വൃക്ക വാങ്ങാനെന്ന വ്യാജേന ഫേസ്ബുക്കിലൂടെ തട്ടിപ്പ്; ഇന്ത്യയിൽ വ്യാപകമെന്ന് റിപ്പോർട്ട്

യഥാർത്ഥത്തിൽ വൃക്ക വിൽപ്പന നടക്കുന്നുണ്ടോ എന്നത് വ്യക്തമല്ലെന്നും എന്നാൽ ഇത് ഉപയോഗിച്ച് തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നുണ്ടെന്നും അൽ ജസീറ പറയുന്നു

dot image

ഡൽഹി: വൃക്ക വാങ്ങാനെന്ന വ്യാജേനയുള്ള തട്ടിപ്പുകൾ ഇന്ത്യയിൽ വ്യാപകമായതായി റിപ്പോർട്ട്. ഫേസ്ബുക്കിലൂടെയും മറ്റും ആളുകൾ കബളിപ്പിക്കപ്പെടുന്നതായി അൽ ജസീറയാണ് റിപ്പോർട്ട് ചെയ്യുന്നത്. ദരിദ്രരായ ആളുകളുടെ ദുരിതം മുതലെടുത്താണ് തട്ടിപ്പുകാർ വിലസുന്നത്. കൊവിഡിന് ശേഷം കടക്കെണിയിലേക്ക് പോയ പലരും വൃക്ക വിൽക്കാൻ ശ്രമിച്ചത് തട്ടിപ്പുകാർക്ക് അനുഗ്രഹമായി മാറിയതായും പറയുന്നു.

ഓരോ വർഷവും ഇന്ത്യയിൽ പത്ത് ലക്ഷം പേർക്ക് വിട്ടുമാറാത്ത വൃക്കരോഗം ഉണ്ടെന്ന് കണ്ടെത്തുകയും ഇതിൽ രണ്ട് ലക്ഷം ആളുകളുടെ വൃക്ക പൂർണ്ണമായും തകരാറിലാവുകയും ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇത് മരണത്തിലേക്ക് നയിക്കുന്നു. വൃക്ക രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവരുടെ ഈ കണക്ക് തന്നെയാണ് രാജ്യത്ത് തട്ടിപ്പുകാർ വർദ്ധിക്കുന്നതിന്റെ കാരണമായും കണക്കാക്കുന്നത്.

എല്ലാവർക്കും ആക്സസ് ചെയ്യാവുന്നതും ഇന്ത്യയിൽ ഭൂരിപക്ഷം ആളുകൾ ഉപയോഗിക്കുന്നതുമായ ഫേസ്ബുക്ക് ഇത്തരം അവയവങ്ങളുടെ ഉൾപ്പെടെ വിപണിയായി മാറിയതായി പറയപ്പെടുന്നു. ഇൻ്റർനെറ്റും സോഷ്യൽ മീഡിയയും വരുന്നതിന് മുൻപ് അനധികൃത വൃക്കകളുടെ വിൽപ്പന വാമൊഴിയായി നടന്നിരുന്നു. മരണപ്പെട്ടവരുടെ അവയവദാനം ഇന്ത്യയിൽ പരിമിതമായാണ് നടക്കുന്നത്. ഭൂരിപക്ഷം വൃക്ക കൈമാറ്റവും ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നാണ് നടന്നുവരുന്നത്. കുടുംബാംഗങ്ങളിൽ നിന്നോ അടുത്ത ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ആണ് അവയവം സ്വീകരിക്കുന്നത്. ഇത് അവയവ കുഭകോണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

പണത്തിനായി വൃക്ക നൽകാൻ ആഗ്രഹിച്ചാണ് ഭൂരിഭാഗം പേരും തട്ടിപ്പിൽ ചെന്ന് വീഴുന്നത്. 'വൃക്ക നൽകാൻ താത്പര്യമുണ്ടോ പണം നൽകാം' എന്ന പരസ്യങ്ങൾ കണ്ട് വിളിക്കുമ്പോൾ ഡോണർ കാർഡിനായി പണം അയക്കാൻ ആവശ്യപ്പെടുന്നു. വലിയ തുക വൃക്കക്ക് തരാമെന്ന തട്ടിപ്പുകാരുടെ പ്രലോഭനത്തിൽ വീഴുന്നവർ ഡോണർ കാർഡിനായി പണം അയക്കുന്നു. പിന്നീടായിരിക്കും തട്ടിപ്പിനിരയായി എന്ന് പണമയച്ചവർ മനസ്സിലാക്കുന്നത്. ഡോണർ കാർഡ് ഇന്ത്യയിൽ സൗജന്യമാണ് എന്നും ഇരകൾ പിന്നീടാവും മനസ്സിലാക്കുന്നത്. ഇത്തരം തട്ടിപ്പിനിരയായ ആളുകളുടെ സംഭാഷണമടക്കം ഉൾപ്പെടുത്തിയാണ് അൽ ജസീറ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

യുഎസ് ആസ്ഥാനമായ സന്നദ്ധ ആരോഗ്യ സംഘടനയായ നാഷണൽ കിഡ്നി ഫൗണ്ടേഷന്റെ പേര് ഉപയോഗിച്ച് വരെ തട്ടിപ്പ് നടത്തുന്നുണ്ട്. ചെന്നൈ അപ്പോളോ ആശുപത്രിയുടെ പേരിൽ വരെ വ്യാജ അക്കൗണ്ടുകളുണ്ട്. കിഡ്നി വിൽക്കുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണെന്നും ദാനമായി മാത്രമേ നൽകാനാവൂ എന്നറിഞ്ഞിട്ടും പണത്തിന് വേണ്ടി പലരും അതിന് ശ്രമിക്കുന്നു. 'കിഡ്നി തന്നാൽ പണം നൽകാം' എന്ന പേരിലടക്കം പൊതു ഗ്രൂപ്പുകളും സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്ന് വരുന്നു.

യഥാർത്ഥത്തിൽ വൃക്ക വിൽപ്പന നടക്കുന്നുണ്ടോ എന്നത് വ്യക്തമല്ലെന്നും എന്നാൽ ഇത് ഉപയോഗിച്ച് തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നുണ്ടെന്നുമാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us