ലണ്ടൻ: യുകെയിൽ ഗ്യാസ്, വൈദ്യുതി എന്നിവയ്ക്ക് വില കുറഞ്ഞു. വ്യവസായ റെഗുലേറ്റർ ഊർജ വില പരിധി 3,280 പൗണ്ടിൽ നിന്ന് 2,074 പൗണ്ടായാണ് കുറച്ചിരിക്കുന്നത്. മൊത്തവ്യാപാര വില ഇടിഞ്ഞതിനെ തുടർന്ന് ഊർജ റെഗുലേറ്ററായ ഒഫ്ഗെം വില പരിധി കുറച്ചതിനാൽ ഇന്ന് മുതൽ ശരാശരി ഗാർഹിക ഊർജ്ജ ബില്ലിൽ പ്രതിവർഷം 426 പൗണ്ട് കുറവുണ്ടാകും. പുതിയ വിലപരിധി ജനങ്ങളിലേക്ക് എത്തുന്നതിന് വെളളിയാഴ്ച അർധരാത്രിക്ക് മുമ്പ് മീറ്റർ റീഡിംഗ് സമർപ്പിക്കാൻ ജനങ്ങളോട് സർക്കാർ നിർദേശിച്ചിരുന്നു.
ഒഫ്ഗെമിന്റെ പുതിയ വിലപരിധി ബിൽ തുക 2500 പൗണ്ടിൽ നിന്ന് 2074 പൗണ്ടായി കുറഞ്ഞു. അതായത് തുകയിൽ ഏകദേശം 426 പൗണ്ട് ഇടിവ് ഉണ്ടാകും. ഗവൺമെന്റിന്റെ ഊർജ വില ഗ്യാരന്റി (ഇപിജി) ശരാശരി കുടുംബത്തിന്റെ വാർഷിക ഊർജ ചെലവ് 2500 പൗണ്ടായി പരിമിതപ്പെടുത്തിയിരുന്നു. ഊർജ വില പരിധി വിതരണക്കാർക്ക് ഓരോ യൂണിറ്റ് ഗ്യാസിനും വൈദ്യുതിക്കും ഈടാക്കാവുന്ന തുകയുടെ പരിധി നിശ്ചയിക്കും.
കൊവിഡിന് ശേഷമുളള സാമ്പത്തിക മാന്ദ്യവും റഷ്യയുടെ യുക്രെയ്ൻ അധിനിവേശവും വൈദ്യുതി വില കുത്തനെ ഉയർത്തിയിരുന്നു. 2021 ഒക്ടോബറിൽ 1271 പൗണ്ടായിരുന്ന വൈദ്യുതി വില. പുതിയ വില ഉപഭോക്താക്കൾക്ക് ഏറെ ആശ്വസം നൽകുന്ന ഒന്നാണ്. ഇംഗ്ലണ്ടിനെ കൂടാതെ യുകെയുടെ അംഗ രാജ്യങ്ങളായ വെയിൽസ്, സ്കോട്ലാന്റ് എന്നിവിടങ്ങളിലും വിലക്കുറവിന്റെ ആനുകൂല്യം ലഭിക്കും.