അറബ് രാഷ്ട്രീയത്തെ മാറ്റിമറിച്ചഇറാഖ് - കുവൈറ്റ് യുദ്ധം; 33 വർഷങ്ങൾ

ഇറാഖ് സൈന്യം കുവൈറ്റിലേക്ക് അതിക്രമിച്ചു കയറിയപ്പോൾ ലോകത്താകമാനം അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടായി

dot image

മലയാളികൾ ഉൾപ്പടെ നിരവധി മനുഷ്യരെ നേരിട്ട് ബാധിച്ച ഇറാഖ്-കുവൈറ്റ് യുദ്ധം ആരംഭിച്ചതിന്റെ 33-ാം വാർഷികമാണ് ഇന്ന്. ഇറാഖ് സൈന്യം കുവൈറ്റിലേക്ക് അതിക്രമിച്ചു കയറിയപ്പോൾ ലോകത്താകമാനം അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടായി. ശീത യുദ്ധത്തിന് ശേഷം ഉടനെയൊന്നും ഇനിയൊരു യുദ്ധസാധ്യതയില്ലെന്ന് ലോകം സമാധാനിച്ചിരിക്കുന്ന കാലം. പക്ഷേ ആ സമാധാനം അൽപ്പായുസ്സായിരുന്നു. ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസ്സൈൻ കുവൈറ്റ് പിടിച്ചെടുക്കാൻ ഉത്തരവിറക്കി. കുവൈറ്റിന്റെ എണ്ണപ്പാടങ്ങളെ ലക്ഷ്യം വച്ചായിരുന്നു അത്തരത്തിലൊരു നീക്കം. ഒപ്പം നിലവിലെ എണ്ണ കച്ചവടത്തിലെ കട ബാധ്യതകൾ എഴുതി തള്ളാമെന്ന ഗൂഡചിന്തയും.

യുദ്ധം ഒഴിവാക്കാൻ പല നയതന്ത്ര ചർച്ചകളും നടന്നു. പക്ഷേ കുവൈറ്റിന് മുകളിൽ ആയുധം ഉപയോഗിക്കില്ലെന്ന വാക്ക് തെറ്റിച്ച് കൊണ്ട് 1990 ഓഗസ്റ്റ് രണ്ടിന് സദ്ദാം ഹുസ്സൈന്റെ പട്ടാളം കുവൈറ്റിനെ ആക്രമിച്ചു. ആദ്യം പിടിച്ചു നിൽക്കാൻ ശ്രമം നടത്തിയെങ്കിലും ഇറാഖ് സൈന്യത്തിന് മുമ്പിൽ കുവൈറ്റിന് കീഴടങ്ങേണ്ടി വന്നു. സൈനികരെക്കാൾ പൗരന്മാരും മരണമടഞ്ഞ യുദ്ധമായിരുന്നു അത്. ഗൾഫ് നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ടായിരുന്ന അമേരിക്കയുടെ നേതൃത്വത്തിൽ ഒരു നിശ്ചിത കാലയളവിൽ ഇറാഖ് സൈന്യം കുവൈറ്റ് വിടണമെന്ന് യുഎൻ അറിയിച്ചു. പക്ഷേ പിന്മാറാൻ ഇറാഖ് തയ്യാറായില്ല. ഒടുവിൽ യുഎൻ സേന ഇറാഖിനെ അക്രമിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്.

മാനവരാശിക്ക് ഏറെ നാശം വിതയ്ക്കുകയും പശ്ചിമേഷ്യന് രാഷ്ട്രീയ സാഹചര്യത്തെ ആകെ അട്ടിമറിക്കുകയും ചെയ്ത യുദ്ധം മലയാളികളെയും ബാധിച്ചു. പ്രവാസികളായി ഗൾഫിൽ ജോലി ചെയ്തിരുന്ന നല്ലൊരു ശതമാനം പേർക്കും തിരികെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. പെട്രോൾ- ഡീസൽ വില കുത്തനെ ഉയർന്നു. പ്രവാസികൾ ഒന്നടങ്കം മടങ്ങി വന്നപ്പോൾ കേരളത്തിന്റെ സാമ്പത്തിക മേഖലയിലും അതിന്റെ പ്രതിഫലനം ഉണ്ടായി. യുദ്ധം എല്ലായിപ്പോഴും കണ്ണീരും ദാരിദ്ര്യവും മാത്രമാണ് അവശേഷിപ്പിക്കുന്നത്. ഗൾഫ് യുദ്ധത്തിന്റെ ഓർമ്മകളും മാനവരാശിക്ക് നല്കുന്ന സന്ദേശം ഇനിയൊരു യുദ്ധം അരുത് എന്ന് തന്നെയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us