മെറ്റയുടെ ഏറ്റവും പുതിയ സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ ത്രെഡ്സില് നിന്ന് കൊഴിഞ്ഞുപോക്ക്. ഉപഭോക്താക്കളില് 50 ശതമാനം കുറവാണ് ഒരാഴ്ചക്കിടെ ഉണ്ടായിരിക്കുന്നത്. ഈ മാസം അഞ്ചിനാണ് ത്രെഡ്സ് തുടങ്ങിയത്. ആരംഭിച്ചപ്പോള് 5 കോടി ഉപഭോക്താക്കള് ഉണ്ടായിരുന്നുവെങ്കിലും ഏഴ് ദിവസത്തിനിടെ രണ്ടരക്കോടിയായി ഇത് താഴ്ന്നു.
സിമിലര്വെബ് ആണ് കണക്ക് പുറത്തുവിട്ടത്. ആന്ഡ്രോയ്ഡ് ഫോണില് നിന്നുള്ള ഉപഭോക്താക്കളുടെ കണക്കാണിത്. പുതിയതായി ഉപഭോക്താക്കള് വരുന്നില്ലെന്നാണ് വിലയിരുത്തല്.
ഒരു ദിവസം ഒരാള്ക്ക് വായിക്കാന് കഴിയുന്ന ട്വീറ്റുകളുടെ എണ്ണം ട്വിറ്റര് പരിമിതപ്പെടുത്തിയ വേളയിലാണ് ത്രെഡ്സ് രംഗപ്രവേശം ചെയ്തത്. ഇന്സ്റ്റഗ്രാം അക്കൗണ്ട് ഇല്ലാത്തവര്ക്ക് ത്രെഡ്സ് ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ അക്കൗണ്ട് വേണം. ഇന്ത്യയുള്പ്പടെ നൂറ് രാജ്യങ്ങളിലാണ് ത്രെഡ്സ് പുറത്തിറങ്ങിയത്. എന്നാല് ഉപഭോക്താക്കളുടെ എണ്ണം കുറയുന്നതുമായി ബന്ധപ്പെട്ട് മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.