മോസ്കോ: വിമാനം തകര്ന്ന് കൊല്ലപ്പെട്ട വാഗ്നര് ഗ്രൂപ്പ് തലവന് യെവ്ഗിനി പ്രിഗോഷിന്റെയും സംഘത്തിന്റെയും ശരീരാവശിഷ്ടങ്ങളില് സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി റഷ്യന് പ്രസിഡന്റ് വ്ളാദിമിര് പുടിന്. അപകടത്തിന് ശേഷം നടന്ന അന്വേഷണത്തെക്കുറിച്ച് റഷ്യയുടെ ഭാഗത്തുനിന്നുണ്ടായ ആദ്യ ഔദ്യേഗിക പ്രതികരണമാണ് പുടിന്റെ വെളിപ്പെടുത്തല്.
'അന്വേഷണ സംഘത്തിന്റെ തലവന് കുറച്ച് ദിവസം മുമ്പ് റിപ്പോര്ട്ട് ചെയ്തിരുന്നു. കൈഗ്രെനേഡിന്റെ ഭാഗങ്ങള് അപകടത്തില് കൊല്ലപ്പെട്ടവരുടെ ശരീരത്തില് നിന്ന് കണ്ടെത്തിയിരുന്നു. വിമാനത്തില് പുറമെ നിന്നുള്ള ആഘാതത്തിന്റെ ലക്ഷണങ്ങളൊന്നുമില്ല. വിമാനം തകര്ന്നതുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും റഷ്യന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മുന്കൂട്ടി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണ് എന്ന ആരോപണവും പരിശോധിക്കുന്നുണ്ട്'; പുടിന് പറഞ്ഞു.
ഇതിനിടെ പ്രിഗോഷിന്റെയും സംഘത്തിന്റെയും ശരീരാവശിഷ്ടങ്ങളില് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സാന്നിധ്യം പരിശോധിക്കാതിരുന്ന അന്വേഷണ സംഘത്തിന്റെ നടപടിയെ പുടിന് വിമര്ശിച്ചു. വാഗ്നര് കലാപത്തിന് ശേഷം അവരുടെ ഓഫീസുകളില് നിന്ന് അഞ്ചുകിലോ ഗ്രാമിലേറെ കൊക്കെയ്ന് കണ്ടെത്തിയിരുന്നെന്നും പുടിന് വെളിപ്പെടുത്തി. കലാപത്തിന് ശേഷം എഫ്എസ്ബി പത്ത് ബില്യന് റൂബിള് മാത്രമല്ല അഞ്ച് കിലോയോളം കൊക്കെയ്നും കണ്ടെത്തിയിരുന്നു എന്നായിരുന്നു പുടിന്റെ പ്രതികരണം.
കഴിഞ്ഞ ജൂണ് മാസത്തിലായിരുന്നു പ്രിഗോഷിന്റെ നേതൃത്വത്തിലുള്ള വാഗ്നര് സംഘം റഷ്യന് സൈന്യത്തിനെതിരെ സായുധകലാപം നടത്തിയത്. പുടിനെതിരെ റഷ്യയില് ഉയര്ന്ന ഏറ്റവും ശക്തമായ വിമതനീക്കമായി ഇത് വിലയിരുത്തപ്പെട്ടിരുന്നു.
പ്രിഗോഷിന് സഞ്ചരിച്ചിരുന്ന ജെറ്റ് വിമാനം റഷ്യന് വ്യോമപ്രതിരോധ സേന വെടിവെച്ചിടുകയായിരുന്നുവെന്ന ആരോപണവുമായി വാഗ്നര് ഗ്രൂപ്പ് രംഗത്തുവന്നിരുന്നു. മോസ്കോയുടെ വടക്കുഭാഗത്തുള്ള ട്വര് പ്രദേശത്ത് വെച്ച് പ്രിഗോഷിന് സഞ്ചരിച്ചിരുന്ന വിമാനത്തിന് നേരെ വ്യോമപ്രതിരോധ സേന വെടിവെക്കുകയായിരുന്നുവെന്ന് വാഗ്നര് ഗ്രൂപ്പുമായി ബന്ധപ്പെട്ട ടെലഗ്രാം ചാനല് ഗ്രെ സോണ് റിപ്പോര്ട്ട് ചെയ്തിരുന്നു. പ്രിഗോഷിന്റെ കൊലപാതകം റഷ്യ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് പാശ്ചാത്യ മാധ്യമങ്ങളും ആരോപിച്ചിരുന്നു. എന്നാല് റഷ്യ ഇത് ഔദ്യോഗികമായി നിഷേധിച്ചിരുന്നു. 'വിമാന അപകടത്തെ കുറിച്ചും പ്രിഗോഷിന് ഉള്പെടെയുളള യാത്രക്കാരുടെ മരണത്തെക്കുറിച്ചും നിരവധി അഭ്യൂഹങ്ങള് പരക്കുന്നുണ്ട്. റഷ്യയെ പ്രതിക്കൂട്ടിലാക്കുന്ന അത്തരം വാര്ത്തകള് തികച്ചും അസത്യമാണ്. പരിശോധന ഫലങ്ങള് ലഭിച്ച ശേഷം മരണകാരണം വിശദീകരിക്കും'; എന്നായിരുന്നു ആ ഘട്ടത്തില് ക്രെംലിന് വക്താവിന്റെ പ്രതികരണം.
സെന്റ് പീറ്റേഴ്സ്ബര്ഗിനും മോസ്കോയ്ക്കും ഇടയില് ആഗസ്റ്റ് 23നായിരുന്നു പ്രിഗോഷിനും സംഘവും സഞ്ചരിച്ച വിമാനം തകര്ന്നു വീണത്. പ്രിഗോഷിന് പുറമെ വിമാനത്തിലുണ്ടായിരുന്ന ഒമ്പത് പേരും കൊല്ലപ്പെട്ടു. പ്രിഗോഷിന്റെ വിശ്വസ്തന് ദിമിത്രി ഉട്കിനും വിമാനത്തിലുണ്ടായിരുന്നു.