വാഷിങ്ടണ്: ടൈറ്റന് ദുരന്തത്തെ തുടര്ന്ന് അന്തര്വാഹിനിയുടെ ഉടമകളായിരുന്ന ഓഷ്യന്ഗേറ്റ് അവരുടെ വെബ്സൈറ്റും സോഷ്യല്മീഡിയ ഹാന്ഡില്സും ഡിലീറ്റ് ചെയ്തു. പര്യവേഷണവും വാണിജ്യ സേവനവും നിര്ത്തിവച്ചതായി ഓഷ്യന്ഗേറ്റിന്റെ വെബ്സൈറ്റിലും പര്യവേഷണ പേജിലും സൂചിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇന്റര്നെറ്റില് നിന്നും ഓഷ്യന്ഗേറ്റിന്റെ സോഷ്യല്മീഡിയ ഹാന്ഡിലുകളും അപ്രത്യക്ഷമായിരിക്കുന്നത്. പര്യവേക്ഷണ ദൗത്യങ്ങള് നിര്ത്തിവെയ്ക്കുന്നതായി ഓഷ്യന്ഗേറ്റ് ജൂലൈ ഏഴിന് പ്രഖ്യാപിച്ചിരുന്നു.
ദുരന്തത്തില് മരണപ്പെട്ട ഓഷ്യന്ഗേറ്റ് സിഇഒ സ്റ്റോക്റ്റണ് റഷിന് ടൈറ്റന് സുരക്ഷിതമല്ലെന്ന് കാണിച്ച് വിദഗ്ധര് ഇമെയിലുകളും സന്ദേശങ്ങളും അയച്ചിരുന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഈ മുന്നറിയിപ്പുകള് അവഗണിച്ചുവെന്ന വിമര്ശനം ശക്തമായതോടെ ഓഷ്യന്കമ്പനി പ്രതിരോധത്തില് ആയിരുന്നു.
ഓഷ്യന് ഗേറ്റ് കമ്പനി നിര്മ്മിച്ച ടൈറ്റന് പേടകം തകര്ന്ന് കമ്പനി സ്ഥാപകനടക്കം 5 പേരാണ് കൊല്ലപ്പെട്ടത്. പേടകത്തില് ഇവര് ഇരുന്ന പ്രഷര് ചേംബറിലുണ്ടായ തകരാര് ടൈറ്റന്റെ ഉള്വലിഞ്ഞുള്ള പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് നിഗമനം. അപകടത്തില് ബ്രിട്ടീഷ് കോടീശ്വരന് ഹാമിഷ് ഹാര്ഡിംഗ്, ഫ്രഞ്ച് മുങ്ങല് വിദഗ്ദന് പോള് ഹെന്റി നര്ജിയോലെറ്റ്, പാകിസ്ഥാന് വ്യവസായി ഷഹ്സാദ ദാവൂദ്, മകന് സുലൈമാന് എന്നിവരാണ് കൊല്ലപ്പെട്ടത്. ദിവസങ്ങള് നീണ്ട തെരച്ചിലിനൊടുവിലാണ് പേടകത്തിന്റെ അവശിഷ്ടങ്ങള് കടലിനടിയില് നിന്ന് വീണ്ടെടുത്തത്.