ഓക്ലാന്ഡ്: ന്യൂസിലാൻഡിൽ വനിതാ ലോകകപ്പ് വേദിക്ക് സമീപം വെടിവെയ്പ്പിൽ രണ്ട് മരണം. ഓക്ലാന്ഡിലെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് സമീപമായിരുന്നു വെടിവെയ്പ്പുണ്ടായത്. രാവിലെ നടന്ന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അക്രമിയെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾ താമസിക്കുന്ന ഹോട്ടലിന് സമീപമാണ് വെടിവെയ്പ്പുണ്ടായത്.
ലോകകപ്പ് മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് പ്രതികരിച്ചു. ലോകകപ്പിന് കിക്കോഫ് നടക്കാനിരിക്കുന്നതിനാൽ എല്ലാ കണ്ണുകളും ഓക്ലാന്ഡിലേക്ക് ആയിരിക്കും. ഫിഫ അധികൃതരുമായി സംസാരിച്ചെന്നും മത്സരം നടത്തുന്നതിന് തടസമില്ലെന്നും ന്യൂസിലാൻഡ് പ്രധാനമന്ത്രി വ്യക്തമാക്കി.
സുരക്ഷാ സംവിധാനങ്ങൾക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് ഹിപ്കിൻസിൻ്റെ വാദം. ആക്രമണം നടത്തിയത് ഒരാൾ മാത്രമാണ്. ഇത്തരം സംഭവങ്ങൾ രാജ്യത്ത് അസാധാരണമാണ്. കുപ്രസിദ്ധിക്കുവേണ്ടി ചിലർ അവരുടെ ജീവൻ അപകടത്തിലാക്കുന്നതായും ഹിപ്കിൻസ് കൂട്ടിച്ചേർത്തു. സംഭവം നടന്ന ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മുമ്പ് ആക്രമണം നടത്തിയ കെട്ടിട നിർമ്മാണ ജോലി ചെയ്തിരുന്ന വ്യക്തിയാണ് വെടിവെയ്പ്പിന് പിന്നിലെന്നാണ് പൊലീസ് വാദം. ജോലിയിലെ അഭിപ്രായ വ്യത്യാസങ്ങളാണ് വെടിവെയ്പ്പിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.