ബരാക് ഒബാമയ്ക്ക് ഇന്ന് 62ാം പിറന്നാൾ. 44-ാമത് അമേരിക്കൻ പ്രസിഡന്റും സമാധാനത്തിനുള്ള നൊബേൽ ജേതാവുമായ ഒബാമ അമേരിക്കയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാൻ പ്രധാന പങ്കുവഹിച്ചു. 1963 ഓഗസ്റ്റ് 28 ന് മാർട്ടിൻ ലൂഥർ കിങ് തന്റെ വിശ്വ വിഖ്യാതമായ പ്രസംഗം നടത്തി 45 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു അമേരിക്കൻ ജനതയ്ക്ക് തങ്ങളുടെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ.
കെനിയൻ വംശജനും മുസ്ലീമുമായ ബറാക്ക് ഒബാമ സീനിയർ ആണ് ഒബാമയുടെ പിതാവ്. അമേരിക്കൻ പൗരയും ക്രിസ്ത്യൻ മതവിശ്വാസിയുമായ സ്റ്റാൻലി ആൻ മാതാവും. ഈ പൈതൃകവും പേറി അമേരിക്ക പോലെ വംശ വെറിയുടെ ചരിത്രം നിലനിൽക്കുന്ന രാജ്യത്ത് അയാൾ പ്രസിഡൻറ് ആകുമെന്ന് പറഞ്ഞാൽ രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പ് ആരായിരുന്നെങ്കിലും കാര്യമായി എടുക്കില്ലായിരുന്നു. പക്ഷേ കഠിനാദ്ധ്വാനത്തിന് മുമ്പിൽ ലോകം മുഴുവൻ അയാളുടെ ആഗ്രഹ സാഫല്യത്തിന് വേണ്ടി അണിനിരന്നു.
അമേരിക്കയിൽ സ്വീകാര്യത കിട്ടില്ലെന്ന് ഏവരും പറഞ്ഞ അതേ പൈതൃകം ബഹുഭൂരിപക്ഷം അമേരിക്കകാരുടെയും ജീവിത കഥയായി അവതരിപ്പിക്കുന്നതിൽ ഒബാമ വിജയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഒബാമ നടത്തിയ പ്രസംഗങ്ങൾ ലോകം മുഴുവനുമുള്ള രാഷ്ട്രീയകാർക്ക് പാഠപുസ്തകമായി. റിപ്പബ്ലിക്കനായ ജോൺ മെക്കയിനിനെ പരാജയപ്പെടുത്തിക്കൊണ്ട് 2009 ജനുവരി 20 ന് ഒബാമ ആ പ്രസിഡന്റ് കസേരയിൽ ഇരുപ്പുറപ്പിച്ചു. അമേരിക്കൻ ഭരണഘടന പ്രകാരം തുടർച്ചയായി ഒരു വ്യക്തിക്ക് പ്രസിഡൻറ് പദവിയിലിരിക്കാൻ കഴിയുന്നത് എട്ട് വർഷക്കാലമാണ്. ആ കാലമാത്രയും ആ കസേരയിൽ വേറൊരാളെയും ചിന്തിക്കാൻ അമേരിക്കൻ ജനത തയ്യാറായില്ല.
ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്താണ് ഒബാമ അമേരിക്കൻ പ്രസിഡന്റായത്. അവിടെ നിന്നാണ് അയാൾ അമേരിക്കയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്. ഇന്ത്യയുമായും തന്റെ ഭരണകാലത്ത് അടിയുറച്ച ബന്ധം ഒബാമ കാത്തുസൂക്ഷിച്ചു. 2009 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് ഒബാമ അർഹനായി. പ്രസിഡന്റ് പദവിയിലിരിക്കുമ്പോൾ സമാധാന നൊബേൽ നേടുന്ന മൂന്നാമത്തെ മാത്രം അമേരിക്കകാരനാണ് ബറാക്ക് ഒബാമ. ബിൻലാദൻ ഉൾപ്പടെയുള്ള തീവ്രവാദികൾക്കെതിരെ കർക്കശമായ നിലപാടുകൾ സ്വീകരിച്ചു.
വിദേശ നയങ്ങളുടെ പേരിൽ പലപ്പോഴും വിമർശനത്തിന് വിധേയനായി. 62 ആം വയസ്സിൽ എത്തി നിൽക്കുമ്പോഴും രാഷ്ട്രീയം സംസാരിക്കേണ്ട സാഹചര്യങ്ങളിൽ അത് പറഞ്ഞു തന്നെയാണ് ബറാക്ക് ഹുസ്സൈൻ ഒബാമ മുന്നോട്ട് പോകുന്നത്. അരികുവത്കരിക്കപ്പെട്ട മനുഷ്യർക്കും ഉയരങ്ങൾ കീഴ്പ്പെടുത്താൻ കഴിയുമെന്ന് തെളിയിച്ചുകൊണ്ട് ലോകത്താകമാനം ജനങ്ങളെ പ്രചോദിപ്പിച്ച ഒബാമയ്ക്ക് റിപ്പോർട്ടറിന്റെ ജന്മദിനാശംസകൾ.