'മലയാളം കമന്ററി ബുദ്ധിമുട്ടേറിയ ജോലി, പക്ഷേ അത് ആസ്വദിക്കുന്നു': അജു ജോൺ തോമസ്

'ഞാൻ അധികം സ്മാർട്ടായി പുറത്ത് സംസാരിക്കുന്ന ഒരാളല്ല. എന്നാൽ കമന്ററി ബോക്സിൽ മൈക്ക് ലഭിച്ചാൽ ഞാൻ സംസാരിക്കുന്നത് വളരെ സ്മാർട്ടായിട്ടാണ്. ഒരുപക്ഷേ കമന്ററിയോടുള്ള ഇഷ്ടംകൊണ്ടാവാം.'

dot image

ഐപിഎൽ, ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ്, ഫിഫ ലോകകപ്പ്, ഐഎസ്എൽ അങ്ങനെ ഏത് കായിക മാമങ്കവും മലയാളത്തിൽ ആസ്വദിക്കുന്ന ആരാധകർ തുടർച്ചയായി കേൾക്കുന്ന ഒരു പേരുണ്ട്. ആലപ്പുഴ ഹരിപ്പാട് സ്വദേശി അജു ജോൺ തോമസ്. കായിക പ്രേമികൾക്കായി നമ്മുടെ സ്വന്തം ഭാഷയിൽ കളി പറഞ്ഞുതരുന്ന അജുവിന്റെ കഥകൾ ചോദിച്ചറിയാം.

അജു കമന്ററി രം​ഗത്തേയ്ക്ക് കടന്നുവരാൻ കാരണം എന്താണ്?

കമന്ററിയിലേക്ക് കടന്നുവരാനുള്ള കാരണം എന്റെ പിതാവ് തന്നെയാണ്. പിതാവ് ഒരു കമന്റേറ്ററായിരുന്നു. എന്നാൽ പിതാവിന് അന്താരാഷ്ട്ര തലത്തിലേക്ക് ഉയരാൻ സാധിച്ചില്ല. നാട്ടിലെ ചെറിയ ടൂർണമെന്റുകളിൽ മാത്രമായി ഒതുങ്ങിപ്പോയി. പിതാവിന്റെ വലിയൊരു ആ​ഗ്രഹമായിരുന്നു തന്റെ മകനിൽ ഒരു കമന്റേറ്ററെ വളർത്തിയെടുക്കുക എന്നത്. ഞാൻ ചാംപ്യൻസ് ബോട്ട് ലീ​ഗിൽ പ്രവർത്തിച്ചു. പിന്നാലെ ഏഷ്യാനെറ്റും സ്റ്റാർ സ്പോർട്സും ചേർന്നൊരുക്കിയ സിബിഎൽ ബ്രോഡ്കാസ്റ്ററിൽ വരുന്നതാണ് ടേണിങ് പോയിന്റ്. പിന്നെ ഫുട്ബോളിലേക്ക് എത്തുന്നതാണ് മുകളിലേക്ക് ഉയരാൻ കഴിയുന്നതിൽ നിർണായകമെന്ന് മനസിലായി. അങ്ങനെ ഐഎസ്എൽ, കേരള പ്രീമിയർ ലീ​ഗ് തുടങ്ങിയ ടൂർണമെന്റുകളിൽ കമന്ററി പറഞ്ഞു. കേരള പ്രീമിയർ ലീ​ഗ് ചെയ്തിരുന്ന എന്റെ സുഹൃത്ത് ഫിഫ ലോകകപ്പ് പ്രൊഡ്യൂസർ ആയ ജോസഫിന് എന്നെ പരിചയപ്പെടുത്തി. അങ്ങനെ ഞാൻ ഖത്തറിലെ ഫിഫ ലോകകപ്പ് കമന്ററി പറഞ്ഞത് എന്റെ കരിയറിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. പിന്നാലെ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ്, ഐപിഎൽ, ഐഎസ്എൽ, യൂറോ കപ്പ് തുടങ്ങി എല്ലാ അന്താരാഷ്ട്ര ടൂർണമെന്റുകളിലും കമന്ററി പറയാൻ എനിക്ക് അവസരം ലഭിച്ചു.

