പാരീസ്: ഫ്രാൻസിൽ പ്രക്ഷോഭകാരികൾ സൗത്ത് പാരീസ് മേയർ വിൻസെന്റ് ജീൻബ്രൂണിന്റെ വീടിന് നേരെ ആക്രമണം നടത്തി. പ്രക്ഷോഭകാരികൾ മേയറുടെ വീട്ടിലേക്ക് കാർ ഇടിച്ചുകയറ്റുകയും തീയിടുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച മേയറുടെ ഭാര്യയ്ക്കും കുട്ടികൾക്കും നേരെയും ആക്രമണവുമുണ്ടായി. മേയറുടെ ഭാര്യയ്ക്കും ഒരു മകനും പരിക്കേറ്റു.
സംഭവം നടന്ന സമയം മേയർ വീട്ടിലില്ലായിരുന്നു. ഭാര്യ അഞ്ചും ഏഴും വയസ്സുള്ള കുട്ടികളുമായി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അവരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
'ഭീരുത്വം നിറഞ്ഞ കൊലപാതകശ്രമം' എന്നാണ് മേയർ ജീൻബ്രൂൺ സംഭവത്തെ വിശേഷിപ്പിച്ചത്. ഇത് തീർത്തും അസഹനീയമായ സംഭവമാണെന്ന് പ്രധാനമന്ത്രി എലിസബത്ത് ബോൺ പറഞ്ഞു. സംഭവത്തില് പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
നാൻറേയിൽ 17-കാരൻ പൊലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തെ തുടർന്ന് ഫ്രാൻസിലുടനീളം വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിഷേധം നിയന്ത്രിക്കാൻ രാജ്യത്ത് 45,000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി മാത്രം 700ലധികം പേരാണ് അറസ്റ്റിലായത്.