വാഷിങ്ടൺ: റഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്നർ സേനക്ക് അട്ടിമറി ശ്രമത്തിന് ശേഷം യുക്രെയ്നിൽ ഒന്നും ചെയ്യാനില്ലെന്ന് യുഎസ്. യുക്രെയ്നെതിരെയുളള റഷ്യയുടെ പ്രധാന നീക്കങ്ങളിൽ വാഗ്നർ സേന പങ്കെടുക്കുന്നില്ലെന്ന് പെന്റഗൺ വക്താവ് പറഞ്ഞു. വാഗ്നർ സേന നിലവിലില്ലെന്ന് കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ പറഞ്ഞതിന് പിന്നാലെയാണ് യുഎസിന്റെ പ്രതികരണം.
അട്ടിമറി ശ്രമത്തിന് ശേഷമുളള റഷ്യയുടെ സാഹചര്യത്തിൽ വാഗ്നർ സേനയുടെ മേധാവി പ്രിഗോഷിൻ ജാഗ്രത പാലിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. പ്രിഗോഷിൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ദൈവത്തിന് മാത്രമേ അറിയുകയുളളു. പ്രിഗോഷിൻ എവിടെയാണെന്നും അയാൾക്ക് പുടിനുമായി എന്ത് ബന്ധമാണുളളതെന്ന് അറിയില്ലെന്നും ജോ ബൈഡൻ പറഞ്ഞു. യുക്രെയ്ൻ യുദ്ധത്തിൽ പുടിൻ വിജയിക്കാൻ സാധ്യതയില്ലെന്നും യുഎസ് പറഞ്ഞു.
യുദ്ധം തുടരുന്നതിൽ റഷ്യക്ക് സാമ്പത്തിക, രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് തോന്നുന്നില്ല. യുക്രെയ്ൻ തിരിച്ചടിക്കുന്നതിൽ പുരോഗതി കൈവരിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ജോ ബൈഡൻ പറഞ്ഞു. പുടിൻ ഇതിനകം യുദ്ധത്തിൽ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ സൈന്യത്തിൽ വാഗ്നർ സേനക്ക് സേവനം തുടരാമെന്ന് വ്ളാദിമർ പുടിൻ പറഞ്ഞിരുന്നു. നേരത്തെ ആരായിരുന്നോ വാഗ്നർ സേനയുടെ കമാൻഡർ, ആ വ്യക്തി തന്നെയായിരിക്കും അവരെ നയിക്കുക. വാഗ്നർ സേന നിലവിലില്ല. സ്വകാര്യ സൈനിക സംഘടനകൾക്ക് നിയമപരമായ ചട്ടക്കൂടില്ലെന്നും വ്ളാദിമർ പുടിൻ റഷ്യൻ ദിനപത്രമായ കൊമ്മേഴ്സന്റിനോട് സംസാരിക്കവെ പറഞ്ഞിരുന്നു.