ഒട്ടാവ: ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്ന് കനേഡിയന് പ്രതിരോധമന്ത്രി ബില് ബ്ലെയര്. ഇന്ത്യയുമായി സഹകരിച്ച് പ്രവര്ത്തിക്കുമെന്നും ബ്ലെയര് വ്യക്തമാക്കി. ഖലിസ്ഥാൻ അനുകൂല നേതാവ് ഹര്ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിലെ സത്യം പുറത്ത് വരണമെന്ന് കനേഡിയന് പ്രതിരോധ മന്ത്രിയും ആവര്ത്തിച്ചു. അന്വേഷണം ശരിയായ ദിശയിലെന്ന് വ്യക്തമാക്കിയ ബില് ബ്ലെയര് നിയമവാഴ്ച ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചു. കനേഡിയന് പൗരന് കൊല്ലപ്പെട്ടത് സ്വന്തം മണ്ണിലാണെന്ന് ചൂണ്ടിക്കാണിച്ച കനേഡിയന് പ്രധാനമന്ത്രി നിയമം നടപ്പാക്കാന് ബാധ്യസ്ഥമെന്നും വ്യക്തമാക്കി. കാനഡയുടെ പരമാധികാരം പ്രധാനമെന്നും ബില് ബ്ലെയര് ചൂണ്ടിക്കാണിച്ചു. ഖലിസ്ഥാന് അനുകൂല നേതാവിന്റെ കൊലപാതകത്തിന്റെ പേരില് ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയിലെ നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് കനേഡിയന് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.
കനേഡിയന് പൗരന്മാര്ക്ക് വിസ നല്കുന്നത് അനിശ്ചിതകാലത്തേക്ക് നിര്ത്തിവെച്ച നടപടി ഉടന് പുനഃരാരംഭിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കനേഡിയന് പൗരന്മാര്ക്കു വിസ നല്കുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിര്ത്തിവെച്ചിരുന്നു. ഇ- വിസ അടക്കം ഒരു തരത്തിലുള്ള വിസയും അനുവദിക്കില്ലെന്നാണ് തീരുമാനം. മൂന്നാമതൊരു രാജ്യം വഴിയും കനേഡിയന് പൗരന്മാര്ക്ക് ഇന്ത്യന് വിസ ലഭിക്കില്ല.
ഖലിസ്ഥാന് നേതാവ് ഹര്ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില് കാനഡ നടത്തുന്ന അന്വേഷണത്തെ പിന്തുണച്ച് അമേരിക്ക രംഗത്ത് വന്നിരുന്നു. അന്വേഷണവുമായി ഇന്ത്യ സഹകരിക്കണമെന്ന ആവശ്യവും അമേരിക്ക മുന്നോട്ടുവച്ചിരുന്നു. വസ്തുതകള് പുറത്തുവരണമെന്നും ഇക്കാര്യത്തില് ഇന്ത്യയുമായി സംസാരിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കന് വ്യക്തമാക്കിയിരുന്നു. ആരോപണം അതീവ ഗൗരവമുള്ളതാണ്. ഇന്ത്യ ഉത്തരവാദിത്തം കാണിക്കണമെന്നായിരുന്നു ആന്റണി ബ്ലിങ്കൻ്റെ ആവശ്യം. വിഷയത്തില് ഇന്ത്യയും നിലപാട് കടുപ്പിച്ചിരുന്നു. തെളിവ് പുറത്തുവിടണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക