കുനോയിലെ രണ്ട് ചീറ്റകളുടെ മരണകാരണം റേഡിയോ കോളര് മൂലമുള്ള അണുബാധയെന്ന് റിപ്പോര്ട്ട്

കുനോ നാഷണല് പാര്ക്കില് ചത്ത രണ്ട് ആണ് ചീറ്റകള്ക്ക് സെപ്റ്റിസീമിയ (രക്തദൂഷ്യം) ബാധിച്ചിരുന്നതായി റിപ്പോര്ട്ട്

dot image

ഭോപ്പാല്: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മധ്യപ്രദേശിലെ കുനോ നാഷണല് പാര്ക്കില് ചത്ത രണ്ട് ആണ് ചീറ്റകള്ക്ക് സെപ്റ്റിസീമിയ (രക്തദൂഷ്യം) ബാധിച്ചിരുന്നതായി റിപ്പോര്ട്ട്. ചീറ്റകളുടെ കഴുത്തില് ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിന് ചുറ്റുമുള്ള ഈർപ്പമാണ് സെപ്റ്റിസീമിയ ബാധയ്ക്ക് കാരണമെന്ന് വിദഗ്ധര് പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.

കടുത്ത ഈര്പ്പമുള്ള സാഹചര്യമാണ് റേഡിയോ കോളറില് നിന്നുള്ള അലര്ജിക്ക് കാരണമാകുന്നത്. കഴിഞ്ഞ ദിവസം ചത്ത രണ്ടുചീറ്റകള്ക്കും സെപ്റ്റിസീമിയ ബാധിച്ചിരുന്നതായി ചീറ്റകളെക്കുറിച്ച് പഠിക്കുന്ന ദക്ഷിണാഫ്രിക്കക്കാരനായ വിദഗ്ധന് വിന്സെന്റ് വാന് ഡെര് മെര്വെ പറഞ്ഞതായാണ് റിപ്പോര്ട്ട്. മറ്റുമൃഗങ്ങള് അക്രമിച്ചതിനെ തുടര്ന്നുള്ള മുറിവുകളല്ല ചീറ്റകകള്ക്കുണ്ടായിരുന്നത്. സെപ്റ്റീമിയയെ തുടര്ന്നുണ്ടായ ചര്മ്മവീക്കവും പുഴുബാധയുമാണ് ചീറ്റകളെ ബാധിച്ചതെന്നും മെര്വ പറഞ്ഞതായാണ് റിപ്പോര്ട്ട്.

സൗത്ത് ആഫ്രിക്കയില് നിന്നും എത്തിച്ച തേജസ് എന്ന ആണ്ചീറ്റ ചൊവ്വാഴ്ചയും സുരാജ് എന്ന ആണ്ചീറ്റ വെള്ളിയാഴ്ചയും ചത്തിരുന്നു. ഇതോടെ കുനോ നാഷണല് പാര്ക്കില് ചത്ത ചീറ്റകളുടെ എണ്ണം എട്ടായി. ചീറ്റ മെറ്റാപോപ്പുലേഷന് ഇനിഷ്യേറ്റീവിന് വേണ്ടി ദക്ഷിണാഫ്രിക്കയിലെ ചീറ്റ മെറ്റാപോപ്പുലേഷന് പ്രോജക്റ്റ് കൈകാര്യം ചെയ്യുന്നത് വാന് ഡെര് മെര്വയാണ്. ദക്ഷിണാഫ്രിക്കയില് നിന്ന് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് മെര്വ വ്യക്തമാക്കിയതായും പിടിഐയാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ചീറ്റ പ്രൊജക്ടിന്റെ ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസിയാണെന്നും മെര്വ പറഞ്ഞതായാണ് റിപ്പോര്ട്ടുകള്.

തേജസിന്റെയും സുരാജിന്റെയും മരണവുമായി ബന്ധപ്പെട്ട പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിലെ വിശദാംശങ്ങള് വെളിപ്പെടുത്താന് കുനോ നാഷണല് പാര്ക്കിലെ അധികൃതര് തയ്യാറായിട്ടില്ല.

മധ്യപ്രദേശിലെ കുനോ ദേശീയ പാര്ക്കില് ഏറ്റവും ഒടുവില് ചത്തത് ദക്ഷിണാഫ്രിക്കയില് നിന്നും കൊണ്ടുവന്ന സുരാജ് എന്ന ആണ്ചീറ്റയാണ്. മൂന്ന് ദിവസം മുമ്പ് തേജസ് എന്ന ആണ്ചീറ്റ ഇവിടെ ചത്തിരുന്നു. വെളളിയാഴ്ച രാവിലെ ഒരു മോണിറ്ററിംഗ് ടീമാണ് കിഴക്കന് പാല്പ്പൂരിലെ ഫോറസ്റ്റ് റെയ്ഞ്ചിന് സമീപം നിശ്ചലനായി കിടക്കുന്ന സുരാജിനെ കണ്ടെത്തിയതെന്നാണ് അധികൃതര് അറിയിച്ചത്.

സംഘം അടുത്തെത്തിയപ്പോള് ചീറ്റയുടെ കഴുത്തിന് ചുറ്റും ഈച്ചകള് പറക്കുന്നുണ്ടായിരുന്നുവെന്ന് അധികൃതര് അറിയിച്ചിരുന്നു. സംഘം അടുത്തെത്തിയതോടെ സുരാജ് എഴുന്നേറ്റ് ഓടിയതായും പിന്നീട് നടത്തിയ തെരച്ചലില് ചീറ്റയെ മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. ചീറ്റയുടെ കഴുത്തിലും പുറകിലും മുറിവുകള് കണ്ടെത്തിയതായും വിശദമായ റിപ്പോര്ട്ടിനായി കാത്തിരിക്കുകയാണെന്നും അധികൃതര് വ്യക്തമാക്കിയിരുന്നു.

അടുത്തടുത്ത ദിവസങ്ങളില് സുരാജും, തേജസും ചത്തതോടെ കുനോയില് ചത്ത ചീറ്റകളുടെ എണ്ണം എട്ടായി. ഈ വര്ഷം മാര്ച്ചില് ജ്വാല എന്ന പെണ്ചീറ്റ നാലു കുഞ്ഞുങ്ങള്ക്ക് ജന്മം നല്കിയിരുന്നു. ഇതില് മൂന്നെണ്ണവും മെയ് മാസത്തില് നിര്ജ്ജലീകരണം മൂലം ചത്തിരുന്നു. നമീബിയയില് നിന്നെത്തിച്ച സിയായ 2022 സെപ്തംബറിലും സാക്ഷ കിഡ്നി തകരാറിനെ തുടര്ന്ന് മാര്ച്ചിലും ദക്ഷിണാഫ്രിക്കയിയില് നിന്നുള്ള ഉദയ് ഏപ്രിലിലും ചത്തിരുന്നു. ഇണചേരാനുള്ള ശ്രമത്തിനിടയില് മെയ് മാസത്തില് ദക്ഷയെന്ന ചീറ്റ ചത്തത്.

അഞ്ച് ആണ്, മൂന്ന് പെണ് ചീറ്റകള് ഉള്പ്പെടെ നമീബിയയില് നിന്നെത്തിച്ച എട്ടു ചീറ്റകളെ 2022 സെപ്തംബര് 17നാണ് കുനോയിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടത്. 2023 ഫെബ്രുവരി 12ന് ദക്ഷിണാഫ്രിക്കയില് നിന്നും എത്തിച്ച 12 ചീറ്റകളെയും കുനോയില് തുറന്നുവിട്ടിരുന്നു. പീന്നിട് ഉണ്ടായ 4 ചീറ്റ കുഞ്ഞുങ്ങള് അടക്കം 24 ചീറ്റകളാണ് കുനോയില് ഉണ്ടായിരുന്നത്. എട്ട് ചീറ്റകള് ചത്തതോടെ ഇപ്പോള് കുനോയിലെ ചീറ്റകളുടെ എണ്ണം 16 ആയി കുറഞ്ഞിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us