ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനം. വരും തലമുറയെ ശാക്തീകരിക്കുക എന്ന പ്രമേയത്തിലാണ് ഇത്തവണ ജനാധിപത്യ ദിനം ലോകത്താകമാനം ആചരിക്കപ്പെടുന്നത്. അവകാശമില്ലാതെ ജീവിച്ച ഒരു ജനതയ്ക്ക് അവകാശങ്ങള് സമ്മാനിച്ചു എന്നതാണ് ജനാധിപത്യം ലോകത്തിന് നല്കിയ ഏറ്റവും വലിയ സംഭാവന. സ്വാതന്ത്ര്യം ആപ്തവാക്യമാക്കി അത് മുന്നോട്ട് നീങ്ങിയപ്പോള് ലോകത്ത് സമാധാനം സ്ഥാപിക്കപ്പെട്ടു. 2007 ല് ഐക്യരാഷ്ട്ര സഭയാണ് ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര് 15 അന്താരാഷ്ട്ര ജനാധിപത്യ ദിനമായി ആചരിക്കാന് തീരുമാനിച്ചത്. ഇതേ തുടര്ന്ന് 2008 ലാണ് ആദ്യമായി ജനാധിപത്യ ദിനം ആചരിച്ചു തുടങ്ങിയത്. വരും തലമുറയെ ശാക്തീകരിക്കുക എന്ന പ്രമേയത്തിലാണ് ഇത്തവണ ജനാധിപത്യ ദിനം ആഘോഷിക്കുന്നത്.
മുന് വര്ഷങ്ങളില് സുസ്ഥിര വികസനം, പൗരന്മാരുടെ ശബ്ദത്തിന് കരുത്തേകല്, ബഹുസ്വരത തുടങ്ങിയ പ്രമയേങ്ങളില് ജനാധിപത്യ ദിനം ആചരിക്കപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില് ഇന്ത്യക്കും ഏറെ പ്രധാനപ്പെട്ട ദിനമാണ് ഇന്ന്. പൗരന്മാര്ക്ക് ജനാധിപത്യ ബോധവത്കരണം നല്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. ജനാധിപത്യ സൂചികയില് രാജ്യത്തെ മുന്നിലേക്ക് നയിക്കാന് സഹായകമാകുന്ന തരത്തില് ഭരണഘടന സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന നിലപാടുകള് സ്വീകരിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് ദിനത്തില് മാത്രമായി ഒതുങ്ങാതെ നിരന്തരമായി സാമൂഹിക വിഷയങ്ങളില് ഇടപ്പെടുന്നതിലൂടെ പൗരന്മാര്ക്കും രാജ്യത്തെ ജനാധിപത്യത്തെ ശക്തിപ്പെടുത്താം.