നിയാമി: പട്ടാള അട്ടിമറിയുടെ പശ്ചാത്തലത്തിൽ നൈഗറിനുള്ള സുരക്ഷാ സഹകരണവും ബജറ്റ് സഹായവും താത്ക്കാലികമായി നിർത്തിവെച്ച് യൂറോപ്യൻ യൂണിയൻ. മുഹമ്മദ് ബസൂമയെ സ്ഥാനഭ്രഷ്ടനാക്കി നൈഗർ പട്ടാളം ജനറൽ അബ്ദുർറഹ്മാനി ടിക്കിയാനി ഭരണം പിടിച്ചെടുത്തിരുന്നു. ഇതോടെ പുതിയ സർക്കാരിനെ അമേരിക്ക തളളിപ്പറഞ്ഞ് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ ഏറ്റവും വലിയ സഖ്യ കക്ഷികളായ യൂറോപ്യൻ യൂണിയന്റെ നടപടി. പുതിയ പട്ടാള ഭരണകൂടം റഷ്യയുമായി മികച്ച ബന്ധം പുലർത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് യൂറോപ്യൻ യൂണിയനെയും അമേരിക്കയെയും ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിച്ചത്.
പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബസൂമയ്ക്ക് അമേരിക്ക പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് പ്രസിഡൻറ് മുഹമ്മദ് ബസൂമയെ സ്ഥാനഭ്രഷ്ടനാക്കി കൊണ്ട് നൈഗർ പട്ടാളം ജനറൽ അബ്ദുർറഹ്മാനി ടിക്കിയാനി നൈഗറിന്റെ പുതിയ ഭരണാധികാരിയായി പ്രഖ്യാപിച്ചത്. ഇതോടെ നൈഗറും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലും മാറ്റമുണ്ടായി.
അമേരിക്കയാണ് ആദ്യമായി നൈഗറിലെ പുതിയ ഭരണകൂടത്തെ തള്ളിപ്പറഞ്ഞുകൊണ്ട് മുന്നോട്ട് വന്നത്. മുൻ പ്രസിഡന്റ് ബസൂമയ്ക്ക് പിന്തുണയറിയിക്കാനും അദ്ദേഹത്തിന് സുരക്ഷ വാഗ്ദാനം ചെയ്യാനും അമേരിക്ക രംഗത്തെത്തിയിരുന്നു. വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ജിനി പ്രിഗോഷിൻ പട്ടാള അട്ടിമറിക്ക് പിന്തുണ പ്രഖ്യാപിച്ചതും സഹായം വാഗ്ദാനം ചെയ്തതും റഷ്യൻ താല്പര്യങ്ങളുടെ പ്രതിഫലനമാകാൻ സാധ്യതയുണ്ട്. നൈഗറിന്റെ അയൽ രാജ്യങ്ങളായ ബുർക്കിന ഫാസോയും മാലിയും ആ രാജ്യങ്ങളിലെ അട്ടിമറികൾക്ക് ശേഷം റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തിയിരുന്നു.