ഗാംഗുലിയുടെ കടം വീട്ടണം; രോഹിത്തിനും ചിലത് ഉറപ്പിക്കണം;ഈ ചാംപ്യൻസ് ട്രോഫി ഫൈനൽ ഇന്ത്യയ്ക്ക് ജയിക്കണം

കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ടി20 കിരീടം നേടിയ ഇന്ത്യൻ ടീം മാസങ്ങൾക്കിപ്പുറം മറ്റൊരു ഐസിസി ടൂർണമെന്റ് കിരീടത്തിന് തൊട്ടടുത്തെത്തിയിരിക്കുകയാണ്

dot image

കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ടി20 കിരീടം നേടിയ ഇന്ത്യൻ ടീം മാസങ്ങൾക്കിപ്പുറം മറ്റൊരു ഐസിസി ടൂർണമെന്റ് കിരീടത്തിന് തൊട്ടടുത്തെത്തിയിരിക്കുകയാണ്. ഞായറാഴ്ച ദുബായിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി കലാശപ്പോരിൽ ന്യൂസിലാൻഡിനെയാണ് ഇന്ത്യ നേരിടുക. ടൂർണമെന്റിലെ ഇതുവരെയുള്ള കണക്കുകൾ നോക്കുകയാണെങ്കിൽ ഇന്ത്യ തന്നെയാണ് കിരീട ഫേവറൈറ്റ്. ടൂർണമെന്റിലെ കളിച്ച എല്ലാ മത്സരങ്ങളിലും ജയിച്ചുവെന്ന് മാത്രമല്ല, ഗ്രൂപ്പ് ഘട്ടത്തിൽ ഇതേ ന്യൂസിലാൻഡിനെ ഇന്ത്യ തോൽപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഐസിസി ടൂർണമെന്റുകളിലെ നോക്ക് ഔട്ട് മാച്ചുകളിൽ ഇന്ത്യയ്ക്ക് മേലുള്ള കണക്കുകൾ തങ്ങൾക്ക് തുണയാകുമെന്നാണ് കിവികളുടെ പ്രതീക്ഷ. 2019 ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസിലാൻഡാണ് ഇന്ത്യയെ മടക്കിയിരുന്നത്. അന്നും ഇതുപോലെ പ്രാഥമിക റൗണ്ടിൽ മിന്നും പ്രകടനവുമായി എത്തിയെങ്കിലും ഒടുവിൽ കിവികൾക്ക് മുമ്പിൽ വീഴുകയായിരുന്നു ഇന്ത്യ. ധോണിയുടെ അപ്രതീക്ഷിത റൺ ഔട്ടായിരുന്നു ഇന്ത്യയിൽ നിന്നും ജയം അകലെപോയത്.

എന്നാൽ ഈ സെമി തോൽവിക്ക് 2023 ൽ ഇന്ത്യ മറുപടി നൽകി. 2023 ഏകദിന ലോകകപ്പിൽ അപരാജിതരായി മുന്നേറിയ ഇന്ത്യ സെമിയിൽ 70 റൺസിന് ന്യൂസിലാൻഡിനെ തോൽപ്പിച്ച് ഫൈനലിലേക്ക് മുന്നേറി. 2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന ലോകകപ്പില്‍ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ന്യൂസിലന്‍ഡിനെ വീഴ്ത്തിയശേഷം കിവീസിനെതിരെ ഐസിസി ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ വിജയം കൂടിയായിരുന്നു അത്. ശ്രേയസ് അയ്യരുടെയും കോഹ്‌ലിയുടെയും സെഞ്ച്വറി കരുത്തിൽ ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യയ്ക്ക് പക്ഷെ കിരീട പ്പോരിൽ ഓസീസിനോട് കീഴടങ്ങേണ്ടി വന്നു.

അതേ സമയം 2021 ടെസ്റ്റ് ചാംപ്യൻസ്ഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡ് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. അന്നും കണക്കുകൾ ഇന്ത്യയ്ക്കൊപ്പമായിരുന്നുവെങ്കിലും ന്യൂസിലാൻഡ് എട്ടുവിക്കറ്റിന് ജയിച്ചു. മഴമൂലം ആറാം ദിവസത്തിലേക്ക് കടന്ന മത്സരം കൂടിയായിരുന്നു അത്. ഇതുകൂടാതെ 2000 ൽ നടന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് ഫൈനലിലും ഇന്ത്യയെ തോൽപ്പിച്ച് ന്യൂസിലാൻഡ് കിരീടം നേടിയിരുന്നു. ടൂർണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ കിരീടപ്പോരായിരുന്ന ആ മത്സരത്തിൽ വെറും രണ്ട് പന്തുകൾ ബാക്കി നിൽക്കെ നാല് വിക്കറ്റിന് കിവികൾ ജയിച്ചു. ഇന്ത്യൻ നിരയിൽ സൗരവ് ഗാംഗുലിയും കിവി നിരയിൽ ക്രിസ് കെയ്‌ൻസും സെഞ്ച്വറി നേടിയ മത്സരം കൂടിയായിരുന്നുവത്.

ന്യൂസിലൻഡ് ആദ്യമായും അവസാനമായും ചാമ്പ്യൻസ് ട്രോഫിയിൽ ജേതാക്കളായത് ആ വർഷമായിരുന്നു. അതേ സമയം 2002ൽ ശ്രീലങ്കയ്ക്കൊപ്പം കിരീടം പങ്കുവച്ച ഇന്ത്യ, 2006ൽ ഓസ്ട്രേലിയയെ വീഴ്ത്തിയും ചാമ്പ്യൻമാരായി. ചാംപ്യൻസ് ട്രോഫിയില്‍ തുടർച്ചയായ മൂന്നാം ഫൈനലിനാണ് ഇന്ത്യ ഇറങ്ങുന്നത്. 2017ലെ അവസാന പതിപ്പിലെ കിരീടപ്പോരിൽ പാകിസ്താനോടാണ് തോറ്റത്. ന്യൂസിലൻഡിനാവട്ടേ 2009ന് ശേഷം ആദ്യ ചാമ്പ്യൻസ് ട്രോഫി ഫൈനലാണിത്. ആകെ മൂന്നാമത്തേയും.

ഏകദിനത്തിൽ ഇരുടീമും ഏറ്റുമുട്ടുന്ന നൂറ്റി ഇരുപതാമത്തെ മത്സരമായിരിക്കും ഞായറാഴ്ചത്തെ ഫൈനൽ. ഇന്ത്യ 61ലും ന്യൂസിലൻഡ് 50 ലും ജയിച്ചു. ഏഴ് മത്സരം ഉപേക്ഷിച്ചപ്പോൾ ഒരുകളി സമനില ആയി. ഈ ആധിപത്യവും ഐസിസി ടൂർണമെന്റിലെ കിവി വെല്ലുവിളിയും ഇന്ത്യയ്ക്ക് മറികടക്കാനായാൽ 25 വർഷം പഴക്കമുള്ള ഗാംഗുലിയുടെ കടവും രോഹിത്തിനും സംഘത്തിനും വീട്ടാനാവും.

Content Highlights: champions trophy; india vs new zeland final clash

dot image
To advertise here,contact us
dot image