സുഡാനിൽ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

സുഡാനിലെ സൈന്യവും വിമത, അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടത്തിന്റെ ഭാഗമായി നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്

dot image

ഖാർത്തൂം: സുഡാനിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. തലസ്ഥാനമായ ഖാർത്തൂമിൻ്റെ അയൽ നഗരമായ ഓംഡുർമാനിലെ റെസിഡൻഷ്യൽ ഏരിയയിലാണ് ശനിയാഴ്ച ആക്രമണം നടന്നതെന്ന് ആരോഗ്യമന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു. സുഡാനിലെ സൈന്യവും വിമത അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടത്തിന്റെ ഭാഗമായി നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.

നിരവധി ആളുകൾക്ക് പരിക്കേറ്റ ആക്രമണത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചു. പട്ടാളവും വിമതരും തമ്മിൽ തലസ്ഥാനത്തും മറ്റിടങ്ങളിലും നടന്ന ഏറ്റുമുട്ടലുകളിൽ ഏറ്റവും മാരകമായതായിരുന്നു ശനിയാഴ്ച നടന്നത്. കഴിഞ്ഞ മാസം ഖാർത്തൂമിൽ നടന്ന വ്യോമാക്രമണത്തിൽ അഞ്ച് കുട്ടികളടക്കം 17 പേർ കൊല്ലപ്പെട്ടിരുന്നു.

ഓംഡുർമാനിലെ ജനവാസകേന്ദ്രം ആക്രമിച്ചതിന് സൈന്യത്തെ വിമതസൈന്യം വിമർശിച്ചു. സായുധ സേനകൾക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം സുഡാനെ ഒരു സമ്പൂർണ്ണ ആഭ്യന്തര യുദ്ധത്തിൻ്റെ വക്കിലേക്ക് തള്ളിവിട്ടെന്ന് യുഎൻ ജനറൽ സെക്രട്ടറി അൻ്റോണിയോ ഗുട്ടെറസ് ആക്രമണത്തെ അപലപിച്ച് പറഞ്ഞു.

ആക്രമണത്തിന് ഉത്തരവാദി സൈന്യം തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ പ്രയാസമാണെന്ന് ഓംഡുർമാൻ നിവാസികൾ പ്രതികരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് കോംപ്ലക്സിന് നേരെയും ആക്രമണം നടന്നിട്ടുണ്ട്.

സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം സൗദിയും അമേരിക്കയും ഉൾപ്പെടെ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

dot image
To advertise here,contact us
dot image