മെക്സിക്കൊ സിറ്റി: രാജ്യത്തെ ജനങ്ങൾക്ക് ഭാഗ്യം കൊണ്ടുവരാനായി മുതലയെ വിവാഹം കഴിച്ച് മെക്സിക്കൻ മേയർ വിക്ടർ ഹ്യൂഗോ സോസ. പരമ്പരാഗത ആചാരത്തിന്റെ ഭാഗമായിട്ടാണ് അലിസിയ അഡ്രിയാന എന്ന പേരിലുള്ള പെൺ മുതലയെ വിവാഹം ചെയ്തത്. മെക്സിക്കോയിലെ സാൻ പെഡ്രോ ഹുവാമെലുല മേയറാണ് വിക്ടർ ഹ്യൂഗോ സോസ.
'പ്രണയമില്ലാതെ വിവാഹം കഴിക്കാൻ കഴിയില്ല. പരസ്പരം സ്നേഹിക്കുന്നതിനാൽ ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അതാണ് പ്രധാനം. രാജകുമാരിയായ പെൺകുട്ടിയുമായി ഞാൻ വിവാഹത്തിന് വഴങ്ങുന്നു', ചടങ്ങിനിടെ സോസ പറഞ്ഞു. വെളുത്ത വിവാഹ വസ്ത്രം ധരിപ്പിച്ചാണ് ചടങ്ങിനായി അലിസിയയെ എത്തിച്ചത്. നൃത്ത-സംഗീത അകമ്പടികളോടെ ആഘോഷമായിട്ടാണ് വധുവിനെ വിവാഹ പന്തലിലേക്ക് കൊണ്ടുവന്നത്. പ്രദേശത്തെ ടൗൺ ഹാളിലായിരുന്നു വിവാഹ ചടങ്ങുകൾ നടത്തിയത്. വിവാഹ ചടങ്ങുകൾക്ക് മുമ്പ്, ഉരഗത്തെ വീടുതോറും കൊണ്ടുപോവുകയും പ്രദേശവാസികൾ അലിസിയയെ കൈകളിൽ എടുത്ത് നൃത്തം ചെയ്യുകയും ചെയ്തു.
നൃത്തം അവസാനിച്ചപ്പോൾ സോസ വധുവിൻ്റെ മൂക്കിൽ ചുംബനം നൽകി. വിവാഹ ചടങ്ങുകൾക്കിടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ മുതലയുടെ വായ മറച്ചിരുന്നു. 'രാജകുമാരി' എന്നാണ് പ്രദേശവാസികൾ അലിസിയയെ വിളിക്കുന്നത്. ഈ വിവാഹ ചടങ്ങിലൂടെ ചാകരയുണ്ടാകുമെന്നും സമാധാനത്തോടെ ജീവിക്കാനുള്ള വഴി തെളിയുമെന്നും പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ വിശ്വസിക്കുന്നു.