അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ ബ്യൂട്ടി പാർലറുകൾക്ക് നിരോധനമേർപ്പെടുത്തി താലിബാൻ

ഒരു മാസത്തിനകം പാർലറുകൾ അടച്ചുപൂട്ടണം

dot image

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ ബ്യൂട്ടി പാർലറുകൾക്ക് താലിബാൻ നിരോധനമേർപ്പെടുത്തി. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സർക്കാർ വക്താവ് അറിയിച്ചു. സ്ത്രീകളുടേയും പെൺകുട്ടികളുടേയും സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേരെയുളള താലിബാന്റെ ഏറ്റവും പുതിയ നീക്കമാണിത്.

താലിബാൻ സർക്കാരിന്റെ വക്താവായ മുഹമ്മദ് സിദിഖ് ആഖിഫ് മഹജാർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. ബ്യൂട്ടി പാർലറുകൾ നിരോധിക്കാനുളള ഉത്തരവ് സംബന്ധിച്ച വിശദാംശങ്ങളൊന്നും സർക്കാർ വക്താവ് നൽകിയില്ല. സാമൂഹിക മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് പ്രചരിക്കുന്ന കത്തിനെക്കുറിച്ച് മാത്രമാണ് അദ്ദേഹം സ്ഥിരീകരിച്ചത്. ജൂൺ 24ന് താലിബാൻ നേതാവായ ഹൈബത്തുള്ള അഖുൻസാദ പുറപ്പെടുവിച്ച ഉത്തരവിനെക്കുറിച്ച് ആണ് കത്തിൽ പറയുന്നതെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു.

ബ്യൂട്ടി പാർലറുകൾക്കുളള നിരോധനം കാബൂളിനും മറ്റ് പ്രവിശ്യകൾക്കും ബാധകമാണ്. ഒരു മാസത്തിനകം പാർലറുകൾ അടച്ചുപൂട്ടണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. സ്ത്രീകൾക്കുളള പാർലറുകൾ അടച്ചുപൂട്ടിയതിന് ശേഷം സർക്കാരിന് ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്. 2021ൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം വിദ്യാഭ്യാസം, പൊതു ഇടങ്ങൾ, തൊഴിൽ മേഖലകൾ എന്നിവിടങ്ങളിൽ നിന്ന് സ്ത്രീകളെ വിലക്കുന്ന നയമാണ് സ്വീകരിച്ച് വരുന്നത്.

dot image
To advertise here,contact us
dot image