ഏത് വിനോദത്തോടാണ് കൂടുതൽ ഇഷ്ടം?

ഫുട്ബോൾ

ഒരു കായിക താരമാകാൻ ആഗ്രഹിച്ചിട്ടുണ്ടോ?

ഒരു ഫുട്ബോൾ താരമാകാൻ ആ​ഗ്രഹിച്ചിട്ടുണ്ട്. എന്നാൽ ഒരിക്കൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ കാലിന് പരിക്കേറ്റു. അതിന് ശേഷം ഫുട്ബോൾ പിന്തുടരുകയാണ് ചെയ്തത്.

അജു ഒരൽപ്പം ഒതുങ്ങി നിൽക്കുന്ന സ്വഭാവക്കാരനാണ്. പക്ഷേ ക്രിക്കറ്റായാലും ഫുട്ബോൾ ആയാലും നല്ല വാക്ചാതുര്യത്തോടെ സംസാരിക്കാൻ താങ്കൾക്ക് കഴിയുന്നുണ്ട്. ഇത് എങ്ങനെ സാധിക്കുന്നു?

ഞാൻ അധികം സ്മാർട്ടായി പുറത്ത് സംസാരിക്കുന്ന ഒരാളല്ല. എന്നാൽ കമന്ററി ബോക്സിൽ മൈക്ക് ലഭിച്ചാൽ ഞാൻ സംസാരിക്കുന്നത് വളരെ സ്മാർട്ടായിട്ടാണ്. ഒരുപക്ഷേ കമന്ററിയോടുള്ള ഇഷ്ടംകൊണ്ടാവാം.

അജു ഒരു ലീഡ് കമന്ററി പറയുന്ന ആളല്ലേ?

ഞാൻ ഒരു ലീഡ് കമന്റേറ്ററാണ്. എക്സ്പേർട്ട് കമന്റേറ്റർ എപ്പോഴും ഒരു താരമാണ്. അവർക്ക് മാത്രമെ മത്സരത്തെ വിശകലനം ചെയ്യാൻ സാധിക്കൂ. ആ കളി കളിച്ചവർക്ക് മാത്രമെ എക്സ്പേർട്ട് കമന്ററി ചെയ്യാൻ സാധിക്കൂ.

ഐപിഎല്ലിന് പിന്നാലെ രണ്ടര മാസത്തെ ഇടവേളയിൽ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ആരംഭിക്കും. താരങ്ങൾ, ടീം, സ്റ്റേഡിയം എല്ലാം മാറുന്നു. രണ്ട് വ്യത്യസ്ത വിനോദങ്ങൾ എങ്ങനെയാണ് അജു കൈകാര്യം ചെയ്യുന്നത്?

പല വിനോദങ്ങളെയും അവിടെ കളിക്കുന്ന താരങ്ങളെയും കുറിച്ച് ആഴത്തിൽ പഠിക്കുന്നുണ്ട്. അത്തരമൊരു കഠിനാദ്ധ്വാനമാണ് വ്യത്യസ്ത വിനോദങ്ങൾ കൈകാര്യം ചെയ്യാനുള്ള കരുത്ത് നൽകുന്നത്.

കമന്ററി രം​ഗത്ത് നിൽക്കുമ്പോൾ ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്നത് ആരിൽ നിന്നാണ്?

എന്റെ ഫാമിലി നൽകിയ പിന്തുണ ഈ യാത്രയിൽ വലുതാണ്. എന്റെ കല്യാണം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ എനിക്ക് ബാ​ഗ് പാക് ചെയ്ത് ഫിഫ ലോകകപ്പ് കമന്ററി പറയാനായി പോകേണ്ടി വന്നു. എന്റെ ഭാര്യ ലിൻസി യോഹനാൻ ദുബായിൽ നഴ്സായി ജോലി ചെയ്യുന്നു. ഇടവേള സമയങ്ങളിൽ ലിൻസിയോടൊപ്പം ഒരുപാട് സമയം കായികമത്സരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നു. ഓരോ ടൂർണമെന്റിനെക്കുറിച്ചും എല്ലാ വിശദാംശങ്ങളും ഞാൻ ആഴത്തിൽ പഠിക്കാറുണ്ട്.

സ്പോർട്സ് ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ ഒരു താരത്തോട് ആരാധന ഉണ്ടാകും. അജു ഏത് താരത്തിന്റെ ഫാനാണ്?

എല്ലായിപ്പോഴും ഞാൻ ഒരു ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകനാണ്.

ഇപ്പോൾ മലയാളി ആരാധകർക്ക്, ഇഷ്ട താരങ്ങളുടെ ടീമിനേക്കാൾ, സഞ്ജുവിന്റെ രാജസ്ഥാനോട് ഒരു താൽപ്പര്യമുണ്ട്. അജുവിന്റെ കമന്ററിയിലും ഒരു സഞ്ജു ഫാനിസം അനുഭവപ്പെടാറുണ്ട്. അതിലെ യാഥാർത്ഥ്യമെന്താണ് ?

സഞ്ജുവിനോട് തീർച്ചയായും അ​ഗാതമായ ഇഷ്ടം തന്നെയാണ്. ഐപിഎല്ലിൽ ടീമിന്റെ നായകനായി ഒരു മലയാളി എത്തുന്നത് വൈകാരികമാണ്. അതുപോലെ ഏതൊരു മലയാളി ഇന്ത്യൻ ദേശീയ കുപ്പായത്തിൽ എത്തിയാലും അവരോട് ഇഷ്ടവും വികാരവും ഉണ്ടാകും. കമന്ററി പറയുമ്പോൾ ഒരു സന്തോഷവും ഉണ്ടാകും.

അജു കായിക മത്സരങ്ങൾ കാണുമ്പോൾ ഏത് ഭാഷയിലെ കമന്ററിയാണ് കേൾക്കാൻ ആണ് ഇഷ്ടം?

ഞാൻ എപ്പോഴും കമന്ററി മലയാളത്തിൽ കേൾക്കാനാണ് ഇഷ്ടപ്പെടുന്നത്. മലയാളത്തിലെ പദസമ്പത്ത് ഉപയോ​ഗപ്പെടുത്തി വളരെ ആസ്വാദകരമായി ജനങ്ങളിലേക്ക് എത്തിക്കുകയെന്നത് ഒരൽപ്പം ബുദ്ധിമുട്ടുള്ള ജോലിതന്നെയാണ്. അത് ചെയ്യുന്ന ആളെന്ന നിലയിൽ അത് കേൾക്കാൻ ഇഷ്ടപ്പെടുന്ന ആളുമാണ് ഞാൻ.

ആരാണ് ഇഷ്ടപ്പെട്ട ഒരു കമന്റേറ്റർ?

ഏറ്റവും പ്രിയപ്പെട്ട കമന്റേറ്റർ, എന്റെ റോൾ മോഡൽ അത് പീറ്റർ ഡ്യൂറിയാണ്.

ഇനിയെന്നും ഒരു കമന്റേറ്ററായി തുടരാനാണോ താൽപ്പര്യം?

ജീവിതം എത്ര നാൾ ദൈവം അനുവദിച്ച് തന്നിരിക്കുന്നവോ, അത്രയും നാൾ‌ കമന്റേറ്ററായി തുടരണമെന്നാണ് ആ​ഗ്രഹം.

കായിക വിനോദങ്ങൾ ജനപ്രീയമാക്കുന്നതിൽ നിർണായക പങ്കാണ് ഓരോ കമന്റേറ്ററിനുമുള്ളത്. സാങ്കേതികത്വവും ആകർഷണ പദങ്ങളും കായിക പ്രേമികളെ ഒരുപോലെ ആകർഷിക്കുന്നു. അജു ആ​ഗ്രഹിക്കുന്ന പോലെ ഏറെക്കാലം കായികലോകത്തെ വാക്കുകൾകൊണ്ട് ആസ്വാദനം നൽകാൻ അജുവിനെ കഴിയട്ടെയെന്ന് ആശംസിക്കുന്നു.

Content Highlights: Malayalam commentator Aju John Thomas discussed his experiences of sports events

dot image
To advertise here,contact us
dot image