സോൾ: കൊറിയന് ഉപദ്വീപിന് സമീപം ആണവ മിസൈല് വഹിക്കുന്ന അന്തര്വാഹിനികള് വിന്യസിക്കാനുള്ള അമേരിക്കന് നീക്കത്തെ അപലപിച്ച് ഉത്തരകൊറിയ. ഈ നീക്കം വിനാശകരമായ ആണവ സംഘര്ഷങ്ങള്ക്ക് വഴിവെക്കുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്കി. വടക്കന് കൊറിയന് പ്രതിരോധ മന്ത്രാലയ വക്താവിൻ്റെ പത്രക്കുറിപ്പ് കൊറിയന് സെന്ട്രല് ന്യൂസ് ഏജന്സിയാണ് പുറത്ത് വിട്ടത്. ഏപ്രിലില് നടന്ന ഉച്ചകോടിയിലാണ് അമേരിക്കയുടെ തന്ത്രപരമായ അണുവായുധങ്ങള് അവതരിപ്പിക്കാന് അമേരിക്കൻ-ദക്ഷിണ കൊറിയൻ പ്രസിഡൻ്റുമാർ തീരുമാനിച്ചത്. 1981ന് ശേഷം ആദ്യമായാണ് കൊറിയന് ഉപദ്വീപില് ഇത്തരമൊരു നീക്കം നടക്കുന്നത്.
അമേരിക്കയുടെ ഉടപെടലുകള് പരിധി ലംഘിച്ചാല് കൊറിയന് ഉപദ്വീപില് ഉണ്ടാകുന്ന അപ്രതീക്ഷിത സാഹചര്യങ്ങള്ക്ക് അമേരിക്കയായിരിക്കും ഉത്തരവാദികളെന്ന മുന്നറിയിപ്പും വടക്കന് കൊറിയ നല്കുന്നുണ്ട്. അമേരിക്കയുടെ രഹസ്വാനേഷണ വിമാനങ്ങള് അടുത്തിടെ കിഴക്കന് തീരത്തെ വ്യോമാതിര്ത്തി ലംഘിച്ചതായും വടക്കന് കൊറിയ ആരോപിച്ചു. യുഎസ് സേനയുടെ രഹസ്യാനേഷണ വിമാനങ്ങള് വ്യോമപരിധി ലംഘിച്ചാല് വെടിവെച്ച് വീഴ്ത്തില്ലെന്ന് ഒരുറപ്പുമില്ലെന്നും ഉത്തര കൊറിയ മുന്നറിയപ്പ് നല്കി. ദക്ഷിണ കൊറിയന് തീരത്തും അതിര്ത്തിയിലും വച്ച് അമേരിക്കന് വിമാനങ്ങള് തടയുകയോ വെടിവെച്ചിടുകയോ ചെയ്ത സംഭവങ്ങള് ചൂണ്ടിക്കാണിച്ചായിരുന്നു ഉത്തര കൊറിയയുടെ പ്രസ്താവന.
ലിത്വാനിയയില് നടക്കുന്ന നാറ്റോ ഉച്ചോകോടിയില് പങ്കെടുക്കാനായി ദക്ഷിണ കൊറിയന് പ്രസിഡന്റ് യൂന് സുക് യോള് പുറപ്പെടുന്നതിന് മുമ്പായിരുന്നു ഉത്തര കൊറിയന് പ്രസ്താവന പുറത്ത് വന്നത്. തുടര്ച്ചയായ രണ്ടാമത് വര്ഷമാണ് യൂന് യുക് യോള് നാറ്റോ ഉച്ചകോടിയില് പങ്കെടുക്കുന്നത്. 'ഉത്തരകൊറിയയുടെ ആണവായുധ പദ്ധതിയെ തടയാനുള്ള നിശ്ചയദാര്ഢ്യം ആണവായുധങ്ങള് വികസിപ്പിക്കാനുള്ള ഉത്തരകൊറിയയുടെ ആഗ്രഹത്തെക്കാള് ശക്തമാണെന്ന്' നാറ്റോ ഉച്ചകോടിക്ക് പുറപ്പെടുന്നതിന് മുമ്പ് അസോസിയേറ്റഡ് പ്രസിന് നല്കിയ അഭിമുഖത്തില് യൂന് വ്യക്തമാക്കിയിരുന്നു. യുഎസ് നേവിയുടെ ന്യൂക്ലിയര് ആയുധങ്ങള് വഹിക്കുന്ന അന്തര്വാഹിനികള് തെക്കന് കൊറിയ സന്ദര്ശിക്കാനുള്ള കരാറില് നേരത്തെ അമേരിക്കന് പ്രസിഡന്റ് ജോ ബൈഡനും ദക്ഷിണകൊറിയന് പ്രസിഡന്റ് യൂന് സുക് യോളും വാഷിംഗ്ണില് ഒപ്പുവച്ചിരുന്നു.
ആണവായുധങ്ങള് ഘടിപ്പിച്ച ക്രൂയിസ് മിസൈല് വഹിക്കുന്ന അമേരിക്കന് അന്തര്വാഹിനി കഴിഞ്ഞമാസം ദക്ഷിണ കൊറിയയിലെ ബുസാന് തുറമുഖത്ത് എത്തിയിരുന്നു. ജൂണില് ദക്ഷിണകൊറിയയില് നടന്ന വ്യോമ സൈനീക അഭ്യാസത്തില് അമേരിക്കയുടെ ബി-52 ബോംബറുകളും പങ്കെടുത്തിരുന്നു. ഉത്തര കൊറിയ ചാര സാറ്റലൈറ്റുകള് വിക്ഷേപിച്ച വാര്ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു ദക്ഷിണ കൊറിയന്-അമേരിക്കന് സംയുക്ത വ്യോമ സൈനീക അഭ്യാസം.