
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം പതിപ്പിന് മുമ്പായുള്ള താരലേലത്തിൽ അൺസോൾഡ് ആയ ചില താരങ്ങൾ ചാംപ്യൻസ് ട്രോഫിയിൽ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. ഇംഗ്ലണ്ട് ഓപണർ ബെൻ ഡക്കറ്റ് മുതൽ ഓസ്ട്രേലിയൻ പേസർ ബെന്‍ ഡ്വാര്‍ഷുസ് വരെയുള്ളവർ അതിൽ ഉൾപ്പെടും. ചാംപ്യൻസ് ട്രോഫി റണ്ണേഴ്സ് അപ്പായ ന്യൂസിലാൻഡ് താരങ്ങളിൽ പലർക്കും ഐപിഎല്ലിൽ ഇടം ലഭിച്ചില്ലെന്നതാണ് മറ്റൊരു വസ്തുത.
ഇംഗ്ലീഷ് ഓപണർ ബെൻ ഡക്കറ്റാണ് ഐപിഎല്ലിൽ ടീമുകൾ തഴഞ്ഞ താരങ്ങളിലൊരാൾ. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ 165 റൺസ് ഡക്കറ്റ് അടിച്ചുകൂട്ടിയിരുന്നു. ചാംപ്യൻസ് ട്രോഫിയിലെ എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോറാണിത്. ചാംപ്യൻസ് ട്രോഫിയിൽ മൂന്ന് മത്സരങ്ങളും ഇംഗ്ലണ്ട് പരാജയപ്പെട്ടപ്പോഴും 227 റൺസുമായി ചാംപ്യൻസ് ട്രോഫിയിലെ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഡക്കറ്റ്.
ന്യൂസിലാൻഡ് താരം ടോം ലേഥമാണ് ചാംപ്യൻസ് ട്രോഫിയിൽ സ്ഥിരത പുലർത്തിയ മറ്റൊരു താരം. പാകിസ്താനെതിരായ ഉദ്ഘാടന മത്സരത്തിൽ തന്നെ ലേഥം സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്നായി 205 റൺസാണ് ലേഥം ആകെ നേടിയത്. എന്നാൽ ഐപിഎൽ ലേലത്തിൽ ലേഥത്തിന്റെ പേര് വിളിച്ചപ്പോൾ ആരും രംഗത്തെത്തിയിരുന്നില്ല.
ന്യൂസിലാൻഡിന്റെ തന്നെ മാറ്റ് ഹെൻറിയും ചാംപ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനമാണ് നടത്തിയത്. നാല് മത്സരത്തിലായി 10 വിക്കറ്റുകൾ നേടിയ ഹെൻറി ടൂർണമെന്റിൽ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനാണ്. ഹെൻറിക്കായും ഐപിഎൽ ലേലത്തിൽ ആരും രംഗത്തെത്തിയില്ല.
അഫ്ഗാനിസ്ഥാൻ ഓപണർ ഇബ്രാഹിം സദ്രാനും ഐപിഎല്ലിൽ കളിക്കുന്നില്ല. എന്നാൽ ചാംപ്യൻസ് ട്രോഫിയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായ 177 റൺസ് ഇത്തവണ സദ്രാന്റെ ബാറ്റിൽ നിന്ന് പിറന്നു. ഇംഗ്ലണ്ടിനെതിരെയായിരുന്നു താരത്തിന്റെ ബാറ്റിങ് വിസ്മയം പുറത്തെടുത്തത്. ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി 216 റൺസായിരുന്നു സദ്രാന്റെ സമ്പാദ്യം.
ന്യൂസിലാൻഡിനായി ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ താരമാണ് മൈക്കൽ ബ്രേസ്‍വെൽ. അഞ്ച് മത്സരങ്ങളിൽ നിന്നായി ബ്രേസ്‍വെൽ എട്ട് വിക്കറ്റുകൾ വീഴ്ത്തി. ഫൈനലിൽ ഇന്ത്യയ്ക്കെതിരെ 40 പന്തിൽ പുറത്താകാതെ 53 റൺസ് നേടിയ ബ്രേസ്‍വെല്ലിന്റെ പ്രകടനമാണ് ന്യൂസിലാൻഡിനെ മികച്ച സ്കോറിലേക്കെത്തിച്ചത്. ഫൈനലിൽ 10 ഓവർ പന്തെറിഞ്ഞ ബ്രേസ്‍വെൽ 28 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തിരുന്നു.
ഓസ്ട്രേലിയൻ പേസർ ബെന്‍ ഡ്വാര്‍ഷുസ് ചാംപ്യൻസ് ട്രോഫിയിൽ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ച താരങ്ങളിൽ ഒരാളാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകൾ താരം വീഴ്ത്തി. എന്നാൽ ഓസ്ട്രേലിയയുടെ ഇടംകൈയ്യൻ പേസറെ ലേലത്തിൽ സ്വന്തമാക്കാൻ ആരും രംഗത്തെത്തിയില്ല.
Content Highlights: IPL rejected players who lit up in the Champions Trophy