വാഷിങ്ടണ്: സംശയാസ്പദമായ സാഹചര്യത്തില് വെളുത്ത പൊടി കണ്ടെത്തിയതിനെ തുടര്ന്ന് യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര് വൈറ്റ് ഹൗസ് ഒഴിപ്പിച്ചതായി റിപ്പോര്ട്ട്. വൈറ്റ് ഹൗസ് സമുച്ചയത്തില് നിന്ന് വെളുത്ത പൊടി കണ്ടെത്തിയെന്ന് യുഎസ് സുരക്ഷാ വക്താവ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ വൈറ്റ് ഹൗസ് ഒഴിപ്പിച്ചതായി ഫോക്സ് ന്യൂസാണ് റിപ്പോര്ട്ട് ചെയ്തത്.
ആ സമയത്ത് പ്രസിഡൻ്റ് ജോ ബൈഡന് വൈറ്റ് ഹൈസില് ഉണ്ടായിരുന്നില്ല. മുന്കരുതലിന്റെ ഭാഗമായിട്ടാണ് വൈറ്റ് ഹൗസില് ഉള്ളവരെ മാറ്റിയത്. ഡിസി ഫയര് ഡിപ്പാര്ട്ട്മെന്റിന്റെ ഹസ്മത്ത് ടീമിനെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
വൈറ്റ് ഹൗസിന്റെ ഏത് ഭാഗത്ത് നിന്നാണ് പൊടി കണ്ടെത്തിയതെന്നോ ഇതിന്റെ അളവിനെ കുറിച്ചോ വിശദമായ വിവരങ്ങള് പുറത്ത് വിട്ടിട്ടില്ല. പൊടി എങ്ങനെ എത്തിയെന്നതിനെക്കുറിച്ചുള്ള ആശങ്കള് ഉയര്ന്നിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണ്.
സ്ഥിതിഗതികള് വിശദമായി വിലയിരുത്തുന്നതിന് വേണ്ടി ഡിസി ഫയര്, ഇഎംഎസ് അധികൃതരുമായി ബന്ധപ്പെട്ടു. വൈറ്റ് ഹൗസില് സുരക്ഷയും നിയന്ത്രണവും വര്ധിപ്പിക്കുന്നതിന്റെ ഭാഗമായി രഹസ്യ സേവന യൂണിറ്റുകള് വൈറ്റ് ഹൗസിന് ചുറ്റുമുള്ള 18-ാം സെന്റ്, പെന്സില്വാനിയ ഏവ് എന്നീ ഏരിയകളില് ഗതാഗത്തിന് നിയന്ത്രണം ഏര്പ്പെടുത്തുകയും ചെയ്തു.