം പന്തിൽ ക്ലൂസനർ അടിച്ച പന്ത് മിഡ് ഓഫിലേക്ക് നീങ്ങി. ക്ലൂസനർ റണ്ണിനായി ഓടിയപ്പോൾ അലൻ ഡൊണാൾഡ് ഓടിയില്ല. ക്ലൂസനർ ഓടിയെത്തിയത് കണ്ട് ഡൊണാൾഡ് റണ്ണിനായി ഓടി. ആദ്യം മാർക്ക് വോ പന്ത് ഡാനിയേൽ ഫ്ലെമിങ്ങിന്റെ കൈകളിൽ എത്തിച്ചു. ഫ്ലെമിങ്ങ് പന്ത് ആദം ഗിൽക്രിസ്റ്റിന് കൈമാറി. ഈ സമയത്ത് അലൻ ഡൊണാൾഡിന് ഓടിയെത്താൻ കഴിഞ്ഞില്ല. ഡൊണാൾഡിന്റെ റൺഔട്ടിൽ മത്സരം ടൈയിലായി. സൂപ്പർ സിക്സിലെ ജയത്തിന്റെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയ ഫൈനലിലേക്ക്. കലാശപ്പോരിൽ പാകിസ്താനെ മറികടന്ന് ഓസ്ട്രേലിയ ലോകകിരീടം ഉയർത്തി.

അലൻ ഡൊണാൾഡ് കരഞ്ഞുതീർത്ത് കളം വിട്ടു. അതിനേക്കാൾ നഷ്ടം അന്നത്തെ നായകൻ ഹാൻസി ക്രോണ്യയ്ക്കായിരുന്നു. മറ്റാരേക്കാലും അയാൾ ലോകകപ്പ് അർഹിച്ചിരുന്നു. 2000ത്തിൽ ലോകത്തെ നടുക്കിയ കോഴവിവാദം ഉയർന്ന ദിനങ്ങൾ. ദക്ഷിണാഫ്രിക്കൻ നായകൻ ഹാൻസി ക്രോണ്യ ആയിരുന്നു പ്രധാന കുറ്റാരോപിതൻ. പിന്നാലെ ഒരു വിമാനപകടത്തിൽ ക്രോണ്യ കൊല്ലപ്പെട്ടു. അപകടത്തിന് പിന്നിലെ ദുരൂഹത ഇന്നും തുടരുകയാണ്.

അന്ന് ഒരു റൺസ് അകലെ ഫൈനൽ പ്രവേശനം നഷ്ടമായതാണ്. പിന്നീട് ഐസിസി ടൂർണമെന്റുകളുടെ സെമിയിൽ ദക്ഷിണാഫ്രിക്ക വീണുകൊണ്ടിരുന്നു. ഒടുവിൽ 2024ൽ ട്വന്റി 20 ലോകകപ്പിൽ സെമി ഫൈനലിലെ അഴിയാക്കുരുക്ക് മുറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തി. ബാർബഡോസിൽ ചരിത്രം തിരുത്തവാൻ പ്രോട്ടീസ് സംഘം കളത്തിലിറങ്ങി. പക്ഷേ ഹിറ്റ്മാന്റെ നീലപ്പടയാളികൾക്ക് മുന്നിൽ എയ്ഡാൻ മാർക്രത്തിന്റെ പോരാളികൾ വീണുപോയി. ഈ രാത്രിയിലും ഒന്നിനും അവസാനമാകുകയില്ല. ഈ പോരാട്ടം പ്രോട്ടീസ് തുടരണം. അഭിമാനത്തോടെ ക്രിക്കറ്റ് കളിക്കണം. അധികം കാത്തിരിക്കാതെ ക്രിക്കറ്റ് ലോകത്തിന്റെ പ്രകാശം ദക്ഷിണാഫ്രിക്കയിൽ ഉദിക്കുമെന്നുറപ്പാണ്.

Content Highlights: South Africa knocked out from another ICC tournament

dot image
To advertise here,contact us
dot image