പാരിസ്: കലാപം പൊട്ടിപ്പുറപ്പെട്ട ഫ്രാൻസ് ശാന്തിയിലേക്ക് നീങ്ങുന്നു. 17കാരനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഫ്രാൻസിൽ കലാപം തുടങ്ങിയത്. കലാപം ഫ്രാൻസിൽ പടർന്ന് പിടിച്ച സാഹചര്യത്തിലാണ് കലാപവിരുദ്ധ റാലികളുമായി ജനക്കൂട്ടം രംഗത്തെത്തിയത്. അക്രമത്തിനിരയായ പ്രാദേശിക സർക്കാരുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണസിരാകേന്ദ്രങ്ങളിൽ ജനം ഒത്തുകൂടി. പതിവായി വിവേചനം നേരിടുന്ന കുടിയേറ്റ വേരുകളുള്ള ചെറുപ്പക്കാർ നയിച്ച കലാപമാണ് ഫ്രഞ്ച് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയത് എന്നാണ് റിപ്പോർട്ടുകൾ.
പ്രക്ഷോഭകാരികൾ സൗത്ത് പാരീസ് മേയർ വിൻസെന്റ് ജീൻബ്രൂണിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് സമാധാന സന്ദേശവുമായി കലാപവിരുദ്ധ പ്രകടനങ്ങൾ തുടങ്ങിയത്. പ്രക്ഷോഭകാരികൾ മേയറുടെ വീട്ടിലേക്ക് കാർ ഇടിച്ചുകയറ്റുകയും തീയിടുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച മേയറുടെ ഭാര്യയ്ക്കും കുട്ടികൾക്കും നേരെയും ആക്രമണവുമുണ്ടായി. ആക്രമണത്തിൽ മേയറുടെ ഭാര്യയ്ക്കും മകനും പരിക്കേറ്റിരുന്നു. സംഭവം നടന്ന സമയം മേയർ വീട്ടിലില്ലായിരുന്നു. അഞ്ചും ഏഴും വയസുള്ള കുട്ടികളുമായി ഭാര്യ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അവരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
പാരീസിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ മേയറെ പിന്തുണച്ച് നൂറു കണക്കിനാളുകൾ ഒത്തുകൂടി. രാജ്യത്തെ 220 നഗരങ്ങളിലെ മേയർമാരുമായി പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒറ്റ രാത്രി കൊണ്ട് 157 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2017ൽ അധികാരമേറ്റതിന് ശേഷം മാക്രോണിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായി കലാപം മാറിയിരുന്നു. കലാപം തടയുന്നതിനായി 45,000 പൊലീസുകാരെയാണ് രാജ്യവ്യാപകമായി ഒറ്റ രാത്രിയിൽ കഴിഞ്ഞ ദിവസം വിന്യസിച്ചത്. കൊല്ലപ്പെട്ട നഹേലിൻ്റെ ബന്ധുക്കൾ കലാപം നിർത്തി സമാധാനം പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 17കാരൻ്റെ മരണത്തെ കലാപകാരികൾ ഉപയോഗിക്കുകയാണെന്ന് നഹേലിൻ്റെ മുത്തശ്ശി ആരോപിച്ചിരുന്നു.
പാരീസിലെ നാന്ററെയിൽ എന്ന നഗരത്തിൽ വാഹനപരിശോധനക്കിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പതിനേഴുകാരനെ വെടിവെച്ചു കൊന്നതാണ് കലാപത്തിന് കാരണമായത്. പൊലീസിന് നേരെ വാഹനമോടിച്ച് കയറ്റാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നഹേൽ എന്ന കുട്ടിയെ വെടിവെച്ച് കൊന്നത്. എന്നാൽ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസിന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞു.