ബാഗ്ദാദ്: വിവാഹ ചടങ്ങിനിടെ ഇറാഖിലുണ്ടായ തീ പിടിത്തവുമായി ബന്ധപ്പെട്ട് 14 പേര് അറസ്റ്റില്. ഓഡിറ്റോറിയം ഉടമകള് ഉള്പ്പെടെയാണ് അറസ്റ്റിലായിരിക്കുന്നത്. വിഷയത്തില് സർക്കാർ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തില് കണ്ടെത്തിയ വിവരം 72 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്നും അധികൃതര് വ്യക്തമാക്കിയിട്ടുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചില്ലെന്നും വിവാഹ ചടങ്ങ് നടന്ന ഹാളിന്റെ നിര്മ്മാണം അശാസ്ത്രീയമാണെന്നുമാണ് സര്ക്കാര് വ്യക്തമാക്കുന്നത്. തീപിടിച്ച് നിമിഷങ്ങള്ക്കകം മേല്ക്കൂര തകര്ന്ന് വീണിരുന്നു. വളരെ വേഗം തീപിടിക്കുന്നതും ഗുണമേന്മയില്ലാത്തതുമായ സാധനസാമഗ്രികളാണ് കെട്ടിടത്തിന്റെ നിര്മ്മാണത്തിന് ഉപയോഗിച്ചിരുന്നതെന്ന് അധികൃതര് വ്യക്തമാക്കി. തീപിടുത്തം തടയാനുള്ള എക്സിറ്റിങ്ഗ്യൂഷര് അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഹാളിലുണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.
വടക്കന് ഇറാഖിലെ ഖരാഖോഷില് ചൊവ്വാഴ്ചയാണ് തീപിടിത്തമുണ്ടായത്. 1,300 ആളുകള് പങ്കെടുത്ത വിവാഹചടങ്ങില് പടക്കം പൊട്ടിച്ചതിനെ തുടര്ന്ന് അപകടം സംഭവിക്കുകയായിരുന്നു. പടക്കങ്ങള് പൊട്ടിത്തെറിച്ചതിനെ തുടര്ന്ന് അലങ്കാര വസ്തുക്കളിലേക്ക് തീ പടരുകയും ഹാളിലുണ്ടായിരുന്ന ആളുകളുടെ മേല് സീലിംഗ് തകര്ന്നു വീഴുകയായിരുന്നു എന്നാണ് അധികൃതര് വ്യക്തമാക്കുന്നത്.
തീപിടിത്തത്തെ തുടര്ന്ന് 114 പേര് കൊല്ലപ്പെട്ടു. നിരവിധ പേര്ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപ നഗരങ്ങളായ മൊസൂള്, എര്ബില്, ദുഹോക്ക് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കും മാറ്റിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്ട്ട്. വരന് റിവാന് ഈഷോയും വധു ഹനീനും സുരക്ഷിതരാണെന്നും ആശുപത്രിയില് ചികിത്സയിലാണെന്നും വരന്റെ പിതാവ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമം റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. ദുരന്തത്തെ തുടര്ന്ന് വധൂവരന്മാര് മാനസികമായി തകര്ന്ന നിലയിലാണെന്നും പ്രാദേശിക മാധ്യമങ്ങളെ ഉദ്ദരിച്ച് സിഎന്എന് റിപ്പോര്ട്ട് ചെയ്യുന്നു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക